2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

മാനന്തവാടിയിലെ ‘മയിലമ്മ’മാര്‍

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടക്കൊലയ്ക്കിരയായ മധു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചുകളഞ്ഞിട്ട് അധികം നാളായിട്ടില്ല. നാടുമുഴുവന്‍ ആദിവാസിസ്‌നേഹം വഴിഞ്ഞൊഴുകുന്നതു കണ്ടു അതിനു പിറകെ നാം. എന്നാല്‍, പെട്ടെന്നുണ്ടായ ഒരു സംഭവത്തോടുള്ള കപടതനിറഞ്ഞ പ്രതികരണത്തിനപ്പുറം ഒന്നുമല്ല അതെന്നു തെളിയിക്കുന്നതാണ്, വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ഒരുകൂട്ടം ആദിവാസി സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന അതിജീവനസമരം. അധികാരികളും സമ്പന്നവര്‍ഗവും കള്ളുകൊടുത്തു കൊല്ലുന്ന ആദിവാസി ജീവിതങ്ങളെ രക്ഷിക്കാന്‍ നടത്തുന്ന ഒരു സഹനസമരം അവിടെ 770 ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മധുവിനു വേണ്ടി ശബ്ദിച്ച ഒറ്റ രാഷ്ട്രീയ-സാമൂഹിക കക്ഷികളും പക്ഷെ ഈ സമരം കണ്ട ഭാവം പോലുമില്ല

 

ഷഫീഖ് മുണ്ടക്കൈ

2006 കാലം. മാനന്തവാടി ടൗണില്‍നിന്ന് ബസിനു പത്തു രൂപ പോയിന്റുള്ള പയ്യമ്പള്ളി കോളനി. അസൗകര്യങ്ങള്‍ക്കു നടുവില്‍ നാല്‍പതോളം വീടുകള്‍. ഇതിനിടയിലെ വിധവയായ മാക്കയുടെ കൊച്ചുവീട്. വീടിന്റെ ഉമ്മറത്ത് ആളുകള്‍ കൂടിയിരിക്കുന്നു. കോലായില്‍ വെള്ളപുതച്ച് ഒരു മൃതദേഹം മണ്ണിലിറങ്ങാന്‍ കാത്തുകിടക്കുന്നു. വിധവയായ മാക്കയുടെ മകനാണത്. പ്രായം 20 വയസ്. മരണകാരണം ബ്ലഡ് കാന്‍സര്‍.

മകന്റെ മൃതദേഹത്തിനരികില്‍ വേദന കടിച്ചുപിടിച്ചിരുന്ന മാക്കയുടെ മനസ് മുഴുവന്‍ വരാനിരിക്കുന്ന തലമുറയിലും അവരുടെ ദുരന്തചിത്രങ്ങളിലുമായിരുന്നു. അധ്വാനത്തിനു പകരമായി മദ്യം മാത്രം ആവശ്യപ്പെടുന്ന ഒരു തലമുറ. വേണ്ടത്ര മദ്യം നല്‍കി അവരുടെ അധ്വാനത്തില്‍നിന്നു ലാഭമുണ്ടാക്കുന്ന മറ്റൊരു സമൂഹം. കൊടകിലെ ഇഞ്ചിത്തോട്ടങ്ങളില്‍ വച്ചു കുടിച്ചുതീര്‍ത്ത പാക്കറ്റ് ചാരായമാണ് മകന്റെ ജീവനെടുത്തതെന്ന സത്യം മാക്കയുടെ ഉള്ളുപൊള്ളിച്ചു. മദ്യം കാരണമുള്ള ദുരന്തങ്ങള്‍ തന്നെപ്പോലെ മറ്റൊരാള്‍ അനുഭവിക്കരുതെന്ന് മാക്ക ദൃഢനിശ്ചയമെടുത്തു. മാക്കയുടെ കലങ്ങിയ കണ്ണുകള്‍ക്കു ചുവപ്പിന്റെ നിറം. പയ്യമ്പള്ളി കോളനിയില്‍ മദ്യവിഷത്തിനെതിരേ ഒരു ‘മയിലമ്മ’ പിറക്കുകയായിരുന്നു അപ്പോള്‍.

മാനന്തവാടി മിനി സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിന്റെ ചുറ്റുമതിലില്‍ ചേര്‍ത്തുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റ്. അതിനു ചുവട്ടില്‍ ഉച്ചവെയിലിന്റെ തീക്ഷ്ണതയിലും വെള്ളയുടെ കണ്ണുകള്‍ ജ്വലിക്കുന്നു. പിറന്ന മണ്ണില്‍ മക്കള്‍ക്കു മനസമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ മരിക്കുകയല്ലേ നല്ലത്, പയ്യമ്പള്ളി കോളനിയിലെ തന്നെ വെള്ള സോമന്‍ എന്ന പുറംലോകമറിയാത്ത വിപ്ലവകാരിയുടെ മൂര്‍ച്ചയുള്ള സ്വരം. മാക്കയുടെ ദുരന്തജീവിതത്തിനു സാക്ഷിയായതിനു പുറമേ, സ്വയം അനുഭവിച്ച ദുരന്തങ്ങളും പീഡനങ്ങളുമാണ് വെള്ളയെ മദ്യത്തിനെതിരേയുള്ള സമരനിരയിലെ നിത്യസാന്നിധ്യമാക്കിയത്.
”ഞങ്ങള്‍ക്കും സ്വപ്നങ്ങളുണ്ട്. മക്കള്‍ക്കു നല്ല വിദ്യാഭ്യാസം, ജോലി, സന്തോഷം നിറഞ്ഞ വീട് എല്ലാം ഞങ്ങളും കൊതിക്കുന്നുണ്ട്. എന്നാല്‍ മദ്യമെന്ന വിഷം ഞങ്ങളെ ഇല്ലാതാക്കുകയാണ്. അവരുടെ സംസ്‌കാരം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, കലകള്‍ എല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ നശിപ്പിക്കപ്പെടുന്നു. മദ്യപിച്ചെത്തുന്ന ഭര്‍ത്താവിനെ ഭയന്ന് കോളനിയിലെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനാകാതെ ചോരക്കുഞ്ഞിനെയും കൊണ്ട് വീടിനു പുറത്തു കാട്ടില്‍ കിടന്നുറങ്ങിയ ഓര്‍മകള്‍ വരെയുണ്ട് ”- പരിഹാസങ്ങളിലും തളരാതെ സമരരംഗത്ത് ഇരിപ്പുറപ്പിച്ച വെള്ളയുടെ കണ്ണുകള്‍ ഇതു പറയുമ്പോള്‍ നനഞ്ഞിരുന്നു.
ഭരണകൂടങ്ങളുടെ സൗജന്യങ്ങളല്ല ഞങ്ങള്‍ക്കു വേണ്ടത്, സമാധാനമാണ്. അതിനു മദ്യം ഇല്ലാതാകണം. അതിനു മരണം വരെ ഞങ്ങള്‍ പോരാടുമെന്ന് അവര്‍ ഉറച്ചുപറയുന്നു. മദ്യമെന്ന വിഷം കാരണം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുന്ന ആദിവാസി സമൂഹത്തിന്റെ സ്വസ്ഥജീവിതത്തിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്വപ്നം കണ്ടാണ് മാനന്തവാടിയിലെ ഈ മയിലമ്മമാരുടെയും, അവര്‍ക്കൊപ്പം അണിനിരക്കുന്ന സമരക്കാരുടെയും പ്രഭാതങ്ങള്‍ ആരംഭിക്കുന്നത്.

 

പോരാടാനുറച്ച് അമ്മമാര്‍,കുടിപ്പിച്ചേ അടങ്ങൂവെന്ന് സര്‍ക്കാര്‍

മദ്യവിഷത്തിനെതിരേ ഒരേ ദിശയില്‍ ചിന്തിച്ച മാക്കയും വെള്ളയും പോരാടാനുറച്ചതോടെ കോളനിയില്‍ ചെറിയ ചലനങ്ങളുണ്ടായി. ഭയന്നുവിറച്ചു കഴിഞ്ഞിരുന്ന ആദിവാസി സ്ത്രീകളെ ഒപ്പം നിര്‍ത്തി ഇവര്‍ കോളനിയില്‍ മദ്യമെത്തിക്കുന്നവരെ പ്രതിരോധിച്ചു. ഇതിനിടയില്‍ കുടി നിന്നാല്‍ വരുമാനം നിലക്കും എന്നു തിരിച്ചറിവുള്ള അധികൃതര്‍ കോറോം-മക്കിയാടിനു സമീപം ചീപ്പാട് സര്‍ക്കാര്‍ വക മദ്യശാല തുറന്നു. കുടിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു മദ്യശാലക്കെതിരേ നാട്ടുകാരും സംഘടിച്ചു. മദ്യദുരന്തങ്ങളുടെ നേരനുഭവങ്ങള്‍ ഏറെയുള്ള മാക്കയും വെള്ളയും ആവേശത്തോടെ ചീപ്പാട് സമരപ്പന്തലിലേക്കെത്തി. ജനങ്ങളുടെ പ്രതിരോധത്തിനു മുന്നില്‍ സമരത്തിന്റെ 36-ാം നാള്‍ സര്‍ക്കാരിനു മദ്യശാല പൂട്ടേണ്ടിവന്നു.
ഈ സമരവിജയം മറ്റൊരു പോരാട്ടത്തിനു നാന്ദി കുറിക്കുകയായിരുന്നു. ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങളെ ഇല്ലാതാക്കുന്ന മാനന്തവാടി ബിവറേജ് ഔട്ട്‌ലെറ്റിനെതിരേ സമരത്തിനൊരുങ്ങാന്‍ മാക്കയും വെള്ളയും തീരുമാനിച്ചു. പയ്യംമ്പള്ളി കോളനിയിലെയും സമീപ കോളനികളിലെയും സമാനചിന്താഗതിക്കാര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ മദ്യമെന്ന വിഷത്തിനെതിരേയുള്ള ആദിവാസി അമ്മമാരുടെ വിപ്ലവദൗത്യം ആരംഭിച്ചു. 2016 ജനുവരി 27ന് ബിവറേജ് ഔട്ട്‌ലെറ്റിനു സമീപം ആദിവാസി അമ്മമാരുടെ സഹന സമരപ്പന്തല്‍ ഉയര്‍ന്നു.
മാസങ്ങള്‍ നീങ്ങി. പല കോണില്‍നിന്നും പരിഹാസങ്ങളും ഭീഷണിയും നേരിട്ടു. എന്നിട്ടും വാടാതെ ആദിവാസി അമ്മമാര്‍ പട്ടിണി മറക്കാന്‍ മുണ്ടുമുറുക്കിയുടുത്ത് ഇരിപ്പു തുടര്‍ന്നു. എന്നാല്‍ ഇതിനിടയില്‍ അശരണരായ സമരക്കാര്‍ക്കെതിരേ ഭരണകൂട, പൊലിസ്, ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് ഒരുക്കിയ തിരക്കഥക്കു നിയമത്തിന്റെ പിന്‍ബലം കൂടി ലഭിച്ചു. 2017 ഏപ്രില്‍ 17നു നടന്ന ഉപരോധ സമരത്തെ തുടര്‍ന്നു സമരക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ബിവറേജ് പരിസരത്തേക്കു പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ കോടതി ജാമ്യം അനുവദിച്ചു.
അതോടെ സമരം മാനന്തവാടി മിനി സിവില്‍ സ്റ്റേഷനു മുന്നിലേക്കു മാറ്റി. 770 ദിനങ്ങള്‍ പിന്നിട്ട സമരപ്പന്തലില്‍ ഇന്നും അവരെത്തുന്നതു വിഷം വിളമ്പുന്ന സര്‍ക്കാരിന്റെ മദ്യശാലയ്ക്കു പൂട്ടു വീഴുന്നതും സ്വപ്നം കണ്ടാണ്. ഇതിനിടയില്‍ പുതിയ സര്‍ക്കാര്‍ ഔട്ട്‌ലെറ്റിനു പുറമേ, ക്യൂ നില്‍ക്കാന്‍ മടിയുള്ള മറ്റൊരു സമൂഹത്തെ ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ ജനുവരി 23ന് ഇതേ കെട്ടിടത്തില്‍ പ്രീമിയം കൗണ്ടറും തുറന്നു. കെട്ടിടത്തിനു വേണ്ടത്ര സുരക്ഷയില്ലെന്ന സര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടുള്ള കെട്ടിടത്തില്‍ തന്നെയാണ് പ്രീമിയം കൗണ്ടറും തുറന്നതെന്നു മറ്റൊരു ഭരണകൂട തമാശ.

 

സമരപ്പന്തല്‍

മാക്ക, വെള്ള സോമന്‍ എന്നിവരെ കൂടാതെ പാട്ടവയല്‍ കോളനി, കൊയ്‌ലേരി പൊട്ടന്‍കൊല്ലി കോളനി, പുതിയിടം കോളനി, വെള്ളമുണ്ട മേശ്ശേരി കോളനി, വീട്ടുചാല്‍ നാലു സെന്റുകോളനി, മുള്ളന്‍തറ കോളനി എന്നിവിടങ്ങളില്‍നിന്നും ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍നിന്നുമുള്ളവരാണു ഭരണകൂടങ്ങളും പൊതുസമൂഹവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും അവഗണിച്ചിട്ടും മരണംവരെ പോരാടുമെന്നുറച്ചു ദിവസവും വള്ളിയൂര്‍ക്കാവ് റോട്ടിലെ സമരപ്പന്തലിലെത്തിയിരുന്നത്. എന്നാല്‍ സമരത്തെ ഭരണകൂടം പാടേ അവഗണിച്ചതോടെ പലരും പിന്‍വാങ്ങി. കുടിയന്മാരായ ഭര്‍ത്താക്കന്മാരുടെയും മറ്റും ഭീഷണിയും പട്ടിണിയും ആദിവാസി സ്ത്രീകളുടെ നിസഹായാവസ്ഥയ്ക്കു കാരണമായി.
നിലവില്‍ സമരം വീണ്ടും സജീവമായിരിക്കുകയാണ്. ജനകീയ സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങളും അരങ്ങേറി. എന്നിട്ടും കുലുങ്ങാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് സര്‍ക്കാരും ജില്ലയിലെ ജനപ്രതിനിധികളും. സമരക്കാരെ പരിഹസിക്കുന്നവരും കുറവല്ല. പരിഹസിച്ചവരില്‍ ആദിവാസികളില്‍നിന്നു നേതൃപദവിയിലേക്ക് ഉയര്‍ന്നുവന്ന സി.കെ ജാനു വരെയുണ്ട്. സമരത്തിന്റെ തുടക്കത്തില്‍ ജാനുവിനെ വിളിച്ചിരുന്നെന്നും വരാമെന്നു സമ്മതിച്ചതായും മാക്ക പറയുന്നു. ജാനുവിന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷമായ രീതിയില്‍ ഇവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതികരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ താല്‍പര്യം മാത്രമാണ് ജാനുവിന്റെ പ്രസ്താവനയുടെ പിന്നിലെന്നാണ് ഇവര്‍ പറയുന്നത്.
പൊലിസ് അനീതിക്കു കൂട്ടുനില്‍ക്കുന്ന ദുരനുഭവവും സമരക്കാര്‍ക്കുണ്ട്. വിവിധ സംഭവങ്ങളിലായി സമരക്കാര്‍ക്കെതിരേ അഞ്ചോളം കേസുകളാണ് മാനന്തവാടി പൊലിസ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

ആരു വന്നാലും അവഗണന തന്നെ

ദയാഭായി, ഒ.ജെ ചിന്നമ്മ ടീച്ചര്‍, സോണിയ മല്‍ഹാര്‍, തായാട്ട് ബാലന്‍, ജേക്കബ് വടക്കഞ്ചേരി, ഗീതാനന്ദന്‍, സീതത്തോട് രാമചന്ദ്രന്‍ തുടങ്ങിയ മനുഷ്യാവകാശ-മദ്യവിരുദ്ധ-ദലിത് നേതാക്കള്‍ ഉള്‍പെടെ സമരപ്പന്തലിലെത്തി. ആരു വന്നിട്ടും കാര്യമില്ല, ഇതിവിടന്നു മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചു തന്നെയായിരുന്നു ഭരണകൂടങ്ങളും ബെവ്‌കോ അധികൃതരും.
ഏറ്റവും ഒടുവില്‍ മെയ് 20ന് മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ, ജയശ്രീ എന്നിവരും ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര്‍ നീലകണ്ഠനും സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. സമരം ഭരണഘടന നല്‍കുന്ന അവകാശത്തിനുള്ളതാണെും ഇതു കണ്ടില്ലെന്നു നടിക്കുന്ന അധികാരികളുടെ സമീപനത്തിനെതിരേ ജനരോഷമുയരണമെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പറഞ്ഞു. പ്രമുഖരുടെ സന്ദര്‍ശനം സമരക്കാരുടെ ഊര്‍ജം കൂട്ടിയെങ്കിലും ഭരണ-രാഷ്ട്രീയ വര്‍ഗം എല്ലാം സമ്പൂര്‍ണമായി അവഗണിക്കുകയാണു ചെയ്തത്.

 

തെരഞ്ഞെടുപ്പ് കാലത്തെ ആദിവാസിപ്രേമം

വയനാടിനെ കൊടുംവരള്‍ച്ചയിലേക്കു നയിക്കുന്ന ചുടുസൂര്യനെ തോല്‍പ്പിച്ചു സമരപ്പന്തലില്‍ വിയര്‍ത്തൊലിച്ചു സത്യഗ്രഹമിരിക്കുന്ന ആദിവാസി അമ്മമാര്‍, തെരഞ്ഞെടുപ്പുകാലത്തു മാത്രം ആദിവാസിപ്രേമം നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊലിയുരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് കുപ്പി കാണിച്ചു വോട്ട് നേടാമെന്ന കാലങ്ങളായി പാര്‍ട്ടികള്‍ പഠിച്ചുവച്ച ശീലങ്ങള്‍ ആദിവാസികള്‍ മറക്കില്ലെന്ന വിശ്വാസവും ഇവരുടെ അവഗണനയ്ക്കു പിന്നിലുണ്ട്.
മദ്യവര്‍ജനം പോംവഴിയാക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷവും മദ്യനിരോധനത്തിനു നിലകൊള്ളുന്ന കോണ്‍ഗ്രസും ഇതുവഴി തിരിഞ്ഞുനോക്കിയിട്ടില്ല. ‘സമരം എന്തു കൊണ്ട് അവഗണിക്കപ്പെടുന്നു’ എന്ന വിഷയത്തില്‍ മാനന്തവാടി പഴശ്ശി ഗ്രന്ഥശാല സംഘടിപ്പിച്ച ചര്‍ച്ചയില്‍ പോലും ബി.ജെ.പി, സി.പി.എം പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. മാത്രമല്ല, 2016 ജനുവരിയില്‍ മദ്യശാല ആദിവാസികള്‍ക്കു ഭീഷണിയാകുന്നുണ്ടെന്നു പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് 11നു മദ്യശാല പൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടപ്പോള്‍ 12നു മദ്യശാലയ്ക്കു പുതിയ ലൈസന്‍സ് നല്‍കിയാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മാനന്തവാടി നഗരസഭ തങ്ങളുടെ ആദിവാസിപ്രേമം പ്രകടിപ്പിച്ചത്.
ഉദ്യോഗസ്ഥതലത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരം ന്യായമാണെന്ന നിലപാടെടുത്ത മാനന്തവാടി തഹസില്‍ദാറെ സ്ഥലം മാറ്റിയും ഭരണകൂട-ഉദ്യോഗസ്ഥ കൂട്ടുകെട്ട് അധസ്ഥിതരുടെ സമരം തകര്‍ക്കാന്‍ മുന്‍കൈയെടുത്തു. ആദിവാസി വിഭാഗങ്ങള്‍ എന്നും അണിയറയ്ക്കു പിന്നില്‍ മതിയെന്ന സവര്‍ണ ചിന്താഗതി തന്നെയാണ് ഇടതുപക്ഷം ഉള്‍പെടെയുള്ളവര്‍ ഈ സമരത്തിന്റെ കാര്യത്തിലും ഇപ്പോഴും തുടര്‍ന്നുപോരുന്നത്.

 

സമരവിജയത്തിന് ആയുസ് ഒരു ദിനം

2016 ഓഗസ്റ്റ് 11. അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. 12ന് ഉച്ചയ്ക്ക് ഒരുമണി മുതല്‍ ഔട്ട്‌ലെറ്റ് തുറന്നുപ്രവര്‍ത്തിക്കുന്നതു തടഞ്ഞായിരുന്നു ഉത്തരവ്. 2016 ജൂലൈ 31നകം ഔട്ട്‌ലെറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയോ അടയ്ക്കുകയോ ചെയ്യണമെന്ന് 2016 ജൂണ്‍ 22ന് ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ബിവറേജസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. കോര്‍പറേഷന്‍ ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണു പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം (1989) സെക്ഷന്‍ 17(2) പ്രകാരവും ക്രിമിനല്‍ നടപടിക്രമത്തിലെ സെക്ഷന്‍ 144 അനുസരിച്ചും കലക്ടര്‍ ഉത്തരവിട്ടത്.
വയനാട്ടിലെ മാനന്തവാടിയിലെയും എടവക ഗ്രാമപഞ്ചായത്തിലെയും 18 പട്ടികവര്‍ഗ കോളനികളെ അമിതമായ മദ്യാസക്തി കാരണം പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം (1989) സെക്ഷന്‍ 17 പ്രകാരം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേ അതിക്രമത്തിനു സാധ്യതയുള്ള പ്രദേശങ്ങളായി 2016 ഓഗസ്റ്റ് ഒന്‍പതിന് മാനന്തവാടി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു.

കൂടാതെ മാനന്തവാടിയിലെയും എടവക ഗ്രാമപഞ്ചായത്തിലെയും 18 പട്ടികവര്‍ഗ കോളനികള്‍ അമിത മദ്യോപഭോഗം കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി 2016 ജൂലൈ 30ന് മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. ഈ ആദിവാസി കോളനികളില്‍ മദ്യം ലഭ്യമാവുന്നത് മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്നാണെന്നു കണ്ടെത്തിയതിനാലാണ് കലക്ടര്‍ അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിച്ചത്.
എന്നാല്‍ ഈ സമരവിജയത്തിന് ആയുസ് തീരെ കുറവായിരുന്നു. കലക്ടറുടെ ഉത്തരവിനെതിരേ 12ന് ഉച്ചയോടെ ബിവറേജ് കോര്‍പറേഷന്‍ അധികൃതര്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചു. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന 2016 ഡിസംബര്‍ 15ലെ സുപ്രിംകോടതി വിധിയില്‍ പ്രതീക്ഷയര്‍പ്പിച്ചെങ്കിലും അതും അസ്ഥാനത്തായി. ഇതിനിടെ പൊതുസമൂഹത്തിന്റെ ശക്തമായ ചെറുത്തുനില്‍പ്പു കാരണം മടക്കിമല-കെല്‍ട്രോണ്‍ മുക്കില്‍ ആരംഭിച്ച കള്ളുഷാപ്പിനു താഴുവീണിരുന്നു. ഇതും ആദിവാസി എന്നും പിന്നണിയില്‍ മതിയെന്ന പൊതുബോധം ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചു.

 

കീഴടങ്ങാനൊരുക്കമല്ല

അവഗണനയുടെ 770 ദിനങ്ങള്‍ പിന്നിട്ടെങ്കിലും മരണം വരെ എന്നു മനസിലുറപ്പിച്ചാണ് ഇപ്പോഴും ആദിവാസികള്‍ സമരപ്പന്തലിലെത്തുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കല്ല, ഒരു സമൂഹത്തിന്റെ രക്ഷയ്ക്കായാണ് ഇവരുടെ സഹനസമരം. ദിവസവും 700 മുതല്‍ 900 രൂപ വരെ കൂലി വാങ്ങുന്ന ആദിവാസികളുണ്ട്. എന്നിട്ടും ഇവരുടെ കൂരകളിലെ കുടുംബങ്ങള്‍ക്കു മാന്യമായ ജീവിതസാഹചര്യമുണ്ടാകുന്നില്ല. കിട്ടിയ പണം സര്‍ക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും കള്ളുഷാപ്പുകളിലും കൊടുത്തുതീര്‍ക്കുകയാണ്. മദ്യം എന്ന വിഷം കോളനികളിലെ യുവതലമുറയുടെ ലൈംഗികശേഷി പോലും ഇല്ലാതാക്കുന്നു. പെന്‍ഷന്‍തുക മദ്യം വാങ്ങാന്‍ നല്‍കാത്തതു കാരണം അമ്മയെ തലക്കടിച്ചുകൊന്ന സംഭവവും ഈയടുത്ത് വയനാട്ടുണ്ടായി.
പിഞ്ചുകുഞ്ഞുങ്ങള്‍ വരെ മദ്യത്തിന്റെ ആസക്തിയറിഞ്ഞാണു കോളനികളില്‍ വളരുന്നത്. ഭീകരമാണു കോളനികളിലെ സ്ത്രീകളുടെ അവസ്ഥ. മദ്യപിച്ചെത്തുന്ന അച്ഛന്‍ മക്കളെ പീഡിപ്പിക്കുന്നു, സഹോദരന്‍ സഹോദരിയെ. പൊള്ളുന്ന അനുഭവങ്ങളാണു സമരപ്പന്തലിലെ ഓരോരുത്തര്‍ക്കും പറയാനുള്ളത്.
”ഞങ്ങളുടെ സംസ്‌കാരവും കലയും എല്ലാം ഇല്ലാതായി. ഇനി ഈ ജനത മാത്രമാണ് അവശേഷിക്കുന്നത്. മദ്യം എന്ന വിപത്ത് ഇല്ലാതാക്കിയില്ലെങ്കില്‍ ഈ സമൂഹം കൂടി ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെടും”-തീക്ഷ്ണമായ അനുഭവങ്ങളില്‍നിന്നു രൂപപ്പെട്ട വെള്ളയെന്ന സമരനായിക പറഞ്ഞുനിറുത്തി.

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.