2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

മരട്: നീതിയുടെ വാതിലുകള്‍ തുറക്കണം


സുപ്രിംകോടതി നിര്‍ദേശിച്ചത് പ്രകാരം മരടിലെ നാലു ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞുകൊടുക്കേണ്ട അവസാനത്തെ ദിവസമാണിന്ന്. ഒഴിയണമെന്നാവശ്യപ്പെട്ട് മരട് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടിസ് കൈപ്പറ്റാന്‍ ഫ്‌ളാറ്റ് ഉടമകള്‍ തയാറായിരുന്നില്ല. ഒരു ഫ്‌ളാറ്റിലെ താമസക്കാര്‍ നോട്ടിസ് കൈപ്പറ്റുകയും മറുപടി നല്‍കുകയും ചെയ്തു. മറ്റു ഫ്‌ളാറ്റുകളിലെ ചുമരുകളില്‍ നോട്ടിസ് ഒട്ടിച്ച് പോവുകയായിരുന്നു മരട് നഗരസഭാ ഉദ്യോഗസ്ഥര്‍.
ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന നിര്‍ദേശം സാമാന്യനീതിക്ക് നിരക്കാത്തതും മനുഷ്യാവകാശ ലംഘനവുമാണെന്ന് കാണിച്ച് ഫ്‌ളാറ്റ് ഉടമകള്‍ തിങ്കളാഴ്ച ഹൈക്കോടതിയിലും വിധി തിരുത്തണമെന്നാവശ്യപ്പെട്ട് തിരുത്തല്‍ ഹരജി സുപ്രിംകോടതിയിലും നല്‍കിയിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് സുപ്രിംകോടതി തിരുത്തല്‍ ഹരജി പരിഗണിക്കുന്നത്. അതേസമയം നാലു ഫ്‌ളാറ്റുകളിലെ 357 കുടുംബങ്ങള്‍ എവിടെപ്പോകുമെന്ന ചോദ്യത്തില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുനില്‍ക്കാനും പറ്റുകയില്ല. സുപ്രിംകോടതി വിധി നടപ്പാക്കുന്നതോടൊപ്പം മാന്യമായ പുനരധിവാസം ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. എല്ലാം ചൊവ്വാഴ്ചത്തെ സുപ്രിംകോടതി വിധിയെ ആശ്രയിച്ചിരിക്കും. പ്രധാനമന്ത്രിക്കും പ്രസിഡന്റിനും ഫ്‌ളാറ്റ് ഉടമകള്‍ സങ്കടഹരജിയും നല്‍കിയിട്ടുണ്ട്.
മരടിലെ ഫ്‌ളാറ്റ് നിര്‍മാണം പോലെതന്നെ നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയതാണ് മുംബൈയിലെ ആദര്‍ശ് ഫ്‌ളാറ്റ് സമുച്ചയവും കൊച്ചിയിലെ ചിലവന്നൂരില്‍ പണിത ഡി.എല്‍.എഫ് ഫ്‌ളാറ്റുകളും. ഈ ഫ്‌ളാറ്റുകള്‍ക്കെതിരേയും സുപ്രിംകോടതി ഉത്തരവ് വന്നതാണ്. പക്ഷെ, പൊളിച്ചു നീക്കാനായിരുന്നില്ല ഉത്തരവ്. പിഴയൊടുക്കി ക്രമപ്പെടുത്താനായിരുന്നു. പരിസ്ഥിതി നിയമം ലംഘിച്ചു തന്നെയാണ് മുന്‍പറഞ്ഞ ഫ്‌ളാറ്റുകളും മരടിലെ ഫ്‌ളാറ്റുകളും പണിതത്. മരടിലെ ഫ്‌ളാറ്റുകള്‍ക്ക് മാത്രം പൊളിച്ചുമാറ്റല്‍ ഉത്തരവ് വന്നതിലെ അസാംഗത്യം ചൂണ്ടിക്കാണിക്കുന്നുണ്ട് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ്. ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും വായ്പകള്‍ സംഘടിപ്പിച്ചുമായിരിക്കും ഇടത്തരക്കാരായ പലരും ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ പാര്‍പ്പിടം ഒപ്പിച്ചിട്ടുണ്ടാവുക. മുഴുവന്‍ സമ്പാദ്യവും ചെലവാക്കി വാങ്ങിയ ഫ്‌ളാറ്റില്‍നിന്ന് ഒരു നഷ്ടപരിഹാരവും ലഭിക്കാതെ ഇറങ്ങിക്കൊടുക്കേണ്ടിവരിക എന്നത് ഹൃദയഭേദകം തന്നെയാണ്. മനഃസാക്ഷിയുള്ളവര്‍ക്ക് ഇവരുടെ ഈ ദുര്യോഗത്തിന് നേരെ കണ്ണടയ്ക്കാന്‍ പറ്റില്ല. ബാങ്കുകളില്‍നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ എടുത്ത വായ്പയുടെ തിരിച്ചടവ് പൂര്‍ത്തിയായിട്ടുണ്ടാവില്ല പലര്‍ക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായും വലിയ തുക ചെലവഴിക്കേണ്ടിവരുന്നു. ഈയൊരു പരിതസ്ഥിതിയില്‍ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരിക എന്നത് ദുഃഖകരം തന്നെയാണ്. തങ്ങളുടേതല്ലാത്ത തെറ്റിന് ശിക്ഷ ഏല്‍ക്കേണ്ടി വന്നിരിക്കുകയാണിവര്‍. തങ്ങള്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രിംകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും പറയുമ്പോള്‍ ഈ കുടിഒഴിപ്പിക്കല്‍ സാമാന്യയുക്തിക്കും നീതിബോധത്തിനും യോജിക്കാതെ വരുന്നു.
നിയമം ലംഘിച്ച് ഫ്‌ളാറ്റ് പണിത നിര്‍മാതാക്കളും അതിന് അനുമതി നല്‍കിയ നഗരസഭാ ഉദ്യോഗസ്ഥരും സുരക്ഷിതമായി കഴിയുന്നു. പാലാരിവട്ടം പാലം നിര്‍മിതിയില്‍ അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണത്തിന് അനുമതി നല്‍കിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരും മുന്‍ കലക്ടറും ഇന്ന് റിമാന്‍ഡിലാണ്. എന്നാല്‍ മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കും അതിന് അനുമതി നല്‍കിയ നഗരസഭാ അധികൃതര്‍ക്കുമെതിരേ ഒരു കേസ് പോലും എടുത്തിട്ടില്ല.
ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നഗരസഭയില്‍നിന്ന് അനുമതിക്കായി വലിയ തുക കൈക്കൂലി കൊടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതേക്കുറിച്ച് മുന്‍ നഗരസഭാ ഭരണസമിതിക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം വന്നാല്‍ മാത്രമേ നിജസ്ഥിതി പുറത്തുവരൂ. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇനി ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഫ്‌ളാറ്റുകള്‍ വാങ്ങുന്നവര്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ബദ്ധശ്രദ്ധരാകും. ചതുപ്പുനിലങ്ങളിലും പരിസ്ഥിതി സംരക്ഷിത മേഖലകളിലും കെട്ടിട നിര്‍മിതിക്കും ഫ്‌ളാറ്റുകള്‍ക്കും അനുമതി നല്‍കുന്ന നഗരസഭാ ജീവനക്കാര്‍ക്ക് മരടിലെ ഫ്‌ളാറ്റ് സംബന്ധിച്ച് സുപ്രിംകോടതി വിധി പാഠമാകേണ്ടതാണ്.
സുപ്രിംകോടതി പരിശോധിച്ച നിയമ, സാങ്കേതിക പരിസ്ഥിതി വിവരങ്ങള്‍ ചോദ്യം ചെയ്യാനാകില്ല. എന്നാല്‍ കെട്ടിടങ്ങള്‍ പൊളിച്ചാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാകുമെന്ന ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ട് ഈ സന്ദര്‍ഭത്തില്‍ പരിഗണിക്കേണ്ടതുണ്ട്. മരടില്‍ പൊളിക്കുന്നത് ഫ്‌ളാറ്റുകളല്ലെന്നും അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നുമുള്ള മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. കെമാല്‍ പാഷയുടെ പ്രതികരണം ഹൃദയസ്പൃക്കാണ്. സാമാന്യനീതിയുടെ തത്വമനുസരിച്ച് താമസക്കാര്‍ക്ക് പറയാനുള്ളതും സുപ്രിംകോടതി കേള്‍ക്കണമെന്ന് അദ്ദേഹം പറയുന്നു. ചൊവ്വാഴ്ച ഫ്‌ളാറ്റുടമകളുടെ തിരുത്തല്‍ ഹരജി പരിഗണിക്കുന്ന സുപ്രിംകോടതി തെറ്റു ചെയ്യാതെ ശിക്ഷ ഏല്‍ക്കേണ്ടിവരുന്ന ഫ്‌ളാറ്റുടമകള്‍ക്ക് മുന്നില്‍ മനുഷ്യത്വത്തിന്റെ, നീതിയുടെ വാതിലുകള്‍ തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.