2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

മരുഭൂമിയിലെ വര്‍ണക്കാഴ്ചകള്‍

അബ്ദുസ്സലാം കൂടരഞ്ഞി

അറബ് നാടുകളെ കുറിച്ചു കേള്‍ക്കുമ്പള്‍ നമ്മുടെ മനസില്‍ ഓടി വരുന്നതു ചുട്ടു പഴുത്ത മണല്‍ക്കാടുകളും ഒട്ടകക്കൂട്ടങ്ങളും കാരക്കമരങ്ങളുമായിരിക്കും. കൂട്ടത്തില്‍ മരുഭൂമിയിലെ ശക്തമായ ചുടുകാറ്റും. എന്നാല്‍, നയനമനോഹരമായ പ്രകൃതിയുടെ പുതിയ മരുക്കാഴ്ചകളൊരുക്കുന്നുണ്ട് അറേബ്യന്‍ നാടുകളിപ്പോള്‍. അത്തരമൊരു വര്‍ണാഭമായ കാഴ്ചയ്ക്കാണ് അടുത്തിടെ സഊദി അറേബ്യ സാക്ഷ്യംവഹിച്ചത്. സഊദിയില്‍ നടന്ന പുഷ്പമേള ഈയിനത്തില്‍ ലോകത്തെ തന്നെ ഏറ്റവും വലുതാണ്. രണ്ടു തവണ ഗിന്നസില്‍ ഇടംപിടിക്കുകയും ചെയ്തു മേള.
പന്ത്രണ്ടാമത് യാമ്പു ഫ്‌ളവേഴ്‌സ് ആന്‍ഡ് ഗാര്‍ഡന്‍സ് ഫെസ്റ്റിവലാണു കാണികളുടെ മനസിനു കുളിര്‍മയേകി പരിലസിച്ചത്. പെട്രോ റിഫൈനറികള്‍ തീ തുപ്പുന്ന ചെങ്കടല്‍ തീരത്തെ യാമ്പു നഗരിയിലാണു പുഷ്പങ്ങളുടെ മായക്കാഴ്ചയൊരുങ്ങിയത്. യാമ്പു-ജിദ്ദ ഹൈവേയോടു ചേര്‍ന്ന് അല്‍ മുനാസബാത്ത് പാര്‍ക്കിലാണ് വിവിധയിനം പൂക്കളുടെയും മനോഹരമായ സസ്യങ്ങളുടെയും വിശാലമായ ശേഖരം വര്‍ണക്കാഴ്ചകളൊരുക്കിയത്. 10,712.75 സ്‌ക്വര്‍ മീറ്റര്‍ വിസ്തൃതിയില്‍ റോയല്‍ കമ്മിഷന്റെ ലാന്‍ഡ് സ്‌കേപ്പിങ് ആന്‍ഡ് ഇറിഗേഷന്‍ വിഭാഗമാണു പുഷ്‌പോത്സവം ഒരുക്കിയത്. ഇരുനൂറോളം രാജ്യാന്തര കമ്പനികളുടെ സ്റ്റാളുകള്‍, പക്ഷികളുടെയും പൂമ്പാറ്റകളുടെയും പാര്‍ക്കുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിരുന്നു. മേളക്കിടയില്‍ വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
1,26,000 പൂക്കളില്‍ തീര്‍ത്ത 14,200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുഷ്പ പരവതാനി ഒരുക്കിയ മെക്‌സിക്കോയുടെ റെക്കോര്‍ഡാണ് യാമ്പു പുഷ്‌പോത്സവത്തില്‍ തകര്‍ന്നത്. 16,134 ചതുരശ്ര മീറ്ററില്‍ പതിനാല് തരത്തിലുള്ള പതിനെട്ടു ലക്ഷം പൂക്കളാണ് ഈ വര്‍ഷം ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ യാമ്പു പുഷ്‌പോത്സവ നഗരിയിലെ പരവതാനിയില്‍ നട്ടുപിടിപ്പിച്ചത്. യാമ്പു റോയല്‍ കമ്മിഷനു കീഴിലുള്ള നഴ്‌സറിയില്‍ ഒരുക്കിയ പൂക്കളാണു പരവതാനിയില്‍ ഉപയോഗിച്ചിരിക്കുന്നത്. പൂക്കളുടെ വിത്തുകള്‍ അമേരിക്കയില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ പരിചരണത്തോടെയാണ് നട്ടുപിടിപ്പിച്ചത്. ഇവിടെയും മലയാളി കൈപ്പുണ്യം ഉണ്ടെന്നതു നമുക്ക് അഭിമാനകരമാണ്.
യാമ്പു മേളയുടെ ജനറല്‍ സൂപ്പര്‍വൈസര്‍ സാലിഹ് അല്‍ സഹ്‌റാനിയുടെ നേതൃത്വത്തില്‍ പത്തോളം എന്‍ജിനീയര്‍മാരും മലയാളിയായ നിലമ്പൂര്‍ സ്വദേശി മുരളി ദാസ് അടക്കമുള്ള അന്‍പതോളം തൊഴിലാളികളുമാണു പൂക്കളുടെ പരവതാനി ഒരുക്കുന്നതിനു മുന്‍കൈയെടുത്തത്. പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച വിവിധ കമാനങ്ങളും പ്രത്യേക കൂടാരങ്ങളും ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകതയായിരുന്നു. സന്ദര്‍ശകര്‍ക്കു പൂക്കളുടെയും പച്ചപ്പിന്റെയും വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ സമ്മാനിക്കുന്നതോടൊപ്പം നല്ല ആരോഗ്യത്തിനു ചെടികളും ഉദ്യാനങ്ങളും ഒരുക്കേണ്ട അനിവാര്യതയും മേള വിളിച്ചോതി. പുഷ്പസാഗര കാഴ്ച സന്ദര്‍ശകരുടെ മനം കുളിര്‍പ്പിക്കുന്നതു തന്നെയായിരുന്നു.
പക്ഷികളുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ രീതിയിലുള്ള പക്ഷിപ്പാര്‍ക്ക് ഏവര്‍ക്കും കൗതുകം സൃഷ്ടിക്കുന്നു. അപൂര്‍വങ്ങളായ പക്ഷികളുടെ ഇത്തരം ഒരു പാര്‍ക്ക് സഊദിയില്‍ തന്നെ ആദ്യമാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. അറബിയില്‍ ‘അഭിവാദ്യം’ ചെയ്യുന്ന തത്തകളാണ് ഇവിടെയും താരം. പരിസ്ഥിതി ബോധവല്‍ക്കരണം മുഖ്യലക്ഷ്യമാക്കിയാണ് ഈ വര്‍ഷത്തെ പുഷ്പമേള നടന്നത്. ചിത്രശലഭങ്ങളുടെ പാര്‍ക്കും നഗരിയില്‍ ഒരുക്കിയിരുന്നു.

 

പുഷ്പമേളയില്‍ കുലുക്കി സര്‍ബത്ത്!


മലയാള തനിമയുള്ള കുലുക്കി സര്‍ബത്ത് മേളയ്‌ക്കെത്തിയവരുടെ ദാഹമകറ്റിയതോടൊപ്പം മനം നിറക്കുകയും ചെയ്തു. പുഷ്പമേളയിലെ കാഴ്ചകള്‍ കണ്ടുമടുക്കുമ്പോള്‍ ഫുഡ് കോര്‍ട്ടില്‍ സഊദികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആസ്വാദ്യമായി കുലുക്കി സര്‍ബത്ത്. മലയാളികള്‍ക്ക് നാട്ടിലെ അതേ സ്വാദും ഇവിടെ ഹരം പകര്‍ന്നു.
നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരുന്ന മേളയില്‍ വ്യത്യസ്തത പകരാനായിരുന്നു കേരളത്തനിമയുള്ള കുലുക്കി സര്‍ബത്ത് ഒരുക്കിയത്. ഇതിനായി സംഘാടകര്‍ നാട്ടില്‍നിന്നു പ്രത്യേകമായി ആളുകളെ കൊണ്ടുവരികയായിരുന്നു. നിലവില്‍ സഊദിയില്‍ എവിടെയും ഇതു പ്രചാരത്തിലില്ലാത്തതിനാല്‍ കേരളത്തില്‍നിന്നു കടല്‍കടന്നെത്തിയ പുതിയ അതിഥിയുടെ രുചിയറിയാന്‍ സ്വദേശികള്‍ക്കൊപ്പം മലയാളികളുടെയും നല്ല തിരക്കാണ്. ഷുര്‍ബ എന്ന അറബി പദത്തില്‍നിന്നു മലയാളത്തിലേക്കു കടല്‍കടന്നെത്തിയ സര്‍ബത്ത് പുതിയൊരു രൂപത്തില്‍ അറേബ്യയിലേക്കു തന്നെ തിരിച്ചെത്തിയതിന്റെ നവ്യാനുഭവവുമായിത്തീര്‍ന്നു മേള. പച്ചമാങ്ങ, പൈനാപ്പിള്‍, സപ്പോട്ട, നാരങ്ങ എന്നിവ കൊണ്ടുണ്ടാക്കുന്ന കുലുക്കി സര്‍ബത്ത് കുട്ടികള്‍ക്കു പ്രത്യേകമായി ചോക്കലേറ്റ് ഫ്‌ളേവര്‍ ചേര്‍ത്തും നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.