2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മരട് ഫഌറ്റ്: യഥാര്‍ഥ കുറ്റവാളി ആര്?

സുനി അല്‍ഹാദി

 

 

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിരോധിച്ച മേഖലകളില്‍ കോടികള്‍ മുടക്കി പടുത്തുയര്‍ത്തിയ മരടിലെ അംബരചുംബികള്‍ പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതിയുടെ അന്ത്യശാസനം ഒരുവശത്ത്. ഒരു ആയുഷ്‌കാലം മുഴുവന്‍ സമ്പാദിച്ചത് തച്ചുടച്ച് തങ്ങളെ പെരുവഴിയിലാക്കരുതെന്ന രോദനം മറുഭാഗത്ത്. സുപ്രിംകോടതി വിധിയില്‍ നടപടിയാരംഭിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ഫ്‌ളാറ്റുകളില്‍ ‘കുടിയൊഴിയല്‍’ നോട്ടിസ് പതിച്ചും കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഏജന്‍സികളെ ക്ഷണിച്ച് പരസ്യം നല്‍കിയും സര്‍ക്കാരും മുന്നോട്ട്. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷമെന്നപോലെ ഇവിടെയുമുണ്ട് ഇരുപക്ഷത്തും നാട്ടുകാര്‍. നിയമം ലംഘിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ ഇക്കൂട്ടത്തിലെ ഒരു ഫ്‌ളാറ്റ് എങ്കിലും പൊളിച്ച് നീക്കണമെന്ന അഭിപ്രായം ഉയരുമ്പോള്‍ ഫ്‌ളാറ്റുവാങ്ങിയവരും മനുഷ്യരാണെന്ന് ഓര്‍ക്കണമെന്ന് മറുവിഭാഗം. തീര്‍ന്നില്ല, സാമൂഹ്യമാധ്യമങ്ങളിലും ‘മരട് ഫ്‌ളാറ്റ്’ അരങ്ങ് തകര്‍ക്കുകയാണ്.
നിയമം ലംഘിച്ച് നൂറ് കണക്കിന് കെട്ടിടങ്ങള്‍ സംസ്ഥാനത്തുടനീളം ഉയര്‍ന്നിട്ടുണ്ടെങ്കിലും നിയമം ലംഘിച്ച് ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നതും ഇനിയും നിയമലംഘനത്തിലേക്ക് നീങ്ങുന്നതുമായ കെട്ടിടങ്ങള്‍ക്കുള്ള മുന്നറിയിപ്പായി മാറിയിരിക്കുകയാണ് സുപ്രിംകോടതിയുടെ അന്ത്യശാസനം. എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴില്‍ വരുന്ന ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റുകളാണ് തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ നിയമനടപടിക്ക് വിധേയമായിരിക്കുന്നത്. കൃത്യമായ അകലം പാലിക്കാതെ കായല്‍കാറ്റ് വിറ്റ് കാശാക്കിയ നിര്‍മാതാക്കളൊന്നും ഇപ്പോള്‍ ചിത്രത്തിലില്ലെന്നതാണ് യാഥാര്‍ഥ്യം.
ചമ്പക്കര കനാലിനെ തൊട്ടുരുമ്മി നില്‍ക്കുന്നതുപോലെയാണ് ഗോള്‍ഡന്‍ കായലോരം. 15 നിലകളിലായി നിര്‍മിച്ച 40 ഫ്‌ളാറ്റുകളാണ് ഇവിടെ ചൂടപ്പംപോലെ വിറ്റുപോയത്. ഇപ്പോള്‍ സമരമുഖമായി തീര്‍ന്നിരിക്കുന്ന മരട് നഗരസഭയ്ക്ക് വിളിപ്പാടകലെ സ്ഥതിചെയ്യുന്ന ഹോളി ഫെയ്ത്ത് എച്ച്.ടു.ഒയ്ക്ക് പതിനെട്ടുനിലകളാണുള്ളത്. കായലാല്‍ ചുറ്റപ്പെട്ട ഇവിടെ 90 ഫ്‌ളാറ്റുകളാണുള്ളത്. ഒന്നരകോടിരൂപ വരെ വിലയുള്ള ഇവിടുത്തെ ഫ്‌ളാറ്റുകളില്‍ വ്യവസായ രംഗത്തെ പ്രമുഖരെക്കൂടാതെ നിയമരംഗത്തെ പ്രമുഖരും സിനിമാക്കാരുമൊക്കെ താമസക്കാരാണ്. വിദേശത്തുള്ള പലരും ഇവിടെ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
16 നിലകളില്‍ നിര്‍മിച്ച ആല്‍ഫാ വെഞ്ചേഴ്‌സ് ഇരട്ട അപാര്‍ട്‌മെന്റ് സമുച്ചയത്തില്‍ 94 ഫ്‌ളാറ്റുകളാണുള്ളത്. കേട്ടെഴുത്ത് കടവിലെ ജയിന്‍ ഹൗസിങ്ങില്‍ 18 നിലകളിലായി 125 ഫ്‌ളാറ്റുകളുമുണ്ട്. ഹോളിഡേ ഹെരിറ്റേജില്‍ ഇതുവരെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയില്ല എന്നതിനാല്‍ ഇവര്‍ പൊളിക്കല്‍ നടപടിയില്‍ നിന്ന് ഒഴിവായിരിക്കുകയാണ്.
2006ലാണ് മരട് ഗ്രാമപഞ്ചായത്ത് (ഇപ്പോള്‍ മരട് നഗരസഭ)ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുന്നത്. തുടക്കത്തില്‍ തന്നെ ഫ്‌ളാറ്റുകളുടെ നിര്‍മാണം സംബന്ധിച്ച് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് വിജിലന്‍സ് അന്വേഷണം നടത്തി നിയമലംഘനം നടന്നെന്ന് കണ്ടെത്തുകയായിരുന്നു.
സമുദ്രതീരത്തെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമുദ്രതീരത്തിന്റെ 500 മീറ്റര്‍ ദൂരത്തുള്ള കരഭാഗം തീരദേശ നിയന്ത്രണ മേഖലയായി (സി.ആര്‍.സെഡ്) പ്രഖ്യാപിച്ചുകൊണ്ട് 2011ലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കുന്നത്.
എന്നാല്‍ അതിനുമുമ്പ് 1986 മുതല്‍ തന്നെ തീര പരിപാലന നിയമം പ്രാബല്യത്തിലുണ്ട്. ഇതനുസരിച്ച് തീരമേഖലയിലെ ഏത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതി നേടിയിരിക്കണമെന്നാണ്. എന്നാല്‍ മരടിലെ ഈ അഞ്ച് ഫ്‌ളാറ്റുകളും അതോറിറ്റിയുടെ അനുമതി നേടാതെയാണ് നിര്‍മാണം ആരംഭിച്ചതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
2007ല്‍ തന്നെ ഫ്‌ളാറ്റുകളുടെ നിര്‍മാണം പഞ്ചായത്ത് സ്റ്റേ ചെയ്‌തെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. തുടര്‍ന്ന് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി കേസുമായി മുന്നോട്ട് പോയി. തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന നിലപാടില്‍ തന്നെയായിരുന്നു അതോറിറ്റി.
എന്നാല്‍ തങ്ങള്‍ ഫ്‌ളാറ്റുകള്‍ നിര്‍മാതാക്കളില്‍ നിന്ന് നിയമപരമായി വാങ്ങിയതാണെന്നും രേഖകളെല്ലാം പരിശോധിച്ചതിനുശേഷമാണ് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയതെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയവര്‍ അവകാശപ്പെട്ടു. തുടര്‍ന്ന് ഫ്‌ളാറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച് അനുകൂലമായ വിധി സമ്പാദിക്കുകയായിരുന്നു.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ കോസ്റ്റല്‍ സോണ്‍ മാനേജമെന്റ് അതോറിറ്റി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും വിധി ഫ്‌ളാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. അതോറിറ്റി ഹൈക്കോടതിയില്‍ നല്‍കിയ റിവ്യൂഹരജിയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിക്കുന്നത്. വിശദമായി പഠിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ച സുപ്രിംകോടതി ഇക്കഴിഞ്ഞ മെയ് എട്ടിന് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയായിരുന്നു.
എന്നാല്‍ വിഷയം പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച മൂന്നംഗസമിതി തങ്ങളുടെ ഭാഗം കേട്ടില്ലെന്നും തങ്ങളുടെ ഫ്‌ളാറ്റുകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്ന സി.ആര്‍.സെഡ് 3 മേഖലയില്‍ ഉള്‍പെടില്ലെന്നുമൊക്കെയാണ് ഫ്‌ളാറ്റുടമകളുടെ വാദം. ഫ്‌ളാറ്റുടമകള്‍ റിവ്യൂഹരജിയുമായി കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രിംകോടതി അന്ത്യശാസനം നല്‍കിയതിനെതുടര്‍ന്നാണ് വിഷയം ചൂടുപിടിക്കുന്നത്.
375 കുടുംബങ്ങളിലെ 1472 പേരാണ് കിടപ്പാടത്തിനായി സമരമുഖത്തുള്ളത്. ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നഗരസഭ നോട്ടിസ് നല്‍കിയെങ്കിലും മരിച്ചാലും ഫ്‌ളാറ്റ് വിട്ട് കൊടുക്കില്ലെന്ന നിലപാട് തുടരുകയാണ് കുട്ടികളും വനിതകളുമൊക്കെ ഉള്‍പ്പെടുന്ന ഫ്‌ളാറ്റ് നിവാസികള്‍. പത്ത് വര്‍ഷക്കാലം നിയമയുദ്ധം നടന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരാകുമ്പോള്‍ ഒരിക്കല്‍ പോലും ഇവര്‍ ചിന്തിച്ചിരുന്നില്ല നിയമത്തിന്റെ പിടി എന്നെങ്കിലും വീഴുമെന്ന്. നിയമം ലംഘിച്ച് കായലോരത്തും പുഴയരികിലുമൊക്കെ എന്തും പണിയാമെന്ന് കാണിച്ച നിര്‍മാതാക്കള്‍ എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. ഫ്‌ളാറ്റ് വാങ്ങിയവര്‍ ഭാവിയെന്തെന്ന് അറിയാതെ ഇപ്പോള്‍ നെടുവീര്‍പ്പിടുന്നതില്‍ സുപ്രധാന പങ്ക്‌വഹിച്ചത് നിയമവും നീതിയും നോക്കാതെ ലാഭക്കണ്ണോടെ മാത്രം നിര്‍മാണ പ്രവര്‍ത്തനം നടത്തിയവരാണെന്നതില്‍ സംശയമില്ലല്ലോ?.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.