2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

Editorial

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം


 

സുനാമി, ഓഖി ദുരന്തങ്ങളുടെ നടുക്കുന്ന ഓര്‍മകള്‍ കേരളത്തിന്റെ മനസ്സില്‍ നിന്നു മായുംമുമ്പ് മറ്റൊരു കടല്‍ അത്യാഹിതംകൂടി സംഭവിച്ചിരിക്കുകയാണ്. സുനാമിയും ഓഖിയും അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങളായിരുന്നെങ്കില്‍ കഴിഞ്ഞ തിങ്കളാഴ്ച പുറംകടലില്‍ ഉണ്ടായ ബോട്ടപകടം മനുഷ്യകരങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതാണ്.
കപ്പല്‍ച്ചാലിലൂടെയല്ലാത്ത കപ്പല്‍ യാത്ര മത്സ്യത്തൊഴിലാളികളുടെ ജീവനു ഭീഷണിയാണ്. മുനമ്പത്തു നിന്നു പോയ ഓഷ്യാനിക് എന്ന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടവും ഈ വഴിമാറി സഞ്ചാരത്തിന്റെ ദുരന്തമാണ്. 200 നോട്ടിക്കല്‍ മൈല്‍ അകലെ വരെ മീന്‍പിടിത്ത ബോട്ടുകള്‍ക്കു പോകാം. എന്നാല്‍, അത്രയും എത്തുംമുമ്പാണ് അതിരുകടന്നെത്തുന്ന കപ്പലുകള്‍ ദുരന്തം വിതയ്ക്കുന്നത്.

മരിച്ച മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സംഭവദിവസം കണ്ടെടുത്തെങ്കിലും ഒമ്പതുപേരെക്കുറിച്ച് ഒരു വിവരവുമില്ല. തെരച്ചില്‍ തുടരുകയാണ്. അപകടം വരുത്തിയതെന്നു സംശയിക്കുന്ന ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എം.വി ദേശശക്തിടാങ്കര്‍ മുംബൈ തീരത്തും വേറെ രണ്ടു കപ്പലുകള്‍ മംഗലാപുരത്തും തടഞ്ഞുവച്ചിട്ടുണ്ട്.
ഏതു കപ്പലാണ് അപകടം വരുത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഓഷ്യാനിക്ക് ബോട്ടിനെ ഇടിച്ചത് തങ്ങളുടെ കപ്പലല്ലെന്നാണ് എം.വി ദേശശക്തി കപ്പലിന്റെ ക്യാപ്റ്റന്‍ പറയുന്നത്. അത് എത്രമാത്രം വിശ്വാസയോഗ്യമാണെന്ന് തുടര്‍ അന്വേഷണങ്ങളിലൂടെ മാത്രമേ വ്യക്തമാകൂ. ഇത്തരം അപകടങ്ങള്‍ വിതയ്ക്കുന്ന കപ്പലുകളെക്കുറിച്ചു പിന്നീട് ഒരു വിവരവും കിട്ടുന്നില്ലെന്നതു സങ്കടകരമാണ്.
നേരത്തേ മൂന്നു കപ്പലുകള്‍ മത്സ്യബന്ധനബോട്ടുകളെ ഇടിച്ചുതകര്‍ത്തു കടന്നുകളഞ്ഞിരുന്നു. അവയെക്കുറിച്ച് ഇപ്പോഴും ഒരു സൂചനയും കിട്ടിയിട്ടില്ല. ഒന്നരവര്‍ഷത്തിനിടയില്‍ ഏഴാമത്തെ കടല്‍ അപകടമാണു കേരളതീരത്തുണ്ടാകുന്നത്. അപകടം തുടരെത്തുടരെ സംഭവിക്കുമ്പോഴും മത്സ്യത്തൊഴിലാളികള്‍ക്കു രക്ഷയാകേണ്ട മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല.

കപ്പലുകള്‍ നിശ്ചിത സഞ്ചാരപഥങ്ങളൊഴിവാക്കി തലങ്ങും വിലങ്ങും പായുന്നതാണ് അപകടങ്ങള്‍ക്കു കാരണമെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സമുദ്രാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ അവയുടെ സഞ്ചാരപഥവും എങ്ങോട്ടുപോകുന്നുവെന്ന വിവരങ്ങളും യഥാസമയം കൊച്ചിന്‍പോര്‍ട്ട് ട്രസ്റ്റിനെ അറിയിക്കണമെന്നാണു വ്യവസ്ഥ. ഇതു പാലിക്കപ്പെടുന്നില്ലെന്ന ആരോപണമുണ്ട്. വീഴ്ചവരുത്തുന്ന കപ്പലുകളെ കണ്ടെത്തി നടപടിയെടുക്കാനും ശ്രമിക്കാറില്ല.

പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുവാന്‍ ആധുനികകാലത്തു നൂതനസംവിധാനങ്ങളുണ്ട്. മനുഷ്യര്‍ വരുത്തുന്നതിനെ അങ്ങനെ നിയന്ത്രിക്കാനാവില്ലല്ലോ. തെറ്റുവരുത്താതിരിക്കാനുള്ള ജാഗ്രത മാത്രമാണു പോംവഴി. ഓഖി പോലും ദുരന്തമായി മാറിയത് മനുഷ്യര്‍ വരുത്തിയ വീഴ്ചയിലൂടെയാണ്. ദുരന്തത്തിന്റെ വിവരം യഥാസമയം അധികൃതരെ അറിയിക്കുന്നതില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ വീഴ്ചവരുത്തി. കിട്ടിയ വിവരം യഥാസമയം മത്സ്യത്തൊഴിലാളികളെ അറിയിക്കുന്നതില്‍ അധികൃതര്‍ക്കും വീഴ്ച സംഭവിച്ചു.

ഓഖി ദുരന്തത്തെ തുടര്‍ന്ന്, മത്സ്യബന്ധനത്തിനു പോകുന്നവര്‍ ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ബോട്ടുകളില്‍ ജി.പി.എസ് സംവിധാനം വേണമെന്നും മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും സാറ്റലൈറ്റ് സംവിധാനങ്ങളും ഉപയോഗിച്ചു കാലാവസ്ഥ സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കണമെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ അകലെയുള്ള കപ്പലുകള്‍ക്കു കാണത്തക്കവിധം രാത്രികാലങ്ങളില്‍ ലൈറ്റ് പ്രകാശിപ്പിക്കണമെന്നും പകല്‍ കൊടി ഉയര്‍ത്തണമെന്നും വ്യവസ്ഥയുണ്ട്. ഇതൊക്കെ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ ഇപ്പോഴും സംവിധാനമില്ല.

ജനതയുടെ ജീവനും സ്വത്തിനും അവകാശങ്ങള്‍ക്കും സുരക്ഷ നല്‍കാന്‍ ഭരണകൂടങ്ങള്‍ ബാധ്യസ്ഥരാണ്. കടലില്‍ അന്നം തേടിപ്പോകുന്ന മത്സ്യത്തൊഴിലാളികളുടെ ജീവന് യാതൊരു സുരക്ഷയുമില്ല എന്ന അവസ്ഥ മേലില്‍ ഉണ്ടാകരുത്. ഇത്തരം കാര്യങ്ങളിലെ അനാസ്ഥയാണ് ദുരന്തങ്ങള്‍ തുടരെത്തുടരെ സംഭവിക്കുന്നതിന്റെ മുഖ്യകാരണമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.