2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മരടില്‍ സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി, കേന്ദ്രം ഇടപെടില്ല: പരിസ്ഥിതി വിഷയം പെട്ടെന്ന് പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ല. വിഷയം സുപ്രിം കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമാണ്. മാത്രവുമല്ല ഇത് സംസ്ഥാനത്തിന്റെ വിഷയമാണ്. ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഈ വിഷയത്തില്‍ കക്ഷിയല്ലാത്തതിനാല്‍ സുപ്രിം കോടതി വിശദീകരണം ചോദിച്ചിട്ടുമില്ല. ഇടപെടേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.
അതേ സമയം മരട് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹരജി പെട്ടെന്ന് പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
മരടില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ക്ക് സമീപത്തെ അഭിലാഷ് എം.ജി സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രിം കോടതിയുടെ അഭിപ്രായ പ്രകടനം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ കക്ഷി ചേര്‍ത്തായിരുന്നു ഹരജി നല്‍കിയിരുന്നത്. കായലുകള്‍ക്കു സമീപമാണ് ഈ ഫ്‌ളാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പൊളിക്കുമ്പോഴുള്ള മാലിന്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെതാന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഫ്‌ളാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും കോട്ടം വരികയാണെങ്കില്‍ അതു പരിഹരിക്കാനുള്ള ചെലവ് ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കത്തയച്ചിരുന്നു. എന്നാല്‍ ഇതിനുകൂടിയുള്ള മറുപടിയായി വേണം ഇതിനെ കാണാന്‍.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ അതൃപ്തി അറിയിച്ചുകൊണ്ടാണ് കേന്ദ്രം ഇങ്ങനെയൊരു നിലപാട് കൈകൊണ്ടതെന്നറിയുന്നു. കുറ്റക്കാരായ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ നടപടി എടുക്കാത്തത് ശരിയല്ല. താമസക്കാരുടെ പ്രതിഷേധത്തിന്റെ മറവില്‍ നിയമലംഘനം മറയ്ക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കോടതിയില്‍ നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാവുന്നതാണെന്നുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തിന്റെ നിലപാട്.

ഫ്‌ളാറ്റ് വിഷയത്തില്‍ നടന്ന സര്‍വകക്ഷിയോഗ ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിളിച്ചിരുന്നു. നിലവിലെ സ്ഥിതിഗതികള്‍ ഇരുവരും ധരിപ്പിച്ചു. എന്നാല്‍ മരട് ഫ്‌ലാറ്റ് വിഷയം കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് വിട്ട് തലയൂരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

മരടിലെ വിവാദ ഫ്ളാറ്റ് പൊളിച്ചുനീക്കാനുള്ള വിധിക്കെതിരേ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചിരുന്നത്.. വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് പുതിയ തീരുമാനമെടുത്തത്. ഫ്ളാറ്റുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും നടപടിക്രമങ്ങളും കോടതിയെ ബോധിപ്പിക്കാനായി എന്തെല്ലാം ചെയ്യാനാകുമെന്ന് തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News