2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മെയ്മാസ കാഴ്ചകള്‍

സെലീം തെക്കന്‍

കറുത്ത പാതകള്‍ക്ക് ചൂടു പിടിക്കുന്നതിന്നു മൂമ്പോ വെയിലാറിയ ശേഷമോ ശീതീകരിച്ച വാഹനത്തിലിരുന്നുകൊണ്ടോ പുറം കാഴ്ചകള്‍ കണ്ടുള്ള മെയ്മാസ യാത്രകള്‍ ആസ്വാദ്യകരമാണ്. കാഴ്ചകള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കും. ഇടതൂര്‍ന്ന കൊച്ചു പച്ചിലകളെ ചുവപ്പും മഞ്ഞയും പൂക്കള്‍ കൈയ്യടക്കിയ പൂവാകകള്‍. ഗുല്‍മോഹര്‍ പടര്‍ന്നു പന്തലിച്ച് നിരത്തിന്റെ മറുകരയും കടന്നു അപ്പുറത്തെ തൊടിയുടെ ആകാശം പോലും കയ്യേറിയിരിക്കും. അവ ചെമ്പൂക്കള്‍ കൊണ്ട് മണ്ണും മാനവും അലങ്കരിക്കും. 11 മാസം പച്ചിലകള്‍ മാത്രം. ഒരു മാസം ചെമ്പൂക്കളും. പുണ്യങ്ങളുടെ പൂക്കാലം റംസാന്‍ പോലെ. വന്‍മരങ്ങള്‍ ഒരു വിധം അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്ന തെരുവോരങ്ങളില്‍ അപവാദം തണലേകുന്ന ഈ കാഴ്ചവൃക്ഷങ്ങള്‍ മാത്രം. മീനമാസച്ചൂട് മേടമധ്യത്തോടെ അതിന്റെ ഗ്രാഫ് താഴോട്ട് വളച്ച് തുടങ്ങും. വേനല്‍മഴയില്‍ സസ്യലോകം ഉണര്‍ന്നിരിക്കും .പച്ചപ്പിന് പ്രസരിപ്പ് കൂടിയിരിക്കും.

മെയ് മാസ യാത്രയിലെ ഏറ്റവും വശ്യമായ കാഴ്ചകള്‍ നിറഞ്ഞ് നില്‍ക്കുന്ന മാവുകളാണ്. വെള്ളമൂറുന്ന ദൃശ്യങ്ങള്‍ കൊണ്ട് തെരുവോരപ്പറമ്പുകള്‍ യാത്രികരെ സല്‍ക്കരിക്കും . കാഴ്ച്ചകളില്‍ അഭിരമിക്കാന്‍ മണ്‍കൂടിനെ വിട്ട് പുറത്ത് ചാടാന്‍ വെമ്പുന്ന മനസ്സ്. ‘ആയിട്ടില്ല, മനസ്സേ. ഈ വെമ്പല്‍ മാത്രമാണ് നിനക്കവകാശപ്പെട്ടത്. ഈ മണ്‍കൂടിന്റെ തുടിപ്പുകള്‍ക്ക് സുല്ലിട്ട് നീ പുറത്ത് ചാടുന്നതോടെ കാഴ്ച്ചയുടെ മായിക ലോകം നിനക്കന്യമാകും. അതിനാല്‍ നീ ഈ കാരാഗൃഹത്തില്‍ തുടികൊള്ളുക .നിന്നെ കൊണ്ട് സദാ മിടിക്കുന്ന ഒരു യന്ത്രത്തിന് ഊര്‍ജ്ജമായി.’ തെരുവോരക്കഴ്ചകളെ വാരിവലിച്ചുണ്ട് മെയ്മാസച്ചൂടിന്റെ സന്ധ്യയില്‍ യാത്രയുടെ അര്‍ദ്ധവിരാമങ്ങളില്‍ താവളമണയുമ്പോള്‍ ഇര വിഴുങ്ങിയ വെമ്പല്‍ ഉള്ളിലടങ്ങും.

വഴിയോരങ്ങളില്‍ നിരത്തിലേക്ക് എത്തി നോക്കുന്ന മാതള നാരകത്തലപ്പുകള്‍ കാണും. കായ്ഫലം നിറഞ്ഞ സപ്പോട്ട മരങ്ങള്‍, ഇറക്കുമതിച്ചെടികളുടെ പുതിയ പതിപ്പുകള്‍, മുറ്റത്തെ പൂന്തോപ്പുകള്‍ — ഹോറിസോണ്ടലും വെര്‍ട്ടിക്കലുമായവ. പുതിയ തരം തെങ്ങിന്‍ തൈകള്‍. ഒറ്റപ്പെട്ട വന്‍ കേരവൃക്ഷങ്ങളും പ്രതാപത്തോടെ നില്‍പ്പുണ്ടാവും. പക്ഷേ മാവൊന്നു വേറെത്തന്നെയാ. വശ്യമായ നിറഭേദങ്ങളോടെയുള്ള മാമ്പഴങ്ങള്‍, വ്യത്യസ്ഥ സൈസിലും ഷേപ്പിലും ക്യൂപ്പിഡിന്റെ അസ്ത്രം കാത്ത് കിടക്കുന്നു.

പണ്ടൊക്കെയാണേ മാമ്പഴം കാണാന്‍ മാനം നോക്കണം . ആകാശം മുട്ടുന്ന മാവുകളിലെ ചാഞ്ഞ കീഴ്‌കൊമ്പുകളില്‍ ഇളം മാങ്ങകള്‍ തറിയേറുകള്‍ക്ക് കീഴ്‌പെട്ട് കഴിഞ്ഞിരിക്കും . ഇളം പ്രായത്തിന്റെ സ്വാധിഷ്ഠ വിശപ്പുകള്‍ക്ക് ഇരയാകാനുള്ള ഭാഗ്യം ഇളം പ്രായത്തിലേ ലഭിച്ചവ കീഴ്‌കൊമ്പുകളില്‍ നിന്ന് മേയ് മാസത്തിന് മുന്നേ മറഞ്ഞിരിക്കും.കണ്ണിമാങ്ങാ പ്രായത്തില്‍ തന്നെ , പുളി പാഞ്ഞവ, അണ്ടി കൂടു കൂട്ടിയവ, ചുനഗന്ധം പരത്തുന്നവ . എല്ലാം.
ഏറു കാരന്റെ റെയ്ഞ്ചിനപ്പുറത്ത് അത്യുന്നതങ്ങളില്‍ പറവകള്‍ക്കാഹാരമായി വിരാജിച്ച മാമ്പഴങ്ങള്‍ യാത്രക്കാരന്റെ ദൃശ്യ സൗകര്യത്തിനപ്പുറത്തായിരുന്നു. പാതി കൊത്തിയിട്ടും വീഴാന്‍ മടിച്ചവയും ഒന്നു കൊത്തിയെങ്കില്‍ വീഴാനിരിക്കുന്നവയും അക്കൂട്ടത്തില്‍ കാണുമായിരുന്നു. താഴെ കുസൃതി കൗമാരങ്ങളും മേലെ പറവക്കൂട്ടങ്ങളുമായി ഒരു വേനല്‍ക്കാല ആവാസ വ്യവസ്ഥ. അത് പോയകാലം. ന്യൂജന്‍ കൗമാരങ്ങളെ അത് ഓര്‍മകള്‍ കൊണ്ട് പോലും സല്‍ക്കിരിക്കുന്നില്ല. അലോസരപ്പെടുത്തുന്നുമില്ല.

ഇപ്പോള്‍ മാനം മുട്ടേ വളര്‍ന്ന ഭീമന്‍ മാവുകളില്ല. ഏറെത്താ ദൂരത്തെ മാങ്കൊമ്പുകളും. ഉണ്ടെങ്കില്‍ തന്നെ അത് പക്ഷികള്‍ക്കുള്ളതാണ് . മാഞ്ചുവട്ടില്‍ ഉന്നം പിഴക്കാത്ത ഏറുവിദഗ്ധരില്ല. നിബിഡമായ എടുപ്പുകള്‍ക്കിടയില്‍ ഡാര്‍വീനിയന്‍ സിദ്ധാന്തങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെടുകയാണ്. അര്‍ഹരുടെ അതിജീവനവും പ്രകൃതി നിര്‍ദ്ധാരണവും. മാവുകള്‍ മനുഷ്യനുവേണ്ടി അഡ്ജസ്റ്റ് ചെയ്യാന്‍ പഠിച്ചിരിക്കുന്നു. ഇന്നവ ഉയര്‍ന്ന് പൊങ്ങി ആകാശം മുട്ടാന്‍ മെനക്കെടാറില്ല. പുതിയ ജനുസ്സുകളില്‍ പെട്ട കുള്ളന്‍ മാവുകളാണ് നാട്ടിലേറെയും. രണ്ടോ മൂന്നോ നില മാത്രം പൊക്കം വെക്കുന്നവ. അവ രണ്ട് മൂന്ന് വര്‍ഷം കൊണ്ട് കുട്ടിത്തം വിട്ടെറിഞ്ഞ് പുഷ്പിണികളാകും. ഇരുനില ഭവനങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ വീട്ടിനൊരലങ്കാരമായി മുറ്റത്ത് മാമ്പഴം തൂക്കിപ്പിടിച്ച് അവയങ്ങിനെ നില്‍ക്കും. കണ്ടോളൂ മാലോകരെ, ഞാന്‍ ഈ വീട്ടിന്റെ ഐശ്വര്യം എന്ന മട്ടില്‍. നിരത്തിലോടുന്ന കാറുകളില്‍ നിന്ന് കഴുത്തുളുക്കതെ അവ കണ്ടാസ്വദിക്കാം. എറിഞ്ഞ് വീഴ്ത്താന്‍ കുട്ടികളെത്താറില്ല. അവരും അതിജീവനത്തിന്റെ പുതിയ പാതകളിലാണ്. ഒഴുക്കിന്റെ ഈ ഘട്ടത്തില്‍ എത്തിപ്പട്ട തുരുത്തില്‍ ആരെല്ലാമോ തീര്‍ത്ത വലക്കണ്ണികളില്‍ ആണവര്‍. എറിഞ്ഞു വീഴ്ത്താന്‍ അവര്‍ക്ക് കയ്യിലൊരു സ്‌ക്രീന്‍ വേണം. വെര്‍ച്ച്വല്‍ ത്രോ മാത്രം. അല്ലെങ്കില്‍ മൈതാനത്തൊരു സ്റ്റമ്പ്. അവിടെ മാങ്ങയേറ് ഫൗളാണ്. മാമ്പഴം തേടി പറമ്പിലലയേണ്ടതുമില്ല. ഫ്രിഡ്ജില്‍ കാണും. അല്ലെങ്കില്‍ പഴക്കടക്കാരന്റെ കൊട്ടയില്‍.

ഒരു ജന്മത്തിനൊരൊറ്റ ദൗത്യം . ഓരോ വര്‍ഷവും പുനര്‍ജന്മം . അതാണ് മാമ്പഴ ധര്‍മ്മം. എല്ലാ ജന്മങ്ങളും അങ്ങനെയല്ലേ. ഒരുള്‍വിളി. ഒരു സാക്ഷാത്ക്കാരം. ഒരു ആടുജീവിതം. മല കണക്കേ മോഹങ്ങള്‍. ഗുല്‍മോഹര്‍ പോലെ പൂക്കണം – അതും ഋതുഭേദങ്ങളില്ലാതെ. മുവ്വാണ്ടനെ പോലെ കായ്ക്കണം. ആള്‍ വെതര്‍ ജനുസ്സായി തിമിര്‍ത്താടണം. പിന്നെ മെയ് മാസത്തിലെ വേനല്‍ മഴയോടൊപ്പമെന്നപോലെ, ഒരു കൊടുങ്കാറ്റ്, ഒരു മിന്നല്‍ പിണര്‍, ഒരു ധൃതവാട്ടം. അത് മതി. അതിനിടെ എന്തിനി കോപ്രായത്തരങ്ങള്‍ , കുശുമ്പ്, കൊലവിളി.

മാവിനാണെങ്കില്‍ എന്തെല്ലാമോ ദൗത്യങ്ങള്‍. പൂക്കണം, കായ്ക്കണം, ഊട്ടണം, തണലാകണം. പുതിയ എടുപ്പുകള്‍ക്ക് നിലമൊരുക്കാന്‍ പാതി വഴിയില്‍ വെട്ടിവീഴ്ത്തപ്പെട്ടേക്കാം. ആരാലും പരിഗണിഗണിക്കപ്പെടാതെ മുത്ത് നര വന്നങ്ങനെ ആരുടെയൊക്കെയോ മൂലയില്‍ കഴിഞ്ഞേക്കാം. ഒരു ബാധ്യതയായിങ്ങനെ കുനിഞ്ഞ് കൂടാതിരുന്നാല്‍ മതി. മാവായാലും മനുജനായാലും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.