2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാലിദ്വീപില്‍ കുടുങ്ങി മലയാളികള്‍, സമുദ്ര സേതു കപ്പലുകളിലേക്കെത്താന്‍ വഴികളില്ല, ചെറുദ്വീപുകളിലകപ്പെട്ട് നിരവധി പേര്‍

ലക്ഷങ്ങള്‍ ചെലവിടണം തലസ്ഥാന നഗരമായ മാലെയിലേക്ക് സ്വന്തമായി യാത്ര ചെയ്യാന്‍

ശഫീഖ് പന്നൂര്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ വന്ദേ ഭാരത്-സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി പ്രവാസികളെ നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലും മാലിദ്വീപില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷം ഇന്ത്യക്കാരും ഇപ്പോഴും പെരുവഴിയില്‍ തന്നെ. പ്രവാസികളെ കടല്‍ മാര്‍ഗം തിരിച്ചെത്തിക്കുന്ന സമുദ്ര സേതു ദൗത്യത്തിലെ ആദ്യകപ്പല്‍ മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു. 698 പ്രവാസികളുമായാണ് ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വയ മാലിദ്വീപില്‍ നിന്ന് പുറപ്പെട്ടത്. കപ്പലില്‍ 595 പുരുഷന്‍മാരും 103 സ്ത്രീകളുമാണ് ഉള്ളത്. ഇതില്‍ 14 കുട്ടികളും 19 ഗര്‍ഭിണികളും ഉള്‍പ്പെടുന്നുണ്ട്. മാലിദ്വീവ്‌സിന്റെ തലസ്ഥാന നഗരമായ മാലെ സിറ്റിയിലേക്കാണ് ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ എത്തുന്നത്. എന്നാല്‍ വിവിധ ചെറു ദ്വീപുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മാലെയിലേക്ക് എത്താന്‍ ഇനിയും വഴികള്‍ തുറന്നിട്ടില്ല. അഭ്യന്തര സര്‍വീസുകളൊന്നുമില്ലാത്തതിനാല്‍ മാലെയിലേക്ക് എത്താനുള്ള വഴികള്‍ ഇവര്‍ക്കു മുന്നില്‍ ഇതുവരേയും തുറന്നിട്ടില്ല.

ഏറെ ദൂരെയുള്ള ദ്വീപുകളില്‍ നിന്നും മാലെയിലേക്കെത്താന്‍ വഴികളില്ലാതെ കുടങ്ങിയിരിക്കുകയാണിവര്‍. നിലവിലെ സാഹചര്യത്തില്‍ മാലെ സിറ്റിയില്‍ താമസിക്കുന്ന രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാര്‍ക്ക് മാത്രമേ കപ്പല്‍ മാര്‍ഗം നാട്ടിലെത്തിച്ചേരാന്‍ സാധിക്കു. എന്നാല്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ മാലെയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ദ്വീപുകളിലാണ് നിലവില്‍ ജോലിയും മറ്റുകാര്യങ്ങളുമായി കഴിയുന്നത്. ദ്വീപുകള്‍ തമ്മിലുള്ള കടല്‍ ഗതാഗതം നിര്‍ത്തലാക്കിയ സാഹചര്യമാണ് നിലവില്‍. ഒറ്റക്ക് ലോഞ്ച് പിടിച്ചു തലസ്ഥാനത്തെത്തുക എന്നത് പ്രായോഗികമല്ല, ഇനി അങ്ങനെയാണെങ്കിലും പ്രവാസികള്‍ക്ക് താങ്ങാനാവാത്ത വണ്ണം ഭീമമായ തുക നല്‍കേണ്ടിയും വരും. ഇന്ന് കൊച്ചിയിലെത്തിയ കപ്പലിലുള്ള രണ്ടു ഗരര്‍ഭിണികല്‍ ഒന്നേകാല്‍ ലക്ഷം രൂപ ചെലവാക്കിയാണ് മറ്റു ദ്വീപില്‍ നിന്നും തലസ്ഥാന നഗരമായ മാലെ സിറ്റിയിലെത്തിയത്. പ്രായമായവരും ഗര്‍ഭിണികളും രോഗികളുമടക്കാം അനവധി പേര്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. ഇവര്‍ക്കുള്ള അവശേഷിക്കുന്ന ഏക പ്രതീക്ഷ ഇന്ത്യന്‍ ഹൈ കമ്മീഷന്റെ ഇടപെടലാണ്. മാലിദ്വീവിയന്‍ ഗവണ്മെന്റുമായി ആലോചിച്ച് പ്രവാസികളെ തലസ്ഥാന നഗരിയിലെത്തിക്കാന്‍ വേണ്ട ഡൊമസ്റ്റിക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ആയിരങ്ങള്‍.

അതേസമയം ഈ രാജ്യത്ത് അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് തിരിക്കാന്‍ അനുമതി മാലി സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല. ഒന്നുകില്‍ ജോലി രാജിവച്ച് നാട്ടിലേക്ക് പോവുക, അല്ലാത്ത പക്ഷം ഗവണ്‍മെന്റിനെ അനുസരിച്ച് രാജ്യത്ത് തുടരുക എന്ന നിലപാടാണ് ഇവിടുത്തെ വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. രാജി വച്ച് പോകുന്ന അദ്ധ്യാപകര്‍ക്ക് പോലും ചട്ടപ്രകാരം മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം കെട്ടിവച്ച ശേഷം മാത്രമേ യാത്രാ അനുമതി ലഭിക്കുകയുള്ളു. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. അദ്ധ്യാപകര്‍ക്ക് നാട്ടിലായാലും ക്ലാസ്സുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. ഇന്ത്യയുമായും കേരളവുമായും മാലിദ്വീവ്‌സിന് അടുത്ത ബന്ധമുള്ള സാഹചര്യത്തില്‍ സര്‍ക്കാരും മറ്റു സംവിധാനങ്ങളും അദ്ധ്യാപകരുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ മാലിദ്വീവിയന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ള ആദ്ധ്യാപക സമൂഹം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.