2017 November 14 Tuesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

മെഡി. കോഴക്കേസ് ജുഡീഷ്യറിയുടെ അന്തസിനെ ബാധിച്ചു: സുപ്രിം കോടതി; വിധി ഇന്ന്

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ച ജഡ്ജിമാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴക്കേസില്‍ ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസിനെതിരായ കോഴ ആരോപണം കോടതിയലക്ഷ്യമാണെന്ന് അഭിപ്രായപ്പെട്ട സുപ്രിംകോടതി, കൈക്കൂലി ആരോപണങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സിന് കോട്ടമുണ്ടാക്കിയെന്നും നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ അരുണ്‍മിശ്ര, ആര്‍.കെ.അഗര്‍വാള്‍, ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിച്ചത്. ലഖ്‌നോയിലെ മെഡിക്കല്‍ കോളജ് അനുമതിക്കായി ജഡ്ജിമാരെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നിലവിലെ ചീഫ്ജസ്റ്റിസ് ദീപക്മിശ്ര കൂടി പരോക്ഷമായി ആരോപണവിധേയനായതിനാല്‍ സംഭവം വിരമിച്ച ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക കാമിനി ജയ്‌സ്വാള്‍ നല്‍കിയ ഹരജിയിലാണ് ഇന്ന് വിധി പറയുക.

ഹരജി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തിലും സുപ്രിംകോടതി ഇന്നു തീരുമാനം അറിയിക്കും. കേസ് ഭരണഘടനാ ബെഞ്ചിനു വിട്ട മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ രണ്ടംഗബെഞ്ചിന്റെ ഉത്തരവ് അസാധാരണ നടപടിയിലൂടെ ചീഫ്ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബെഞ്ച് റദ്ദാക്കിയതാണ് വെള്ളിയാഴ്ച സുപ്രിംകോടതിയില്‍ ശബ്ദായമാനമായ അന്തരീക്ഷത്തിന് കാരണമായത്.

സുപ്രിം കോടതിയെ നാണക്കേടിലേക്കും പ്രതിസന്ധിയിലേക്കും വലിച്ചിഴയ്ക്കുംവിധത്തിലുള്ള നാടകീയരംഗങ്ങള്‍ക്കു കാരണമായ കേസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പരിഗണനയ്‌ക്കെടുത്തത്. ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ ശാന്തിഭൂഷണ്‍, മകനും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹാജരായത്. നേരത്തെ മെഡിക്കല്‍ കോഴക്കേസ് സുപ്രിംകോടതി പരിഗണിച്ചപ്പോള്‍ ആ ബെഞ്ചിലുണ്ടായിരുന്ന ഖാന്‍വില്‍ക്കര്‍ ഈ കേസ് പരിഗണിക്കുന്ന ബെഞ്ചിലും ഉള്‍പ്പെട്ടതില്‍ പ്രതിഷേധം അറിയിച്ച ഹരജിക്കാര്‍, കേസിന്റെ ഗുണദോഷങ്ങളിലേക്കു കൂടുതല്‍ പോയില്ല.

കേസ് ഭരണഘടനാബെഞ്ചിന് വിടണമെന്ന് ശാന്തിഭൂഷണ്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഹരജി അഞ്ചംഗ ബെഞ്ചിന് വിട്ടു ജസ്റ്റിസ് ചെലമേശ്വര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന് അധികാരമില്ലെന്നും ശാന്തിഭൂഷണ്‍ വാദിച്ചു.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.