2020 January 21 Tuesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

നോട്ട് നിരോധനമെന്ന മനുഷ്യനിര്‍മിത മണ്ടത്തരം വരുത്തിവച്ച ആഘാതത്തില്‍ നിന്ന് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വുണ്ടായില്ല, ഇങ്ങനെ പോവാന്‍ പറ്റില്ല; രാഷ്ട്രീയം മാറ്റിവച്ച് ചര്‍ച്ചകളും പഠനങ്ങളും നടത്തണമെന്ന് ഡോ. മന്‍മോഹന്‍ സിങ്

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. സര്‍വരംഗത്തുമുള്ള കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും മനുഷ്യനിര്‍മിത മണ്ടത്തരങ്ങളാണ് ഇതിനിടയാക്കിയതെന്നും ഡോ. മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്റെ വിമര്‍ശനം.

രാഷ്ട്രീയം മാറ്റിവച്ച് ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളും പഠനങ്ങളും നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട അദ്ദേഹം, ഇന്ത്യയ്ക്ക് ഇതുപോലെ തുടരാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. നിര്‍മ്മാണ മേഖലയിലെ വളര്‍ച്ച 0.6 ശതമാനത്തില്‍ പോകുന്നത് ആശങ്കപ്പെടുത്തുന്നു. മനുഷ്യ നിര്‍മിത ദുരന്തങ്ങളായ നോട്ട് നിരോധനവും ധൃതിപിടിച്ചുള്ള ചരക്ക് സേവന നികുതി നടപ്പാക്കലും സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക സാഹചര്യം മുക്തി നേടിയിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

രാജ്യത്തെ സാമ്പത്തികാവസ്ഥ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജി.ഡി.പി വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞിരിക്കുന്നു. വളരെ വേഗത്തില്‍ കുതിക്കാനുള്ള സാഹചര്യം ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍, നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിലെ അപാകതകള്‍ അതിനെ ഇല്ലാതാക്കിയെന്നും മന്‍മോഹന്‍ സിങ് വിമര്‍ശനമുന്നയിച്ചു. നിലവിലെ സാമ്പത്തികാവസ്ഥ ആശങ്കാവഹമാണ്. അവസാനപാദത്തിലെ ജി.ഡി.പി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമെന്നത് സാമ്പത്തികമാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങളും പ്രതിസന്ധി നേരിടുകയാണ്. നികുതി ഭീകരത വ്യവസായികളെ വേട്ടയാടുകയാണ്. ഇക്കാരണത്താല്‍ ഓട്ടോമൊബീല്‍ സെക്ടറില്‍ മാത്രം ലക്ഷങ്ങളുടെ തൊഴില്‍നഷ്ടമുണ്ടായി. ഗ്രാമീണമേഖല അതീവ ഭീകരാവസ്ഥയിലാണ്. അവരുടെ വരുമാനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ കൈവച്ച സര്‍ക്കാരിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ആക്രമിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ ഘടനയെയും ലക്ഷ്യംവയ്ക്കുകയാണ്. സാമ്പത്തികരംഗത്തിന്റെ യഥാര്‍ത്ഥ കണക്ക് സംബന്ധിച്ച ഇന്ത്യയുടെ ഔദ്യോഗിക കണക്കുകളുടെ വിശ്വാസ്യതയും സംശയനിഴലിലാണെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കെയാണ് മന്‍മോഹന്റെ വിമര്‍ശനം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍- ജൂണ്‍) ജി.ഡി.പി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണ്.

Manmohan Singh blames ‘all round mismanagement’ by Modi govt for economic slowdown


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.