
58 പേരാണ് അപകടത്തില്‍ മരിച്ചത്
ഹൈദരാബാദ്: തെലങ്കാനയില്‍ 58 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബസ്സോടിച്ചിരുന്ന ഡ്രൈവര്‍ ശ്രീനിവാസ് കഴിഞ്ഞമാസം ഏറ്റവും നല്ല ഡ്രൈവര്‍ക്കുള്ള സര്‍ക്കാറിന്റ അവാര്‍ഡ് നേടിയിരുന്നതായി റിപ്പോര്‍ട്ട്.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (ടി. എസ്. ആര്. ടി. സി) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏറ്റവും മികച്ച ഇന്ധനക്ഷമത സൂക്ഷിക്കുന്ന ഡ്രൈവര്‍ക്കുള്ള അവാര്‍ഡും ഇയാള്‍ കരസ്ഥമാക്കിയിരുന്നു.
ഇന്ത്യകണ്ട വലിയ ബസ് അപകടം ചൊവ്വാഴ്ച ഉച്ചയ്ക്കാണ് നടന്നത്. ഹൈദരാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ശിവരാജ്പേട് ഗ്രാമത്തിനു സമീപം റോഡിലെ ചുരത്തിലായിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവറും മരിച്ചിരുന്നു.
നിയന്ത്രണം വിട്ട ബസ് റോഡില്‍നിന്നു തെന്നി സമീപത്തുള്ള മലയിടുക്കിലേക്കു വീഴുകയായിരുന്നു. അപകടസമയം ബസില്‍ ജോലിക്കാരടക്കം 75ല്‍ അധികം പേര് ഉണ്ടായിരുന്നു.
എതിരെ വരുന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടയിലോ ഇറക്കവും വളവും ചേര്‍ന്ന സ്ഥലമായതിനാലോ നിയന്ത്രണം വിട്ടതായിരിക്കാം അപകടകാരണമെന്നാണ് തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മരിച്ചവരില്‍ 37 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെട്ടിരുന്നു. പരുക്കേറ്റ 28 പേരെ ജഗ്തിയല്‍, കരീംനഗര്‍ ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ പലരും സമീപപ്രദേശത്തുള്ള സ്ഥിരം യാത്രക്കാരായിരുന്നു. മരണകാരണം പ്രധാനമായും ശ്വാസം മുട്ടിയും തലക്കേറ്റ പരുക്കുമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.