2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തടി കൂടുതലാണോ? എങ്കില്‍ മാങ്ങ കഴിച്ചോളൂ

ഫിറോസ് അഹമ്മദ്

 

ആരോഗ്യ പംക്തികളില്‍ ഏറ്റവും കൂടുതല്‍ സ്ഥലവും സമയവും അപഹരിക്കുന്നത് ഇന്ന് പൊണ്ണത്തടി കുറയ്ക്കുന്ന സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണെന്നത് വസ്തുതയാണ്. തടി കുറയ്ക്കാന്‍ പാടു പെടുന്നവര്‍ ആധുനിക കാലഘട്ടത്തിലെ വിലയേറിയ സംവിധാനങ്ങള്‍ക്ക് പിന്നാലെ പായുന്നത് നിത്യേന കാണുന്ന കാഴ്ചയാണ്.
നിങ്ങള്‍ എപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ പറമ്പില്‍ ലഭിക്കുന്ന ഫലങ്ങളും ഇല വര്‍ഗങ്ങളും പൊണ്ണത്തടി നിയന്ത്രിക്കാനും കുറയ്ക്കാനും പര്യാപ്തമായവയാണെന്ന്. അഥവാ അത്തരം ഫലങ്ങളോ പച്ചക്കറി വര്‍ഗങ്ങളോ വളര്‍ത്താനോ ഉള്ളവ കഴിക്കാനോ നിങ്ങള്‍ തയാറാകാറുണ്ടോ. ഇല്ലെന്നായിരിക്കും ഉത്തരം. കാരണം പറമ്പില്‍ സുലഭമായി കിട്ടുന്ന ചക്കയോ മാങ്ങയോ പപ്പായയോ ഒന്നും താല്‍പര്യമില്ലാതിരിക്കുകയും വിപണിയില്‍ നിന്ന് സ്‌ട്രോബറി പോലുള്ള വിലയേറിയതും കീടനാശിനി സാന്നിധ്യമുള്ളവയുമായി പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നതാണ് പ്രിയം. എന്നിട്ട് തടിക്കു പുറമേ മറ്റ് അസുഖങ്ങള്‍ക്കുകൂടി ചികിത്സ തേടുന്നു.

 

മാങ്ങ

മിക്ക വീടുകളിലും മാങ്ങ സുലഭമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലം മാമ്പഴക്കാലം കൂടിയാണ്. റോഡില്‍ വീണുകിടക്കുന്ന മാങ്ങ വാഹനം നിര്‍ത്തി എടുത്തു കൊണ്ടു പോകുന്നവരെ കാണാം. എന്നാല്‍ ഇത് ഗൗനിക്കാതെ പോകുന്നവരാണ് അധികവും. മാങ്ങയുടെ ഗുണം അറിഞ്ഞവരാണ് അത് എടുത്തുകൊണ്ടുപോകുന്നത്. പൊണ്ണത്തടി കുറയ്ക്കാന്‍ ഉത്തമമായ ഫലവര്‍ഗമാണ് മാങ്ങ. മറുനാടന്‍ പഴവര്‍ഗങ്ങളായ കിവി, ആപ്പിള്‍ എന്നിവ വര്‍ഷത്തില്‍ എല്ലാ സമയത്തും ലഭ്യമാണ്. മാങ്ങ വേനല്‍ക്കാലത്തിന്റെ മാത്രം സംഭാവനയാണ്.
നമുക്ക് ഓരോ ഋതുവിലും വ്യത്യസ്ത ഫലവര്‍ഗങ്ങളാണ് ലഭിക്കുന്നത്. അവ നമ്മള്‍ കഴിക്കേണ്ടതുണ്ട്. കാലാകാലങ്ങളിലുണ്ടാവുന്ന പല അസുഖങ്ങള്‍ക്കുമുള്ള പ്രതിവിധികളാണ് ഈ ഫലങ്ങള്‍ എന്നു മനസിലാക്കണം.
മാങ്ങയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, വിറ്റാമിന്‍ എ, സി, ബി-6, ഫോളേറ്റ്, മഗ്നീഷ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും കാര്‍ബും ധാരാളമായി മാമ്പഴത്തിലുണ്ട്.

 

ഗ്ലൂക്കോസ് നില

ശരീരത്തിലെ ഗ്ലൂക്കോസ് നിലയെ സ്വാധീനിക്കുന്നതാണ് പഴവര്‍ഗങ്ങള്‍. ഒരു പഴത്തിന്റെ ഗ്ലിസെമിക് ഇന്‍ഡെക്‌സ് നോക്കിയാണ് അത് നിങ്ങളുടെ ഗ്ലൂക്കോസ് നിലയെ എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസിലാക്കേണ്ടത്. ഉദാഹരണത്തിന് മാമ്പഴത്തിന്റെ ജിഐ 41നും 60നും ഇടയിലാണ്. ശരാശരി 51. 55ലും അതില്‍ കൂടുതലും ജിഐ ഉള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് പ്രമേഹം പോലെ ചില പ്രത്യേക ശാരീരിക അസ്വാസ്ഥ്യങ്ങളുള്ളവര്‍ക്ക് ദോഷം ചെയ്യുന്നതാണ്. അതേസമയം 51ല്‍ താഴെ ജിഐ ഉള്ള പഴവര്‍ഗങ്ങള്‍ പൊതുവേ ദോഷകരമല്ല. എങ്കിലും കഴിക്കുന്നതില്‍ മിതത്വം പാലിക്കണം എന്നുമാത്രം.

 

തടികുറയ്ക്കുന്നത്

മാങ്ങയുടെ സാങ്കേതിക വശം അവിടെ നില്‍ക്കട്ടെ. തടി കുറയ്ക്കുന്നതില്‍ അതിന്റെ പങ്ക് എന്തെന്നു നോക്കാം. ഭാരം കൂട്ടുന്ന പഴവര്‍ഗമാണ് മാങ്ങയെന്നാണ് പൊതുധാരണ. അമിതമായാല്‍ എന്തും വിഷമയമാണെന്നു പറയുന്നതുപോലെ. എന്നാല്‍ മിതത്വം പാലിച്ചു കഴിച്ചാല്‍ തടി കുറയ്ക്കാന്‍ മാങ്ങയ്ക്കു കഴിയും. മറ്റ് ആഹാര സാധനങ്ങള്‍ക്ക് ഒപ്പമോ ശേഷമോ മാങ്ങ കഴിച്ചാല്‍ തടി കൂടും. അധികം കലോറി കഴിക്കുന്നതിനു തുല്യമാണത്. ഒരു ഇടത്തരം മാങ്ങ 150 ഗ്രാം ഭാരം വരുന്നതാണ്. ഇത്രയും മാങ്ങ ഭക്ഷണത്തിനൊപ്പം അകത്തെത്തുമ്പോള്‍ തീര്‍ച്ചയായും കലോറി വര്‍ധിക്കും.
ഒരു നേരത്തെ ഭക്ഷണം മാമ്പഴമാക്കുകയാണ് തടി കുറയ്ക്കാന്‍ ചെയ്യേണ്ടത്. വറുത്തതും പൊരിച്ചതും കഴിക്കാന്‍ തോന്നുമ്പോള്‍ മാങ്ങ കഴിക്കാം.

 

വ്യായാമവും മാങ്ങയും

വ്യായാമം ചെയ്യുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാങ്ങ കഴിച്ചാല്‍ അത് നിങ്ങളെ ഊര്‍ജസ്വലനായി നിര്‍ത്തുകയും കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ചെയ്യാനും സാധിക്കും. എനേര്‍ജി ഡ്രിങ്ക് കുടിക്കുന്ന ഫലമാണ് അത് ചെയ്യുക. കാര്‍ബ് കൂടാതെ വിറ്റാമിന്‍ സിയും ധാരാളമായി ഇതിലുണ്ട്.

 

ഓര്‍ക്കേണ്ടത്

എന്തെങ്കിലും ആഹാരം കഴിച്ച ശേഷം മാങ്ങ കഴിക്കുന്നത് തടി കൂടുന്നതിലേക്ക് നയിക്കും. പഴങ്ങളും പച്ചക്കറികളും കലോറി കുറയ്ക്കുന്നതാണ്. മാങ്ങയും ഇതുതന്നെയാണ് ചെയ്യുന്നത്. എപ്പോഴും കഴിക്കുന്നതിന്റെ ഇരട്ടി കലോറി എരിച്ചുകളയുക എന്നതാണ് ഭാരം കുറയ്ക്കുന്നതിലേക്കുള്ള ഏറ്റവും നല്ല വഴിയെന്നും മനസിലാക്കി വയ്ക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.