2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സഊദിയിൽ മാൻഹോളിൽ വീണ് മലപ്പുറം സ്വദേശി മരിച്ചു 

റിയാദ്: സഊദിയിൽ മാൻഹോളിൽ വീണു മലപ്പുറം സ്വദേശി മരിച്ചു. റിയാദ് ശിഫ സനയ്യയില്‍ ജോലി ചെയ്യുന്ന മലപ്പുറം ചട്ടിപ്പറമ്പ് നല്ലോളിപറമ്പില്‍ സ്വദേശി കുട്ടശ്ശേരി അബ്ദുറശീദ് (49) ആണ് മരിച്ചത്.
 
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് കടയിലെ വേസ്റ്റ് സാധനങ്ങള്‍ സമീപത്തെ ബലദിയ കണ്ടെയ്‌നറില്‍ നിക്ഷേപിക്കാന്‍ സഹപ്രവര്‍ത്തകനായ പാകിസ്ഥാനിയോടൊപ്പം പോയതായിരുന്നു. ആദ്യം കടയില്‍ തിരിച്ചെത്തിയ പാകിസ്ഥാനി പിന്നില്‍ നിന്ന് ഒരു ശബ്ദം കേട്ടു. അബ്ദുറശീദിനെ കാണാനില്ലാത്തതിനാല്‍ തിരികെ ചെന്ന് നോക്കിയപ്പോള്‍ സമീപത്തെ ഗോഡൗണിന് മുന്നിലെ മാന്‍ഹോള്‍ പൊട്ടിക്കിടക്കുന്നത് കണ്ടു. ഇതില്‍ റശീദ് വീണതാകാമെന്ന സംശയത്തില്‍ സിവില്‍ ഡിഫന്‍സിനെ വിവരം അറിയിച്ചു.
 
സിവില്‍ ഡിഫന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കുഴിയില്‍ ആളനക്കമൊന്നും കണ്ടില്ല. തുടര്‍ന്ന് തെര്‍മല്‍ കാമറ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്.  തുടര്‍ന്ന് വെള്ളം വറ്റിച്ച് ഒരു മണിക്കൂറിനകം പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. 21 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം  കർട്ടൻ, സോഫ മെറ്റീരിയൽ വിൽക്കുന്ന കടയിലാണ് ജോലി ചെയ്യുന്നത്.  ഹസീനയാണ് ഭാര്യ. മക്കള്‍: റംശാദ്, റംസീന, റിശാന, റിന്‍ശ.
 
ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധുവായ ഇഹ്‌സാനെ സഹായിക്കുന്നതിന് കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടി രംഗത്തുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.