2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഇറച്ചി തിന്നുകയെന്ന രാഷ്ട്രീയ പ്രവര്‍ത്തനം

റഹീം വാവൂര്‍

ഇന്ത്യ ഹിന്ദു ഫാസിസത്തിന്റെ വിശദമായ പരീക്ഷണത്തിനുള്ള വേദിയാണിന്ന്. കബന്ധങ്ങളെ പൊതു ദര്‍ശനത്തിന് വച്ചാണവര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നത്. തലച്ചോറില്‍ രക്തസ്രാവമുള്ള ഭരണ കക്ഷികള്‍ക്ക് കീഴെ നില്‍ക്കേണ്ടി വരുന്നു എന്നുള്ളതാണ് നമ്മുടെ രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. ഫാസിസ്റ്റ് നിലപാടുകള്‍ക്കിണങ്ങുന്ന സിദ്ധാന്തങ്ങളാണിവിടെ. ജനാധിപത്യത്തില്‍നിന്ന് ഭരണപക്ഷം മാത്രം അകത്തും അതല്ലാത്ത ഭൂരിപക്ഷം പുറത്തുമാകുമ്പോള്‍ വരും കാല ഇന്ത്യ ഒരു ശവകുടീരമാകും. ഒരു ശ്മശാനം പോലെ നാറും. ആരെന്തു പറയണം, എന്ത് എഴുതണം, എങ്ങനെ ജീവിക്കണം എന്നിങ്ങനെ തുടങ്ങി നിങ്ങള്‍ എന്ത് കഴിക്കണം, എന്ത് ചിന്തിക്കണം എന്ന് വരെ കല്‍പ്പിക്കുന്നിടത്ത് ഭരണ കല്‍പ്പനകള്‍ വ്യാപിച്ചു. രാജ്യത്ത് നടക്കുന്ന ഭൂരിപക്ഷ കുരുതികളും ഭരണകൂടത്തിന്റെ ഹിതകരമായ മേല്‍നോട്ടത്തിന് കീഴിലാണ്. കൊലയാളികളെ പിടിക്കപ്പെടാതിരിക്കുന്നതിന്റെയും, വേണ്ടവിധത്തിലുള്ള ശിക്ഷാ നടപടികള്‍ തുടരാതിരിക്കുന്നതിന്റെയും മുഖ്യ കാരണം ഭരണകൂടത്തിന്റെ സജീവമായ ധാരണയിലൂടെയാണ് ഇതൊക്കെയും നടപ്പിലാക്കുന്നത് എന്നാണ്.

രണ്ടായിരത്തി ഒന്നില്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയുടെ ആസൂത്രണങ്ങളുടെ ഭാഗമായാണ് സവര്‍ണഹിന്ദുത്വം മാംസവിരുദ്ധ രാഷ്ട്രീയം പരസ്യ പ്രചാരണമാക്കുന്നത്. പര്‍വീസ് ഫചാണ്ടിയുടെ ‘പ്രോഗ്രാം ഇന്‍ ഗുജറാത്ത്, ഹിന്ദു നാഷണലിസം ആന്റ് ആന്റി മുസ്‌ലിം വയലന്‍സ് ഇന്‍ ഇന്ത്യ’ എന്ന പഠനത്തില്‍ അക്കാലയളവില്‍, ഹിന്ദുത്വര്‍ നടത്തിയ സസ്യാഹാര പ്രചാരണ കാംപയിന്‍, മാംസ ഭോജന വിരുദ്ധ പ്രചാരണം, അവകളുടെ അനന്തരഫലങ്ങള്‍ തുടങ്ങിയവ വിശദീകരിച്ചിട്ടുണ്ട്. ‘അനധികൃത അറവുശാലകള്‍’, ‘മുസ്‌ലിം അറവുശാലകള്‍’ തുടങ്ങിയ പദപ്രയോഗങ്ങള്‍ ഗുജറാത്ത് കലാപ നാളുകളില്‍ ഫാസിസ്റ്റ് മീഡിയകള്‍ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.
ഗുജറാത്തിലെ ഭക്തന്‍മാരായ ഹൈന്ദവസമൂഹം, ഒരിട വര്‍ഗീയ ഹിന്ദുത്വവാദികളെ പരോക്ഷമായി പിന്തുണച്ചതിന്റെ കാരണം ആഹാര ശുചീകരണ ദൗത്യത്തിന് നല്‍കുന്ന പിന്തുണ എന്ന നിലയിലായിരുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അഹമ്മദാബാദിലെ വലിയൊരു ശതമാനം മുസ്‌ലിം ഹോട്ടലുകള്‍ മാംസാഹാരപാചകം നിര്‍ത്തലാക്കുകയും പൂര്‍ണമായും സസ്യാഹാരശാലകളാക്കി സ്വയം മാറ്റുകയും ചെയ്തത്, അവിടെ അന്ന് നിലനിന്നിരുന്ന മാംസവിരുദ്ധരാഷ്ട്രീയത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു.
പുല്ല് തിന്നുന്ന പശുവിന്റെ പേരില്‍ അന്നം തിന്നുന്ന മനുഷ്യരെ വിഭജിക്കുന്ന സംഘ്പരിവാര്‍ നീക്കം അതിന്റെ ഉള്‍രൂപത്തില്‍ ഫണം വിടര്‍ത്തിയ നാളുകളില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി മൗനിയായിരുന്നു. പതിമൂന്ന് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍ സാധിപ്പിച്ചെടുത്തത്, ഇപ്പോള്‍ ദേശീയ തലത്തില്‍ പയറ്റിത്തെളിയാന്‍ സാംസ്‌കാരിക പശുവിനെ വീണ്ടും കളത്തിലിറക്കുകയാണ്. ‘ആശ്ചര്യകരമായ’ ഭീഷണിയായി പ്രധാനമന്ത്രി മൗനം കൊണ്ട് മറകെട്ടിയിരിക്കുകയാണുതാനും.
1980 കളില്‍ ഉത്തരേന്ത്യയില്‍ നടന്ന സവര്‍ണ ഹിന്ദുത്വവാദികളുടെ ഫാസിസ്റ്റ് താണ്ഡവകാലത്തും മാംസത്തിന്റെ ധ്രുവീകരണ സാധ്യത പരമാവധി ഉപയോഗപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒര്‍നിത് ഗാസം ശാന്തിയുടെ ‘കമ്യൂണലിസം കാസ്റ്റ് ആന്റ് ഹിന്ദു നാഷണലിസം, ദ വയലന്‍സ് ഇന്‍ ഗുജറാത്ത് ‘ എന്ന പഠനം കണ്ടെത്തിയതനുസരിച്ച് ‘മാംസഭുക്കുകളായ മുസ്‌ലിംകള്‍’ എന്ന സംജ്ഞകൊണ്ട്, മുസ്‌ലിംകള്‍ക്കെതിരേ ഹൈന്ദവ പൊതുബോധം ഏകീകരിക്കുന്നതില്‍ ഫാസിസ്റ്റുകള്‍ വിജയിച്ചിരുന്നു.
ഹിന്ദുത്വ രാഷ്ട്രീയത്തോട് അകന്ന് കഴിഞ്ഞിരുന്ന ഉത്തരേന്ത്യയിലെ ‘വാല്‍മീകി’ പോലുള്ള ദലിത് സമൂഹങ്ങളും ‘ജാതവ’ പോലുള്ള അധഃസ്ഥിത വിഭാഗക്കാരും അവരുടെ കീഴാളത്വം നീക്കി സവര്‍ണ സാംസ്‌കാരിക വൃത്തത്തിലേക്ക് കടന്ന് കൂടാനുള്ള ആദ്യപടിയായി മാംസം ഉപേക്ഷിക്കുകയായിരുന്നു. ഗോമാംസവര്‍ജനത്തെ ആചാരമായും പൂര്‍ണമാംസ വര്‍ജനത്തെ ആദര്‍ശമായും കൊണ്ടു നടന്നിരുന്ന ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് അത്തരം നീചകുലജാതര്‍ക്ക് നേരെ വാതില്‍ തുറക്കപ്പെടുകയും പിന്നീട് അവരില്‍ പലരും ബി.ജെ.പിയുടെ ജന പ്രതിനിധികള്‍ ആവുകയും ചെയ്യുകയായിരുന്നു.
‘വിശുദ്ധ മൃഗത്തിന്റെ’ പേരില്‍ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടിഷുകാര്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിജയകരമായി പല പ്രാവശ്യം പല രൂപങ്ങളില്‍ തമ്മിലടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചകള്‍ തുടരുകയാണിന്നും. പൊതുവെ യുക്തിരഹിതമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ നിലംതൊടാത്ത കേരളത്തില്‍ പോലും ‘പോത്തിറച്ചി’യില്‍ തടഞ്ഞു കുരുങ്ങുകയാണ് പക്ഷാപക്ഷ രാഷ്ട്രീയവും നവമാധ്യമ ചര്‍ച്ചകളും.
ആശയപരമായ തിരിച്ചടി രൂപപ്പെടേണ്ട കലാലയങ്ങള്‍ പോലും ഇറച്ചി ദോഷത്തിന്റെ ശകുനമേറ്റ് മലിനമായിരിക്കുന്നുവെന്നതാണവസ്ഥ. കേരളീയര്‍ ഇറച്ചി തിന്നുന്നത് നിര്‍ത്തിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു മാസത്തെ ശമ്പളം നല്‍കാമെന്ന വിസര്‍ജ്യം പറഞ്ഞ് ഈയിടെ ഒരു ആര്‍.എസ്.എസുകാരന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പശുക്കളെ കൊല്ലുന്നതാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്ന ബി.ജെ.പി എം.എല്‍.എ ബസന്‍ ഗൗഡ പാട്ടീലിന്റെ കണ്ടെത്തലും അതിനോടൊപ്പം വന്നിരുന്നു.
‘ഗോമാതാവിനെ’ അറുത്തു തിന്നുന്നതിനെതിരേ ജനാധിപത്യപരമായി അങ്ങനെ വിശ്വസിക്കുന്നവര്‍ക്ക് നീങ്ങാം. പ്രചാരണം നടത്താം. പക്ഷേ അതിനെ ദേശീയമാക്കാനും അത്തരം അത്യാചാരങ്ങളെ സാമൂഹിക വിശകലനം നടത്തുന്നവരെ കൊന്നുതള്ളാനും, അംഗീകരിക്കാത്തവരെ ദേശവിരുദ്ധരാക്കാനും വേണ്ടി യുക്തിരഹിതമായ വാദങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ക്ഷേത്ര പൂജക്കും, ദൈവപ്രസാദത്തിനും, ചാത്തന്‍ സേവക്കും വേണ്ടി ബാലികാബാലന്‍മാരെ നരബലിക്ക് വിധേയമാക്കുന്നത് ചര്‍ച്ചയാകാത്തിടങ്ങളില്‍ മൃഗബലി മഹാപാപമാകുന്നതിന്റെ അസാംഗത്യം ഒട്ടും അവ്യക്തമല്ല.
മതപരമായി ചില ഭക്ഷണം, മൃഗം, നിറം, സമയം, സ്ഥലം തുടങ്ങിയവക്കെല്ലാം ചിലപ്പോള്‍ ചില സവിശേഷതകള്‍ എല്ലാമതങ്ങളും കല്‍പ്പിച്ച് നല്‍കുന്നുണ്ടാവും. പക്ഷെ അത് ദേശീയപ്രാധാന്യമര്‍ഹിക്കുന്ന ഒന്നല്ല. ദേശീയമായ ഭക്ഷ്യസംസ്‌കാരം എന്നൊന്നില്ല. സാധ്യവുമല്ല. ഓരോ ഭൂപ്രദേശത്തോടും യോജിക്കുന്ന രൂപത്തില്‍ രൂപപ്പെട്ടുവരുന്ന സാമൂഹികവും ചരിത്രപവുമായ യാഥാര്‍ഥ്യമാണ് ഭക്ഷ്യസംസ്‌കാരം. ഇതില്‍ മതം, ശാസ്ത്രം, ആരോഗ്യം, സാമ്പത്തികം തുടങ്ങിയ ഘടകങ്ങള്‍ക്ക് പങ്കുണ്ടാകാം. ഇല്ലാതിരിക്കാം. ഉദാഹരണത്തിന് തീരപ്രദേശക്കാര്‍ക്ക് ധാരാളം മത്സ്യങ്ങള്‍ ലഭിക്കും. സ്വാഭാവികമായും അവര്‍ക്ക് മത്സ്യമാംസം നിത്യാഹാരമാകും. ആര്‍ട്ടിക് പ്രദേശങ്ങളിലെ എക്‌സിമോകള്‍ മത്സ്യം മാത്രം തിന്ന് ജീവിക്കുന്നവരാണ്.
പുരാതന കാലം മുതല്‍ക്കെ അറബികള്‍ക്ക് മൃഗപാലനവും ഇടയവൃത്തിയും പ്രധാന ജീവിതമാര്‍ഗങ്ങളായിരുന്നു. അവര്‍ക്ക് മൃഗമാംസം പ്രിയപ്പെട്ടതായി. സെമിറ്റിക് മതപ്രവാചകന്‍മാര്‍ അധികപേരും ഇടയന്‍മാരായിരുന്നു. അവരുടെ ദര്‍ശനങ്ങളിലെല്ലാം മാംസാഹാരം അനുവദനീയമാണ്. കടല്‍, കര, കാട് ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച ഇന്ത്യന്‍ ഉപഭൂഖണ്ഡക്കാര്‍ക്കും സമാന പ്രദേശക്കാര്‍ക്കും മാംസം, മത്സ്യം, ധാന്യം എന്നിങ്ങനെ ത്രിമാന ഭക്ഷണങ്ങളും ശീലമായി വന്നു. പാമ്പിനെ തിന്നുന്ന ദക്ഷിണേന്ത്യക്കാരും, ചാപിള്ളകളെ തിന്നുന്ന തായ്വാനികളും പച്ചമനുഷ്യരെ തിന്നുന്ന ആഫ്രിക്കന്‍ വന്യമനുഷ്യരുമെല്ലാം സാഹചര്യാനുസാരിയായ ഭോജന സംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ്. അതില്‍നിന്ന് ചില ഭക്ഷണങ്ങളെ മാത്രം മാനവിക വിരുദ്ധമാക്കുന്നത് തെറ്റും, അതിന് മാനവിക വിരുദ്ധ വഴികള്‍ സ്വീകരിക്കുന്നത് സാംസ്‌കാരിക ഫാസിസത്തിന്റെ ഭാഗവുമാണ്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയിലെ ചില സംഘബുദ്ധിജീവികളുടെ സഹായത്തോടെ മാംസഭോജനത്തിനെതിരേ ഉയരുന്ന ന്യായവാദങ്ങള്‍ ചിരിപ്പിച്ച് കൊല്ലുന്നതാണ്. ചില വാദങ്ങള്‍ പരിശോധിക്കാം. അടിസ്ഥാനപരമായി മനുഷ്യമനസ് നന്മയിലധിഷ്ഠിതമാണ്. അതിന്റെ കാരണം രജസിക് ഊര്‍ജമാണെങ്കില്‍ മാംസാഹാരം മൃഗീയ തൃഷ്ണകള്‍ ഉണര്‍ത്തുന്ന തമസിക് ഊര്‍ജത്തെ വര്‍ധിപ്പിച്ച് മനുഷ്യനെ ക്രൂരനും കാമാര്‍ത്തനുമാക്കുന്നു. ആരോഗ്യശാസ്ത്രപരമായി മാംസാഹാരം പി.എം.എസ് സിന്‍ഡ്രമിന് ഹേതുവായിത്തീരുന്നു; തത്ഫലമായി മനുഷ്യന്‍ അക്ഷമനും മനോദുര്‍ബലനുമായിത്തീരുന്നു തുടങ്ങിയ കാര്യങ്ങളാണ് ഗവണ്‍മെന്റ് പ്രസിദ്ധീകരണങ്ങളില്‍ പോലും ആചാര്യന്‍മാരുടെ ‘ബൈലൈനില്‍’ പ്രത്യക്ഷപ്പെടുന്നത്.
ഭക്ഷണത്തിന്റെ ആരോഗ്യശാസ്ത്രം വൈദ്യനാണ്, അല്ലാതെ വൈദികനല്ല പറയേണ്ടത്. കഴിക്കുന്ന ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തെ ബാധിക്കുമെന്ന് ഇന്നോളം ഒരു പഠനവും തെളിയിച്ചിട്ടില്ല. ഹിംസ്രജീവികളായ സിംഹം, കടുവ, നരി, ചെന്നായ തുടങ്ങിയവയുടെ മാംസങ്ങള്‍ ആരും കഴിക്കാറുമില്ല. ആട്, മാട്, പറവകളുടെ മൃദുല സ്വഭാവമാണ് നിലവില്‍ അങ്ങനെയാണ് കാര്യമെങ്കില്‍ വരേണ്ടത്. ക്രൂരതയുടെ പ്രതീകമായ ഹിറ്റ്‌ലര്‍ ജീവിതത്തില്‍ മാംസം ഭുജിക്കാത്തയാളും, സമാധാനത്തിന്റെ നൊബേല്‍ ജേതാക്കളായ മദര്‍ തെരേസ, യാസര്‍ അറാഫത്ത്, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ മാംസം ഭുജിക്കുന്നവരുമായിരുന്നു. സസ്യാഹാരിയായ മോദി മുന്‍കൈയെടുത്ത് നടത്തിയ വംശഹത്യയും, സസ്യാഹാര പ്രചാരകര്‍ ഉത്തരേന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നരഹത്യകളും ഏതു ഭക്ഷണത്തില്‍നിന്ന് പകര്‍ന്നു കിട്ടിയ വികാരങ്ങളാണെന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.
ഒരു ഭാരതീയദര്‍ശനവും അകാരണമായി ഹിംസയെ അനുവദിക്കുന്നില്ലെന്നത് ശരിയാണ്. പക്ഷേ, അതിന്റെ അടിസ്ഥാനത്തില്‍ രക്തമൊഴുക്കുന്ന പ്രക്രിയകള്‍ എല്ലാം പ്രകൃതിവിരുദ്ധമാണെന്ന് പറയാന്‍ കൊന്നുതള്ളിയതിന്റെ ചോരക്കറ വറ്റാത്ത കൈകളുമേന്തി ഹിന്ദുത്വ സന്യാസിമാര്‍ക്ക് അവകാശമില്ല. രക്തവും വികാരങ്ങളുമുള്ള ജീവികളാണ് മൃഗങ്ങള്‍. അതിനാല്‍ മൃഗബലി നരബലിക്ക് തുല്യമാണെന്ന് പറയുമ്പോള്‍ അതിന്റെ മറ്റൊരു വശം വിട്ടുപോകുന്നുണ്ട്. ഭാരതീയമായ സസ്യഭോജനത്തിന് വേണ്ടി മുറിക്കുകയും അറുക്കുകയും ചെയ്യുന്ന സസ്യങ്ങള്‍ക്കും വള്ളിച്ചെടികള്‍ക്കും ജീവനും സംവേദനവുമുണ്ട് എന്നതാണത്.
ഹിംസയുടെ പരിധിയില്‍നിന്ന് ശാസ്ത്രീയമായി ജീവനുണ്ടെന്ന് സ്ഥാപിക്കപ്പെട്ട വൃക്ഷലതാദികളെ പുറത്താക്കുന്നതിന്റെ മാനദണ്ഡമെന്താണ്. ഒന്നുമില്ല. അറവിനെതിരേ അന്ധമായ മൃഗകാരുണ്യമോതുന്നവര്‍ അറവ് നിരോധിച്ചാല്‍ തുടര്‍ന്നുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് ആലോചിക്കുന്നില്ല. വളര്‍ത്തുമൃഗങ്ങളെ മുഴുവന്‍ സ്വാഭാവിക അന്ത്യം വരെ നിലനിര്‍ത്തുന്നിന്റെ സാങ്കേതിക പ്രയാസങ്ങളും ആലോചനീയമാണ്. ഇതിന് പരിഹാരമായി വളര്‍ത്തു മൃഗങ്ങള്‍ക്കിടയില്‍ ‘ഗര്‍ഭനിരോധന’ സംവിധാനം നടപ്പിലാക്കാമല്ലോ എന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ് പറയുന്ന നിലവാരത്തിലേക്ക് സംഘിരാഷ്ട്രീയജ്വരം തരം താഴ്ന്നു എന്നതാണ് വസ്തുത.
മറ്റുള്ളവര്‍ എന്ത് ചിന്തിക്കണം എന്നതില്‍ നിന്നാരംഭിച്ച് എന്ത് തിന്നണം എന്ന് തീരുമാനിക്കുന്ന അധീശാധികാരം വരെ സ്ഥാപിക്കാനുള്ള ഇന്ത്യന്‍ ഫാസിസത്തിന്റെ കുടിലവേലക്കെതിരെയുള്ള പ്രതിരോധ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഇറച്ചിതിന്നുന്നതിനും ഇടമുണ്ട്. രുചി, രതി എന്നീ രണ്ട് നിര്‍ണായക മൗലികാവകാശങ്ങളും ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു. ന്യൂനപക്ഷ സ്ത്രീകള്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കപ്പെടണമെന്ന കേന്ദ്രമന്ത്രിയുടെ ആക്രോശത്തിന്റെ ഞരമുഴക്കം അവസാനിച്ചിട്ടില്ല. സത്യത്തില്‍ പരിശുദ്ധപശുവും ഗോപൂജയുമൊന്നുമല്ല ഫാസിസത്തിന്റെ വിഷയം, ‘നല്ല മനുഷ്യരെയും ചീത്ത മനുഷ്യരെയും’ വംശീയമായി തരംതിരിച്ച് നാട് തനിക്കാക്കല്‍ മാത്രമാണ്. മൗനമായും അലറലായും ഫാസിസത്തിന്റെ പടയണി എപ്പോഴും കടന്നു വരും.
പ്രാദുര്‍ഭവകേന്ദ്രം ശാന്തവും, അന്തര്‍ധാര സജീവവും മുകള്‍തലം പ്രക്ഷുബ്ധവുമായ വര്‍ത്തമാന ഇന്ത്യന്‍ ഫാസിസവും ഒട്ടും ഭിന്നമല്ല. അതിനാല്‍ തന്നെ ദലിതനും മുസ്‌ലിമും മതത്തിന്റെ പേരില്‍ കൊല്ലപ്പെടുമ്പോള്‍ ഒരു വാക്ക് മിണ്ടാത്ത പ്രധാനമന്ത്രിയുടെ മൗനമാണ് രാജ്യത്തെ സംഘ്പരിവാറിന്റെ ആകെ ആക്രോശത്തേക്കാള്‍ ഭയാനകം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.