2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

Editorial

മക്കാ മസ്ജിദ് സ്‌ഫോടനം: പുനരന്വേഷണം അനിവാര്യം


ഭരണഘടനാ സ്ഥാപനങ്ങളായ ജുഡിഷ്യറിയേയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെയും ബി.ജെ.പി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കി വരുതിയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്ന ആരോപണങ്ങളെ അരക്കിട്ടുറപ്പിക്കുന്നതാണ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ ബി.ജെ.പി പ്രവേശനം. രാജ്യത്തെ ജനങ്ങള്‍ നീതിക്ക് വേണ്ടി പ്രത്യാശയോടെ അഭയം തേടുന്ന കോടതികളെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അവരുടെ താല്‍പര്യ സംരംക്ഷണത്തിനായി ഉപയോഗപ്പെടുത്തുമ്പോള്‍ നീതിക്ക് വേണ്ടി കേഴുന്നവരുടെ അവസാനത്തെ അത്താണിയാണ് തകര്‍ക്കപ്പെടുന്നത്.
മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടു കൊണ്ട് ഉത്തരവിട്ട ഉടന്‍ തന്നെ എന്‍.ഐ.എ ജഡ്ജിയായിരുന്ന രവിന്ദര്‍ റെഡ്ഡി തല്‍സ്ഥാനം രാജിവച്ചപ്പോള്‍ തന്നെ കേസ് അട്ടിമറിച്ചെന്ന സംശയം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശനത്തിലൂടെ അന്നത്തെ സംശയം സത്യമായി പുലര്‍ന്നിരിക്കുന്നു. ഭൂമിയിടപാട് കേസില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതില്‍ അനാവശ്യ തിടുക്കം കാണിച്ചതിന് അന്വേഷണം നേരിടുന്ന ഈ ന്യായാധിപന്‍ താന്‍ കളങ്കിതനാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്.

ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദില്‍ 2007 മെയ് 18ന് സ്വാമി അസീമാനന്ദയുടെ നേതൃത്വത്തില്‍ അഭിനവ് ഭാരത് എന്ന ഭീകര സംഘടന സ്‌ഫോടനം നടത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് വന്നവരില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് 2011 ലാണ് എന്‍.ഐ.എ ഏറ്റെടുത്തത്. അതിനു മുമ്പ് സി.ബി.ഐ കേസ് അന്വേഷിച്ചപ്പോഴാണ് ഹിന്ദുത്വ തീവ്രവാദികളാണ് സ്‌ഫോടനത്തിന് പിന്നിലെന്നു കണ്ടെ ത്തിയത്. തുടര്‍ന്നാണ് കേസ് പെട്ടെന്ന് എന്‍.ഐ.എക്ക് കൈമാറിയത്. മുസ്‌ലിം തീവ്രവാദികളാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു ലോക്കല്‍ പൊലിസ് പറഞ്ഞിരുന്നത് . 2011 ല്‍ കേസ് ഏറ്റെടുത്ത എന്‍.ഐ.എ യും കണ്ടെത്തിയത് ആര്‍.എസ്.എസ് പ്രചാരകനായ സ്വാമി അസീമാനന്ദയുടെ നേതൃത്വത്തിലുള്ള ഭീകരസം ഘടനയാണ് സ്‌ഫോടനം നടത്തിയത് എന്നായിരുന്നു. അസീമാനന്ദ, ദേവേന്ദര്‍ ഗുപ്ത, ലോകേശ് ശര്‍മ്മ ,ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദര്‍ ചൗധരി എന്നീ അഞ്ചു പേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇവര്‍ക്കെതിരേ ആരോപിക്കപ്പെടുന്ന കുറ്റങ്ങളൊന്നും തെളിയിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ലെന്നും കേസ് നിലനില്‍ക്കുന്നതല്ലെന്നും പറഞ്ഞാണ് രവിന്ദര്‍ റെഡ്ഡി കുറ്റവാളികളെ വെറുതെ വിട്ടത്. തൊട്ടുപിന്നാലെ അദ്ദേഹം രാജിവക്കുകയും ചെയ്തു. എന്‍.ഐ.എ കോടതിയില്‍ പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അവയൊന്നും ഹാജരാക്കാന്‍ മുഖ്യ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി വന്ന ആര്‍.എസ്.എസുകാരനായ എന്‍. ഹരിനാഥ് തയ്യാറായില്ല. തെലങ്കാനയിലെ അഭിഭാഷകര്‍ക്കിടയില്‍ ‘ബി.ജെ.പി അഭിഭാഷകന്‍’ എന്ന നിലയിലാണ് എന്‍. ഹരിനാഥ് അറിയപ്പെടുന്നത്. പഠിക്കുന്ന കാലത്ത് ഉസ്മാനിയ സര്‍വ്വകലാശാലയില്‍ എ.ബി.വി.പി യുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു.അസീമാനന്ദക്കും സംഘത്തിനും അനുകുലമായ വിധി പറയാന്‍ രവിന്ദര്‍ റെഡ്ഡിയെ സഹായിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആളാണ് എന്‍.ഹരിനാഥ്.

ഹരിനാഥിന് ക്രിമിനല്‍ കേസുകള്‍ വാദിച്ചു പരിചയം ഉണ്ടായിരുന്നില്ല. മക്കാ മസ്ജിദ് സ്‌ഫോടനക്കേസുപോലുള്ള അതീവ ഗുരുതരമായ തീവ്രവാദ കേസുകള്‍ വാദിക്കണമെങ്കില്‍ കൊലപാതക വിചാരണയില്‍ 10 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അറിവും ഉണ്ടാകണം. എന്‍. ഹരിനാഥിന് ഇതൊന്നുമില്ല. സാമ്പത്തിക കേസുകള്‍ വാദിച്ചു മാത്രം പരിചയമുള്ള ഒരു സാദാ വക്കീല്‍ മാത്രമാണ് എന്‍. ഹരിനാഥ് ഇയാള്‍ക്കെതിരേ അന്നു തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ഉജ്വല്‍ നികം, അമരേന്ദ്രഗന്‍ എന്നിവര്‍ രംഗത്തുവന്നെങ്കിലും അതെല്ലാം തമസ്‌ക്കരിക്കപ്പെട്ടു.
അസീമാനന്ദ തന്നെ സ്‌ഫോടനത്തില്‍ ആര്‍.എസ്.എസിനുള്ള പങ്കു വെളിപ്പെടുത്തിയിരുന്നെങ്കിലും അതൊന്നും സ്വമേധയാ ഉള്ള കുറ്റസമ്മതമല്ലെന്നു പറഞ്ഞ് ജഡ്ജി രവിന്ദര്‍ റെഡ്ഡി അവഗണിക്കുകയായിരുന്നു. അജ്മീറിലെ ദര്‍ഗ സ്‌ഫോടനക്കേസിലും സംഝോത എക്‌സ്പ്രസ് കേസിലും അസീമാനന്ദ പ്രതിയാണ് . കേസ് അട്ടിമറിക്കുന്നതിനാണ് ബി.ജെ.പി സര്‍ക്കാര്‍ മനഃപൂര്‍ വ്വം എന്‍. ഹരിനാഥിനെയും രവിന്ദര്‍ റെഡ്ഡിയേയും നിയമിച്ചത്. മക്ക മസ്ജിദ് അടക്കമുള്ള മുസ്‌ലിം കേന്ദ്രങ്ങളിലെ ഭീകരാക്രമണങ്ങളിലെല്ലാം പ്രതികള്‍ ഒരേ ആളുകളോ പരസ്പരം അറിയുന്നവരോ ആണെന്ന് ഇതിനകം ബോധ്യപ്പെട്ടതാണ്. അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ അടക്കമുള്ള രേഖകള്‍ വിചാരണ വേളയില്‍ കാണാതായി.ബി.ജെ.പി അധികാരത്തില്‍ വന്നതോടെ യായിരുന്നു ഈ അട്ടിമറികളെല്ലാം.
സക്കരിയയെപ്പോലുള്ള നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ യാതൊരു തെളിവുമില്ലാതെ അകാരണമായി ജയിലിലടച്ച് പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കൊടുംകുറ്റവാളികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ നിരപരാധികളെന്ന് പാടിപ്പുകഴ്ത്തുന്നു. തങ്ങളുടെ ശിങ്കിടികളായി മാറിക്കൊണ്ടിരിക്കുന്ന ജഡ്ജിമാരെക്കൊണ്ട് വിധിന്യായങ്ങള്‍ എഴുതിപ്പിക്കുന്നു. അവരെ ബി.ജെ.പിയിലേക്ക് പട്ടുവിരിച്ച് സ്വാഗതം ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയിലുള്ള പൗരന്റെ വിശ്വാസത്തെ തകര്‍ക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ കുത്സിതപ്രവര്‍ത്തനങ്ങളാണിതൊക്കെ. ഇതിനെതിരേ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരേണ്ടത്. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ രവിന്ദര്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേര്‍ന്ന സ്ഥിതിക്ക് ഈ കേസ് സംബന്ധിച്ച പുനര്‍വിചാരണ അനിവാര്യമായി വന്നിരിക്കുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.