
ഇസ്ലാമിന്റെ മൗലിക പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യകളും രണ്ട് മൂന്ന് നൂറ്റാണ്ടുകള്‍ കൊണ്ട് സമ്പൂര്‍ണവും കൃത്യമായ ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമായമായതുമാണ്. അതിനാല്‍ തന്നെ നേരത്തെ സമുദായം അനുഷ്ഠിച്ച് വന്ന ആരാധനകളില്‍ പുതിയ രൂപവും ശൈലിയും കണ്ടെത്തുക അസംഭവ്യമാണ്.
മദ്ഹബിന്റെ നാല് ഇമാമുകള്‍ നടത്തിയ പഠനത്തിനപ്പുറം ഇങ്ങകലെ ഇരുന്ന് മറ്റൊരു പഠനം സാധ്യവുമല്ല. മദീനയിലെ ഉമര്‍ ഇരുപതാക്കിയതിനെ വെളിയങ്കോട്ടെ ഉമര്‍ എട്ടാക്കുന്നു എന്നൊരു പ്രചാരം തന്നെ കേരളത്തില്‍ നടന്നിരുന്നു. ഇന്നിപ്പോള്‍ മദീനയിലെ ഉമര്‍ ചെയ്തത് തന്നെയാണ് ശരിയെന്ന് അപ്പറഞ്ഞവര്‍ മാറ്റിപ്പറയുകയാണ്. സന്തോഷം തന്നെ. ഏതായാലും തിരുത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ കൂടി അനുസ്മരിക്കട്ടെ.
ഈയിടെ എന്റെ നാട്ടില്‍ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് മരിച്ചപ്പോള്‍ ഏതോ നിഷ്കളങ്കന് ആ വീട്ടിലിരുന്ന് ഖുര്‍ആന്‍ ഓതി ഒന്ന് പ്രാര്‍ഥിച്ച് പോയി. അവിടെയുണ്ടായിരുന്ന മുജാഹിദുകള്‍ അയാളെ വിലക്കാന്‍ നീക്കം നടത്തി. ഫലമെന്തായി, അന്നു മുതല്‍ പ്രസ്തുത വീട്ടില്‍ എന്നും ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനയും പതിവായി. മരണവീട്ടില്‍ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ പരേതന് പ്രതിഫലം ലഭിക്കുമോ എന്നതില്‍ തര്‍ക്കമുണ്ടായേക്കാം. ഇക്കാര്യത്തില്‍ സലഫിന്റെ മാതൃക അര്‍റൂഹില്‍ ഇമാം ഇബ്നു ഖയ്യിം വിശദീകരിക്കുന്നുണ്ട്. ഏതായാലും പാരായണം ചെയ്യുന്നവന് പ്രതിഫലം ലഭിക്കാനും പ്രസ്തുത വീട്ടില്‍ ആത്മീയ ചൈതന്യം നിലനില്ക്കാനും ഈ പാരായണം കാരണമാണല്ലോ
നോമ്പുതുറ സമയത്തെ അട്ടിമറിയും വലിയ പാതകം തന്നെ. നിസ്കാര സമയങ്ങള്‍ സംവിധാനിച്ചിരിക്കുന്നത് സൂര്യ ഗതിക്കനുസരിച്ചാണല്ലോ. ഇക്കാര്യത്തില്‍ മതപരമായ സങ്കുചിതത്വം പോലും അനാവശ്യമാണ്. തെളിഞ്ഞ കാലാവസ്ഥയില്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് ശ്രദ്ധിച്ച് നോക്കിയാല്‍ അസ്തമയം ആര്‍ക്കും ബോധ്യം വരും. സംഗതി ഇതായിരിക്കെ അഞ്ചു മിനുട്ട് വരെ നേരത്തെയാണ് മുജാഹിദ് പള്ളികളില്‍ ബാങ്ക് മുഴങ്ങുന്നത്. നേരത്തെ ഒരു വിവാദവും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല. അഥവാ അസ്തമയം നേരത്തെ സംഭവിക്കുന്നുണ്ടെങ്കില്‍ തന്നെ അതൊന്നു കൂടി ഉറപ്പിക്കലല്ലെ നല്ലത്. അഥവാ അസ്തമയത്തിന്റെ മുമ്പാണ് ഈ ബാങ്കെങ്കില്‍ ജനങ്ങളുടെ നോമ്പിന്റെ കാര്യം ആര് ഏറ്റെടുക്കും. സന്ധ്യാ ബാങ്ക് നേരത്തെയാക്കാന്‍ വാശി പിടിക്കുന്നവര്‍ പ്രഭാതം വൈകിക്കാനും മത്സരിക്കുകയാണ്. നേരം പുലര്‍ന്നാലും വേണ്ടവര്‍ ഭക്ഷണം കഴിക്കട്ടെ എന്നാണ് ലക്ഷ്യം.
വാശിയെ കുറിച്ച് പറയുമ്പോഴാണ് പുതിയൊരു വിവാദം ഓര്‍മവരുന്നത്. മുഖ്യധാരയില്‍ നിന്നും അകന്ന് കഴിയുന്നവര്‍ക്ക് ഏത് രംഗത്തും തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്താന്‍ വാശി കാണും. കണക്കടിസ്ഥാനമാക്കി നോമ്പും പെരുന്നാളുമൊക്കെ തീരുമാനിക്കാമെന്നായിരുന്നു മുന്‍പ് ഹിലാല്‍ കമ്മിറ്റിക്കാര് പറഞ്ഞിരുന്നത്. അതെന്താണെങ്കിലും ഒരു കമ്മിറ്റിയുടെ അപ്രസക്തി ഈ രംഗത്ത് ആര്‍ക്കും ബോധ്യമാവും. എന്നാല്‍ കാലഹരണപ്പെട്ട ഈ കമ്മിറ്റിക്ക് പകരം ഇപ്പോള്‍ വിവാദപരമായ ഒരു ശൈഖും കൂട്ടരുമാണ് രംഗത്ത് വന്നിരിക്കുന്നത്.
മാസം കണ്ടാല്‍ നോമ്പും പെരുന്നാളും ആചരിക്കുക, അല്ലെങ്കില്‍ നിലവിലെ മാസം മുപ്പത് പൂര്‍ത്തിയാക്കുക. ഇതാണ് നിയമം. ഇവിടെ ശൈഖിനെന്ത് കാര്യം. നബി തിരുമേനിക്ക് വേണമെങ്കില്‍ ഓരോ മേഖലയിലെയും ഉദയാസ്തമയങ്ങള്‍ ജിബ്രീലിനോട് ചോദിക്കാമായിരുന്നു. പക്ഷെ, അത് എക്കാലത്തും സാധ്യമല്ലല്ലോ. അതിനാല്‍ തന്നെ മാസപ്പിറവി ശ്രദ്ധിക്കാനാണ് അവിടുന്ന് കല്‍പ്പിച്ചത്. അതാണ് മുസ്ലിംകള് അംഗീകരിക്കുന്ന പൊതു തത്വവും. ഞങ്ങളൊരു സവിശേഷ വര്‍ഗമാണെന്ന് ബോധ്യപ്പെടുത്താന്‍ പാടുപെടുന്നവര്‍ ഇനിയെന്തെല്ലാം ചെയ്യുമെന്ന് കണ്ടറിയണം.