2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

മനുഷ്യന്‍ തീര്‍ത്ത മഴക്കെടുതി


 

ഭൂമിയിലെ ഓരോ മനുഷ്യന്റെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ടെന്നും ഒരൊറ്റ മനുഷ്യന്റെയും അത്യാര്‍ത്തി നിറവേറ്റാനുള്ള വിഭവങ്ങള്‍ ഭൂമിയിലില്ലെന്നുമുള്ള ചൊല്ലിനെ അന്വര്‍ഥമാക്കുന്നു മാധവ് ഗാഡ്ഗില്‍ ഇന്നലെ പറഞ്ഞ ചില യാഥാര്‍ഥ്യങ്ങള്‍. പശ്ചിമഘട്ട നിരകളുടെ തകര്‍ച്ചയെ കുറിച്ചും അത് പരിഹരിക്കാനാവശ്യമായ നടപടികളെക്കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയായിരുന്നു മാധവ് ഗാഡ്ഗില്‍ കമ്മിറ്റി. എന്നാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കാണുകയോ കമ്മിറ്റി ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കാന്‍ ആലോചിക്കുക പോലുമോ ഉണ്ടായില്ല. രാഷ്ട്രീയ പാര്‍ട്ടികളും ഭരണ വര്‍ഗ ഉദ്യോഗസ്ഥ സ്ഥാപിത താല്‍പര്യക്കാരും ചേര്‍ന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കുഴിച്ച് മൂടുകയും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനായി കസ്തൂരി രംഗന്‍ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ കസ്തുരി രംഗന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും വെളിച്ചം കണ്ടില്ല.
തന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നടപടികളെടുത്തിരുന്നുവെങ്കില്‍ കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ ആഘാതം കുറക്കാമായിരുന്നുവെന്നാണ് ഇന്നലെ മാധവ് ഗാഡ്ഗില്‍ ഒരഭിമുഖ സംഭാഷണത്തില്‍ പറഞ്ഞത്. പശ്ചിമഘട്ട മലനിരകളില്‍ കരിങ്കല്‍ ക്വാറികള്‍ പെരുകിയത് മൂലം മണ്ണിന് ബലക്ഷയം സംഭവിക്കുകയും മണ്ണ് കുത്തിയൊലിച്ച് പ്രളയം രൂക്ഷമാക്കുകയും ചെയ്തതിന്റെ പ്രധാന കാരണം കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ കുട്ടുകെട്ടാണ്. പശ്ചിമഘട്ട മലനിരകളെ തുരക്കാനും ക്വാറികള്‍ പെരുകാനും കാരണമായത് ഈ കൂട്ടുകെട്ടാണ്. തണ്ണീര്‍ത്തട നെല്‍വയല്‍ കൈയേറ്റങ്ങള്‍ വെള്ളപ്പൊക്ക കെടുതി രൂക്ഷമാക്കി. ജനപ്രതിനിധികളും മന്ത്രിമാരും വരെ കായലുകള്‍ നികത്തിയും മലഞ്ചെരിവുകള്‍ ചെത്തിയരിഞ്ഞും റിസോര്‍ട്ടുകളും പാര്‍ക്കുകളും നിര്‍മിച്ചു കൊണ്ടിരിക്കുന്നു. നദീതീരങ്ങളിലെ അനധികൃത നിര്‍മാണങ്ങളും കൂടിയായപ്പോള്‍ വെള്ളത്തിന് ഒഴുകിപ്പോകാന്‍ സ്ഥലമില്ലാതായി. അത് വഴി വെള്ളപ്പൊക്കം രൂക്ഷമാവുകയും ചെയ്തു. ചരിത്രത്തിലാദ്യമായാണ് വയനാട് ഇത്രയും രൂക്ഷമായ പ്രളയത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും ഇരയാകുന്നത്. അവിടങ്ങളിലെ പെരുകുന്ന അനധികൃത നിര്‍മാണങ്ങളും റിസോര്‍ട്ടുകളും തന്നെ യാണ് ഇതിന് കാരണമായത്. അനധികൃത നിര്‍മാണങ്ങളെ സുധീരം തടഞ്ഞ കലക്ടറെ രായ്ക്ക് രാമാനം സ്ഥലത്തെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും ഭൂമാഫിയകളും ചേര്‍ന്ന് സ്ഥലംമാറ്റി. പ്രകൃതിയെ കൈയേറി കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങള്‍ തന്നെയാണ് പാവപ്പെട്ട ആയിരങ്ങളെ ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും ഒന്നും മില്ലാത്തവരാക്കി മാറ്റിയത്. ഉടുതുണിക്ക് മറുതുണിയില്ലാതെ, തിന്നാനില്ലാതെ, കുടിക്കാനില്ലാതെ, ഒന്ന് പുതയ്ക്കാന്‍ കഷ്ണം തുണിയില്ലാതെ പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് അഭയാര്‍ഥികളെന്ന പോലെ സര്‍വ്വവും നഷ്ടപ്പെട്ട് ദുരിതാശ്വാസ കാ ംപുകളില്‍ പൊള്ളുന്ന ഭാവിയിലേക്ക് നിസ്സഹായരായി നോക്കി നില്‍ക്കുകയാണവരിന്ന്. മഴ മാറിയാല്‍ വെള്ളം ഇറങ്ങിയാല്‍ ഇവരില്‍ പലര്‍ക്കും കയറി കിടക്കാന്‍ വീട് പോലും ഇല്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ച് ലക്ഷം കൊണ്ട് ഒരായുഷ്‌ക്കാലം കൊണ്ട് നേടിയത് നികത്താനാകുമോ? അഴിമതിക്കാരായ ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ അനന്തരഫലമാണിപ്പോള്‍ സംസ്ഥാനം മുഴുവന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 14,000 പേരാണ് വയനാട്ടിലെ 187 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നത്. 3200 കുടുംബങ്ങള്‍ അനിശ്ചിതമായ ഭാവിയിലേക്ക് കണ്ണും നട്ട് ഇവിടെ കഴിയുന്നു. ആരുണ്ട് ഇവര്‍ക്കൊരുതുണ.
കിഴക്കുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് ചെരിഞ്ഞ്‌നില്‍ക്കുന്നതാണ് കേരളത്തിന്റെ ഭൂപ്രകൃതി. പശ്ചിമഘട്ടത്തില്‍നിന്ന് 44 നദികളാണ് അറബിക്കടലിലേക്ക് ഒഴുകുന്നത്. നദികളുടെ ഈ സഞ്ചാരപഥങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും മണ്ണിട്ട് നികത്തലും ഉണ്ടാകുമ്പോള്‍ നദികളുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ട് പ്രളയം ഉണ്ടാവുക സ്വാഭാവികം. പശ്ചിമഘട്ടത്തിലാകട്ടെ ക്വാറികള്‍ പെരുകുന്നു. തല്‍ഫലമായി അവിടെ നിരന്തരം ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നു. പതിനേഴ് ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമാണ് ഭൂമാഫിയ നികത്തി കെട്ടിടങ്ങള്‍ പണിതത്. വേമ്പനാട്ട് കായല്‍ നികത്തിക്കൊണ്ടിരിക്കുന്നു. കാടുകള്‍ മുക്കാല്‍ ഭാഗവും കൈയേറി. മലഞ്ചെരിവുകള്‍ ചെത്തിക്കളഞ്ഞു റിസോര്‍ട്ടുകള്‍ പണിയുന്നു. ഈ പ്രാവശ്യം ഏറ്റവുമധികം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത് മലഞ്ചെരിവുകളിലാണ്. നദിക്കരയില്‍നിന്ന് നൂറ് മീറ്റര്‍ അകലത്തില്‍ മാത്രമേ കെട്ടിടങ്ങള്‍ പണിയാവു എന്ന വ്യവസ്ഥ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ പണം വാങ്ങി അട്ടിമറിക്കുന്നു. പരിതാപകരമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ അവസ്ഥ. ദുരന്തം ഉണ്ടാകുമ്പോള്‍ ഓടിയെത്തുന്ന സംവിധാനമല്ല അത്. ദുരന്തം വരാതിരിക്കാന്‍ എന്തൊക്കെ നിവാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് ഗൗരവത്തോടെ ആലോചിക്കേണ്ട അതോറിറ്റി അത് നിര്‍വഹിക്കുന്നുണ്ടോ? ഡാം സുരക്ഷാ അതോറിറ്റി അവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടോ? മലഞ്ചെരിവുകളിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനഫലമായി മണ്ണ് കുത്തിയൊലിച്ച് എക്കലിനോടൊപ്പം ഡാമുകളില്‍ നിറയുന്നു. തന്നിമിത്തം നല്ലൊരു മഴ പെയ്യുമ്പോഴേക്കും ഡാമുകള്‍ നിറയുന്നു. വന്നടിയുന്ന മണ്ണ് നീക്കം ചെയ്യാന്‍ ഡാം സുരക്ഷാ അതോറിറ്റി എന്തെങ്കിലും ചെയ്യാറുണ്ടോ?
ഡാമുകള്‍ തന്നെ മനുഷ്യജീവന് വമ്പിച്ച ഭീഷണിയാണെന്നാണ് വ്യക്തമാകുന്നത്. എത്ര ശാസ്ത്രീയമായി നിര്‍മിക്കപ്പെട്ടാലും പ്രകൃതിയുടെ മാറി വരുന്ന സ്വഭാവത്തിന് അവ ഇണങ്ങുകയില്ല. ലോകത്ത് 47,000 ഡാമുകളില്‍ 100 വര്‍ഷം പിന്നിട്ട വ 120 ലേറെയാണ്. ഏത് നിമിഷവും അവ തകരാം. ഭൂകമ്പ പ്രതിരോധശേഷിയുള്ളവ പോലും തകര്‍ന്നിട്ടുണ്ട്. 1981ല്‍ ചൈനയിലെ ബാങ്കിയാവോ അണക്കെട്ട് തകര്‍ന്ന് 30,000 ച.കി.മീറ്റര്‍ ഭൂപ്രദേശം ഒലിച്ചുപോയി. രണ്ടര കോടി ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. 1979 ല്‍ ഗുജറാത്തിലെ മോര്‍ വി തകര്‍ന്ന് 25,000 പേരാണ് ഒലിച്ച് പോയത്. കാലഹരണം വന്ന 400 അണക്കെട്ടുകള്‍ ലോകത്തുണ്ട്. ഇവയില്‍ പലതും ഭൂകമ്പ സാധ്യതയുള്ളതാണ്. അധിക വെള്ളത്തിന്റെ പ്രകമ്പനശക്തിയെ ചെറുക്കാന്‍ ഒരു ഡാമിനും കഴിയില്ല. ഇടുക്കിയിലും പുതിയ ഭ്രംശ മേഖല രൂപപ്പെട്ടിട്ടുണ്ട്. ഇടമലയാര്‍ വിള്ളലിന് 225 കിലോമീറ്റര്‍ നീളമുണ്ട്. അണക്കെട്ടുക ളെ ശാസ്ത്രീയമായി ഡികമ്മിഷന്‍ ചെയ്തുകൊണ്ട് മാത്രമേ ഈ ഭീഷണിയെ തരണം ചെയ്യാനാകൂ. ഈ വിപത്തുകളെല്ലാം ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നവരെല്ലാം കോര്‍പ്പറേറ്റുകളുടെ വികസന വിരോധികളെന്ന പല്ലവിക്ക് ചെവികൊടുക്കാതെ ഇനിയെങ്കിലും ഇഛാശക്തിയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തം അവര്‍ണനീയമായിരിക്കും. നിരന്തരമായ കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായി ഇപ്പോഴുണ്ടായ പ്രളയവുംഅതാണ് സൂചിപ്പിക്കുന്നത്.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.