2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മകന്റെ ഘാതകന് മാപ്പു നല്‍കിയ നിര്‍വൃതിയില്‍ അമേരിക്കന്‍ ഹാജി പുണ്യ ഭൂമിയില്‍

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: തന്റെ മകനെ ദാരുണമായി കൊലപ്പെടുത്തിയ പ്രതിക്ക് പ്രവാചകന്റെ ജീവിതം മാതൃകയാക്കി മാപ്പു നല്‍കിയ അമേരിക്കന്‍ ഹാജി പുണ്യ ഭൂമിയില്‍. കൊലക്കേസ് പ്രതിക്ക് മാപ്പു നല്‍കല്‍ പാരമ്പര്യമില്ലാത്ത അമേരിക്കയില്‍ ഏറെ വാഗ്വാദങ്ങള്‍ക്ക് ശേഷം കോടതി അംഗീകരിച്ച തന്റെ മാപ്പ് ഇസ്‌ലാമിന്റെ കരുണയുടെ യദാര്‍ത്ഥ മുഖം ലോകത്തിനു കാണിച്ചു കൊടുക്കാനായിരുന്നെന്ന് അമേരിക്കന്‍ പൗരന്‍ അബ്ദുല്‍ മുന്‍ഇം വ്യക്തമാക്കി.
ആരെയും അതിശയിപ്പിക്കുന്ന ജീവിതം നയിച്ച ഇദ്ദേഹം മൂന്നു മക്കള്‍ക്കൊപ്പമാണ് ഇത്തവണ പുണ്യ ഭൂമിയില്‍ ഹജ്ജിനായി എത്തിയത്.
അമേരിക്കയിലെ കെന്റുക്കിയില്‍ അധ്യാപകനാണ് 60 കാരനായ അബ്ദുല്‍ മുന്‍ഇം. 2015 ലാണ് 22 കാരനായ ഇദ്ദേഹത്തിന്റെ മകനെ കവര്‍ച്ച സംഘം കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇക്കൂട്ടത്തില്‍ ഒരാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി വ്യക്തമായി.

അവിശ്വാസികള്‍ക്ക് പ്രവാചകന്‍ മാപ്പ് നല്‍കിയ മാതൃക പിന്തുടര്‍ന്നും ഇസ്‌ലാമിന്റെ മഹോന്നത മൂല്യങ്ങള്‍ പാലിച്ചും ഈ പ്രതിക്ക് അബ്ദുല്‍ മുന്‍ഇം മാപ്പ് നല്‍കുകയായിരുന്നു. പ്രതിക്ക് മാപ്പ് നല്‍കുന്ന നിയമം അമേരിക്കയില്‍ ഇല്ലായെന്ന് പറഞ്ഞ് പ്രതിക്ക് മാപ്പ് നല്‍കുന്നതിന് കോടതി വിസമ്മതിച്ചു. എന്നാല്‍ അഭിഭാഷകന്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ചതിലൂടെ പ്രതിയുടെ ശിക്ഷ കോടതി 31 വര്‍ഷത്തെ തടവായി ലഘൂകരിച്ച് നല്‍കി.
ദൈവം എല്ലാം പൊറുക്കുന്നവനുമാണെന്ന് കോടതിയില്‍ വെച്ച് പ്രതിയുടെ ചെവിയില്‍ താന്‍ മന്ത്രിച്ചു. ജയിലില്‍ വെച്ച് ദൈവത്തിലേക്ക് അടുക്കുവാന്‍ പ്രതിയെ താന്‍ ഉപദേശിച്ചു. പ്രതിയെ താന്‍ ആശ്ലേഷിക്കുകയും ചെയ്തിരുന്നുവെന്ന് അബ്ദുല്‍ മുന്‍ഇം പറഞ്ഞു.

 
തായ്‌ലാന്‍ഡിലാണ്‌ അബ്ദുല്‍ മുന്‍ഇം ജനിച്ചത്‌. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് അമേരിക്കയിലെത്തിയ അബ്ദുല്‍ മുന്‍ഇം മത തത്ത്വശാസ്ത്ര വിദ്യാര്‍ഥിനിയായ സഹപാഠിയെ വിവാഹം ചെയ്യുകയായിരുന്നു. ഭാര്യ ക്രിസ്തുമത വിശ്വാസിയായിരുന്നു. അക്കാലത്ത് ആ കോളജില്‍ പഠിക്കുന്ന ഏക മുസ്‌ലിം വിദ്യാര്‍ഥിയായിരുന്നു താനെന്ന് അബ്ദുല്‍ മുന്‍ഇം പറഞ്ഞു. തന്റെ കൈകളാല്‍ ഭാര്യ പിന്നീട് ഇസ്‌ലാം ആശ്ലേഷിച്ചു.

വര്‍ഷങ്ങളായി അമേരിക്കയില്‍ ഇസ്‌ലാമിക് സ്‌കൂള്‍ ഡയരക്ടറായാണ് താന്‍ ജോലി ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ മനസുകളില്‍ കാരുണ്യം നട്ടുപിടിപ്പിക്കുന്നതിന് എല്ലാ ക്ലാസുകളിലും താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്റെ മകന്‍ കൊല്ലപ്പെട്ടതോടെ താന്‍ പഠിപ്പിച്ചിരുന്ന മൂല്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പരീക്ഷണ സമയം ആഗതമായതായി തനിക്ക് ബോധ്യപ്പെട്ടു. ദൈവിക പ്രീതി മാത്രം കാംക്ഷിച്ചാണ് മകന്റെ ഘാതകന് മാപ്പ് നല്‍കിയതെന്ന് അബ്ദുല്‍മുന്‍ഇം പറഞ്ഞു. ഇത് രണ്ടാം തവണയാണ് അബ്ദുല്‍ മുന്‍ഇം തീര്‍ഥാടന കര്‍മം നിര്‍വഹിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.