2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മട്ടാഞ്ചേരിയിലെ മനുഷ്യര്‍

നൂറ്റാണ്ടുകളുടെ പെരുമ പേറുന്ന പൈതൃകദേശങ്ങള്‍, പുറംകാഴ്ചകളില്‍നിന്ന് മറച്ചുനിര്‍ത്തപ്പെട്ട ചേരികള്‍, ആര്‍ക്കും വേണ്ടാത്ര മനുഷ്യര്‍, ജീവികള്‍.. ഇതൊക്കെയാണ് കൊണ്ടോട്ടി സ്വദേശി ബിജു ഇബ്രാഹീമിന്റെ ഫോട്ടോഗ്രഫി ലോകം. അഭ്രപാളികളിലും മാധ്യമക്കാഴ്ചകളിലും അപരവല്‍ക്കരിക്കപ്പെട്ട മട്ടാഞ്ചേരിയുടെ യഥാര്‍ഥ കാഴ്ചകള്‍ പുറംലോകത്തിന് അനുഭവവേദ്യമാക്കുന്ന തിരക്കിലാണിപ്പോള്‍ ബിജു. Transcendence/kochi എന്ന പേരില്‍ ബിജുവിന്റെ 'മട്ടാഞ്ചേരി ചിത്രപ്രദര്‍ശനം' നടക്കുന്നുണ്ട് മൂന്നു മാസമായി ഫോര്‍ട്ട് കൊച്ചിയില്‍

ഫാറൂക്ക് ബാവ മൂന്നിയൂര്‍

കുട്ടിക്കാലത്ത് തറവാട്ടുവീട്ടില്‍ ഉപയോഗശൂന്യമായി കിടന്ന ഒരു കാമറ കൈയിലെടുത്ത് വെറുതെ ഞെക്കിനടന്നിരുന്ന ഒരു ബാലന്‍, അന്വേഷിയായ തന്റെ മാമന്റെ അനുഗ്രഹത്താല്‍ ഇന്ന് ഇന്ത്യയില്‍ പലയിടത്തും സഞ്ചരിച്ച് അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറായി മാറിയിരിക്കുന്നു. കാണുന്ന കാഴ്ചകളിലും കാണാത്ത ഇരുട്ടിലും ദൈവം പ്രതിബിംബിച്ചു നില്‍ക്കുമെന്നാണ് കുട്ടിക്കാലം തൊട്ടേ മാമന്‍ കൂടെനടത്തി പഠിപ്പിച്ചത്. പില്‍കാലത്ത് ആ സത്യം യാത്രകളിലൂടെയും യാത്രകളില്‍ ഒപ്പിയെടുക്കുന്ന കാഴ്ചകളിലൂടെയും അതേ ബാലന്‍ കണ്ടെത്തുന്നു. ഇപ്പോള്‍ അയാള്‍ നിതാന്ത സത്യത്തിലേക്ക്, അനന്തമായ ലോകത്തേക്ക്, ദൈവസാന്നിധ്യത്തിന്റെ പലതരം ദൃഷ്ടാന്തങ്ങളിലേക്ക് തന്റെ ഇരുകണ്ണുകളും കാമറയും തുറന്നുവച്ച് അനന്തം യാത്ര തുടരുന്നു. നൂറ്റാണ്ടുകളുടെ പെരുമ പേറുന്ന പൈതൃകദേശങ്ങള്‍, പുറംകാഴ്ചകളില്‍നിന്ന് മറച്ചുനിര്‍ത്തപ്പെട്ട ചേരികള്‍, ആര്‍ക്കും വേണ്ടാത്ര മനുഷ്യര്‍, ജീവികള്‍. ഇതൊക്കെയാണിപ്പോള്‍ കൊണ്ടോട്ടി സ്വദേശി ബിജു ഇബ്രാഹീമിനു ജീവിതം. അവരില്‍ ദൈവത്തിന്റെ, സത്യത്തിന്റെ കണികകളെ കണ്ടെടുക്കുന്നു ബിജു; കാഴ്ചക്കാര്‍ക്ക് പലപ്പോഴും ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളും അനിര്‍വചനീയ അനുഭൂതികളും കൗതുകമുണര്‍ത്തുന്ന കാഴ്ചകളും പകരുകയും ചെയ്യുന്നു.

                            . . . . . . .

 

അക്ഷരങ്ങള്‍ അച്ചടിച്ചുകൂട്ടിയ പുസ്തകത്താളുകളില്‍നിന്നും, അഭ്രപാളികളിലെ വില്ലന്‍ പരിവേഷത്തില്‍നിന്നും നാം പഠിച്ച മട്ടാഞ്ചേരിയല്ല, അനുഭവങ്ങളുടെ മട്ടാഞ്ചേരി… മമ്മൂട്ടിയുടെ വിഖ്യാതമായ ഡയലോഗിന് ഇങ്ങനെയൊരു പാഠാന്തരമുണ്ട് ബിജു ഇബ്രാഹീമിന്. കാരണം അത്രക്കുണ്ട് ബിജുവിന്റെ മട്ടാഞ്ചേരിയനുഭവങ്ങള്‍. മാധ്യമങ്ങളിലും അഭ്രപാളികളിലും വായിച്ചും കണ്ടും കേട്ടും പരിചയിച്ച മട്ടാഞ്ചേരിയില്‍നിന്ന് എത്രയോ കാതങ്ങള്‍ അകലെയാണ് യാഥാര്‍ഥ്യത്തിലെ മട്ടാഞ്ചേരി സ്ഥിതി ചെയ്യുന്നതെന്നു തന്നെ പറയാം. ബോധപൂര്‍വമോ, അബോധത്തിലോ അരുതായ്മകളുടെ അധോലോകമായി ചിത്രീകരിക്കപ്പെട്ട ഒരു നാടിന്റെ സത്യത്തിലേക്കുള്ള തുറന്നുവച്ച പാതയാണ് ബിജു ഇബ്രാഹീമിന്റെ ഓരോ മട്ടാഞ്ചേരിച്ചിത്രവും. കഴിഞ്ഞ ഏപ്രില്‍ എട്ടിനു തുടങ്ങി ഏകദേശം മൂന്നു മാസത്തോളം നീണ്ടുനില്‍ക്കുന്ന Transcendence/kochi എന്ന പേരിലുള്ള മട്ടാഞ്ചേരി ചിത്രപ്രദര്‍ശനത്തിന് അതുകൊണ്ടുതന്നെ പ്രസക്തിയും കാഴ്ചക്കാരുമേറുന്നു.
Transcendence/kochi ചിത്രപ്രദര്‍ശനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം പ്രദര്‍ശനം നടക്കുന്നത് ഫോര്‍ട്ട് കൊച്ചിയിലെ ഒരു മുസ്‌ലിം പള്ളിയിലാണെന്നുള്ളതാണ്. ഫോട്ടോ എടുക്കുന്നതിന്റെയും ചിത്രം വരക്കുന്നതിന്റെയുമൊക്കെ പലവിധ മതമാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സമുദായത്തിനിടയില്‍നിന്നാണ് ഇങ്ങനെയൊരു space ബിജു തിരഞ്ഞെടുക്കുന്നത്.
എല്ലാം പള്ളികേന്ദ്രീകൃതമായി നടന്നിരുന്ന പ്രവാചകകാലത്തെ ഓര്‍മിപ്പിക്കുന്നു ഈ അനുഭവം. മാത്രവുമല്ല ഈ മട്ടാഞ്ചേരിയുടെ ഉള്ളുതേടിയുള്ള യാത്രയില്‍ ഓരോ നിമിഷവും ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യം താനനുഭവിക്കുന്നതായി ബിജു തന്നെ സാക്ഷ്യപ്പെടുത്തുന്നു.
മട്ടാഞ്ചേരിയിലേക്ക്
‘ഇയാള്‍ കുറച്ചു കാലമായി ഇവിടെ അലഞ്ഞുനടക്കുന്നു. നിങ്ങള്‍ ഇവനെ കൂടെക്കൂട്ടിയാല്‍ ഉപേക്ഷിക്കുന്നതിനു മുന്‍പ് അവന്‍ നിങ്ങളില്‍ എന്തെങ്കിലും അത്ഭുതം കാണിച്ചിരിക്കും. എന്റെ ഈ കുട്ടിക്കും കാമറ വാങ്ങാന്‍ കാശ് വേണ്ടേ.’ 2016 ഡിസംബറില്‍ ഗായകന്‍ ഷഹബാസ് അമന്‍ എന്നെക്കുറിച്ച് ഫെയ്‌സ്ബുക്കിലിട്ട ഒരു കുറിപ്പാണിത്. കൊച്ചി മുസിരിസ് ബിനാലെ ക്യൂറേറ്ററും ചിത്രകാരനുമായ റിയാസ് കോമു ഇതു കാണാനിടയായി. കോമു ഉടനെ തന്നെ എന്നെ വിളിച്ചു. എടുത്ത ഫോട്ടോകളുമായി അദ്ദേഹത്തെ കാണാനാവശ്യപ്പെട്ടു. കൊണ്ടോട്ടി, പൊന്നാനി കേന്ദ്രീകരിച്ച് എന്റെ ഒരു വര്‍ക്കുണ്ടായിരുന്നു. അതോടൊപ്പം പോണ്ടിച്ചേരിയിലെ ഒരു പ്രളയബാധിത പ്രദേശം സന്ദര്‍ശിച്ച് ഫോട്ടോഗ്രാഫ് ചെയ്തു വച്ചിരുന്നു. വര്‍ഷത്തില്‍ പലതവണ പ്രളയം മുക്കിക്കളയുന്ന, സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒരിക്കല്‍ പോലും തിരിഞ്ഞുനോക്കാത്ത ഒരു ദലിത് മേഖലയായിരുന്നു അത്. ഈ ചിത്രങ്ങള്‍ റിയാസ് കോമുവിനെ വല്ലാതെ ആകര്‍ഷിച്ചു. ഒരു ദിവസം അദ്ദേഹം ഫോണില്‍ വിളിച്ചു. മട്ടാഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ട് കമ്മ്യൂണിറ്റിയായ ‘ഉരു’വിന്റെ ആഭിമുഖ്യത്തിലുള്ള റെസിഡന്‍സിയിലേക്കു തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞു. സത്യം പറഞ്ഞാല്‍ ഈ റെസിഡന്‍സി എന്താണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. പിന്നീട് കൂട്ടായ്മയോടൊപ്പം ചേര്‍ന്നതിനുശേഷമാണ് അതൊക്കെ മനസിലാകുന്നത്. അവിടെ ചെന്ന ശേഷം ഞാന്‍ എന്താണു ചെയ്യേണ്ടതെന്ന് റിയാസ് കോമുവിനോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ”നീ ഈ മട്ടാഞ്ചേരിയിലൂടെ ഒന്ന് ഇറങ്ങിനടന്നാല്‍ മതി. ബാക്കിയെല്ലാം താനെ ശരിയായിക്കൊള്ളും.”
കോമു പറഞ്ഞതുപോലെ തന്നെ ഞാന്‍ മട്ടാഞ്ചേരിയുടെ ഊടുവഴികളിലൂടെ ഇറങ്ങിനടന്നു. ഓരോ കാല്‍വയ്പ്പിലും മാസ്മരികതയുടെ അപാരസാഗരത്തിലേക്കു വഴുതിവീഴുന്നതു പോലെയാണ് അനുഭവപ്പെട്ടത്. ഓരോ തിരിവിലും ആയിരത്തൊന്നു രാത്രികളെക്കാള്‍ നീണ്ട കഥകള്‍ ഞാന്‍ വായിച്ചു. സിംഫണിയെക്കാള്‍ സുന്ദരമായ സംഗീതം, അറഫയെക്കാള്‍ വലിയ ആള്‍ക്കൂട്ടം, ലബ്ബൈക്കിനെക്കാള്‍ വലിയ ആരവങ്ങള്‍. മട്ടാഞ്ചേരി അത്ഭുതങ്ങള്‍ മാത്രമുള്ള ഒരു ദ്വീപാണ്. അവിടെ മുത്തുകള്‍ ഒളിഞ്ഞിരിക്കുന്ന ചിപ്പികള്‍ തേടി ഞാന്‍ അലയുന്നു.
2017 ഡിസംബറില്‍ ഗോവയിലെ പനാജിയില്‍ സംഘടിപ്പിക്കപ്പെട്ട ലെൃലിറശുശ്യേ ആര്‍ട് ഫെസ്റ്റിവലിലാണ് എന്റെ ചിത്രപ്രദര്‍ശനത്തിനു തുടക്കം കുറിക്കുന്നത്. ദക്ഷിണേഷ്യയിലെ ഏഴു രാജ്യങ്ങളില്‍നിന്നുള്ള 22 കലാകാരന്മാരുടെ പ്രദര്‍ശനമായിരുന്നു സെറന്‍ഡിപിറ്റി. ഇപ്പോള്‍ മട്ടാഞ്ചേരിയില്‍ നടക്കുന്നത് എന്റെ രണ്ടാമത്തെ പ്രദര്‍ശനമാണ്. സെറന്‍ഡിപിറ്റിയിലേക്കും അവിടുന്ന് ഇതുവരെയും എല്ലാ അര്‍ഥത്തിലും എന്നെ വഴിനടത്തിയത് ഉരു ക്യുറേറ്റര്‍ കൂടിയായ റിയാസ് കോമു തന്നെയാണ്.

 

ചിത്രങ്ങളിലൂടെ

ലോകത്ത് ഇത്രയധികം ബഹുസ്വരമായ സഹവര്‍ത്തിത്വമുള്ള മറ്റൊരു നാടില്ല എന്നു തന്നെ പറയാം. പല കാലങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മട്ടാഞ്ചേരിയിലേക്കു കുടിയേറിപ്പാര്‍ത്ത മുപ്പത്തിയേഴോളം വിഭാഗങ്ങള്‍ ഇവിടെ ഒരുമിച്ചു വസിക്കുന്നുണ്ട്. ഗൗഡ് സരസ്വത് ബ്രാഹ്മിണ്‍സ്, വെല്ലാള പിള്ളാസ്, നൈനാസ്, കുടുംബി, കൊങ്കണി വൈശ്യാസ്, സൊനാര്‍സ്, കശ്മിരിസ്, ആംഗ്ലോ ഇന്ത്യന്‍സ്, വിദേശ ജൂതന്മാര്‍. സഊദി അറേബ്യ, ഇറാഖ്, ആന്ധ്ര, തെലങ്കാന, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങി ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പല ജാതിക്കാര്‍, പല ഭാഷക്കാര്‍, പല വേഷക്കാര്‍ മട്ടാഞ്ചേരിയില്‍ വന്ന് ഒരേ കിണറില്‍നിന്നു വെള്ളം കോരിയും അടുത്തടുത്തു വീടുകള്‍ വച്ച് ഒരേ മുറ്റം പങ്കിട്ടും ഒന്നായി ജീവിക്കുന്നു.

പണ്ടു മുതലേ ഇവിടെ വീടുവച്ചു താമസിച്ചുപോന്നവര്‍ ആരെന്നോ കാലാന്തരങ്ങളില്‍ ഇവിടെ കുടിയേറിപ്പാര്‍ത്തവര്‍ ആരെന്നോ തിരിച്ചറിയാന്‍ പറ്റാത്തവിധം അവര്‍ പരസ്പരം ലയിച്ചുപോയിരിക്കുന്നു. വീടിനകത്ത് സ്വന്തം ഭാഷയും ഭക്ഷണവും വസ്ത്രവും ഉണ്ടായിരിക്കെ തന്നെ പുറത്ത് എല്ലാവര്‍ക്കും ഒരേ ഭാഷയും ഭക്ഷണവും സംസ്‌കാരവും പാട്ടും കൈവരുന്നു. ഒരിക്കല്‍ വന്നുചേര്‍ന്നവരാരും പിന്നീടൊരു തിരിച്ചുപോക്കിനെ കുറിച്ചാലോചിക്കാത്ത, അന്യമായിരുന്നിട്ടും സ്വന്തമാണെന്നു മാത്രം തോന്നുന്ന ഒരു അദൃശ്യശക്തി ഈ നാടിനുണ്ട്.
ലോകത്ത് മറ്റേതിടത്തേക്കും കുടിയേറി വന്നവര്‍ വന്നിടത്തേക്കു തന്നെ തിരിച്ചുപോകുന്നതിനെ പറ്റി മാത്രം ചിന്തിക്കുമ്പോള്‍ മട്ടാഞ്ചേരിയില്‍ വന്നവര്‍ക്ക് അങ്ങിനെ ഒരു ആലോചനയില്ല. അവര്‍ക്കു തിരിച്ചുപോകേണ്ടി വരുന്നില്ല. അവരുടെ നാട് മട്ടാഞ്ചേരിയാണ്. അവര്‍ വന്ന നാട് അവരുടേതല്ലാതായിത്തീരുകയും ചെയ്യുന്നു. ഈ സഹവര്‍ത്തിത്വം അല്‍പമെങ്കിലും അടയാളപ്പെടുത്തിയത് ഈയടുത്തു വന്ന സൗബിന്‍ ഷാഹിറിന്റെ ‘പറവ’ എന്ന ചിത്രമാണ്. ഈ സഹവര്‍ത്തിത്വത്തെ, ഒരുമിച്ചുകൂടലിനെ കാണിക്കാനാണ് മട്ടാഞ്ചേരിയുടെ അടയാളമെന്നോണം പല ചിത്രങ്ങളിലും ആടിനെ കാണിച്ചിരിക്കുന്നത്. ആടുകള്‍ അധികം സ്ഥലം ആവശ്യപ്പെടാത്ത ജീവികളാണ്. ചുരുങ്ങിയ ഇടങ്ങളില്‍ അവ ‘തിങ്ങിപ്പാര്‍ത്തു’ കഴിയുന്നു. മട്ടാഞ്ചേരിക്കാരും അതുപോലെയാണ്. അവര്‍ക്കു വിശാലമായ പറമ്പോ മുറ്റമോ ഇല്ല. ഉള്ളിടത്ത് ഒതുങ്ങിക്കൂടി സസന്തോഷം കഴിയുന്നു. ‘കളര്‍ഫുളാ’കുമ്പോള്‍ ഈ കൂട്ടിരിപ്പിന്റെയും സ്‌നേഹസൗഹൃദങ്ങളുടെയുമൊക്കെ നിറം മങ്ങിപ്പോകുമോയെന്നു ഭയന്നിട്ടാണു ചിത്രങ്ങളൊക്കെ ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ് ‘ രൂപത്തിലാക്കിയത്. അല്ലെങ്കില്‍ ആളുകള്‍ ചിത്രത്തിന്റെ ഭംഗി ആസ്വദിച്ചുതിരിച്ചു പോകും. ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ് ‘ ആകുമ്പോള്‍ അതിന്റെ സത്തയില്‍ തന്നെ അളുകളുടെ കണ്ണുകളുടക്കും.

 

തിരിച്ചുപോകുമ്പോള്‍

സത്യം പറഞ്ഞാല്‍ മട്ടാഞ്ചേരിയില്‍നിന്ന് അങ്ങനെയൊരു തിരിച്ചുപോക്കിനെ കുറിച്ച് ആലോചിക്കാനുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോള്‍. ഈ നാടും ഇവിടത്തെ ആളുകളും അത്രയ്ക്കും എന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നു. പ്രത്യേകിച്ച് ഇവിടെ അവശേഷിക്കുന്ന അവസാനത്തെ ജൂത വംശജയായ സാറാ കോഹന്‍. എല്ലാവരും തിരിച്ചുപോയില്ലേ, നിങ്ങള്‍ക്കും നാട്ടിലേക്കു മടങ്ങേണ്ടേ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ ഏതു നാട്ടിലേക്കുപോകാന്‍, ഇതാണെന്റെ നാട് എന്നാണവര്‍ പറഞ്ഞത്. അതുപോലെ തങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രപ്രദര്‍ശനം ജാതിമത ഭേദമന്യേ പള്ളിയില്‍ വന്നു കണ്ട് ഒരുമിച്ചിരുന്നു ചായ കുടിച്ചും ആഹ്ലാദിച്ചും സന്തോഷത്തോടെ മടങ്ങിപ്പോകുന്ന മട്ടാഞ്ചേരിക്കാര്‍. എല്ലാത്തിലുമുപരി മട്ടാഞ്ചേരിയിലെ പ്രിയ സുഹൃത്തും എന്റെ റിസോഴ്‌സ് പേഴ്‌സന്‍ കൂടിയായ ഷര്‍ഹാദ് ഹനീഫ്. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ ഈ വഴികളും ചിത്രങ്ങളും പാട്ടും കലയും സംസ്‌കാരവും ഈ സ്വര്‍ഗീയ നിമിഷങ്ങളത്രയും എനിക്ക് അന്യമാകുമായിരുന്നു.

 

                         . . . . . . .

 

കൊച്ചി വിടുമ്പോള്‍ ഞാന്‍ എന്റെ അനുജത്തിയെ പിരിയും. വാരിയെല്ലുകള്‍ ഒരു വീഴ്ചയില്‍ തകര്‍ന്നു തീരെ കിടപ്പിലായ അനുജനെയും. കണ്ണുനീരോടെയല്ലാതെ എനിക്ക് ഇവിടം വിട്ടുപോകാന്‍ സാധിക്കുകയില്ല. പക്ഷെ, പോവണം. കൊച്ചിക്കും സ്വര്‍ഗത്തിനും നടുവില്‍ ഒരു ഇടത്താവളമായിരിക്കും പൂനെ…
കമലാ സുരയ്യ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.