2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്നത് കേരളീയര്‍

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത് കേരളീയരാണെന്നും ഓരോ മലയാളിയും പ്രതിദിനം ശരാശരി മൂവായിരം ലിറ്ററെങ്കിലും വെള്ളം ഉപയോഗിക്കുന്നുണ്ടെന്നും ജലവിഭവ ശാസ്ത്രജ്ഞര്‍.

നേരിട്ടും പരോക്ഷമായും മലയാളി ഒരു ദിവസം ആകെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഏകദേശ അളവാണിത്. കുളിക്കാനും കുടിക്കാനുമെല്ലാമായി 180 മുതല്‍ 200 ലിറ്റര്‍ വരെ വെള്ളം നേരിട്ട് ഉപയോഗിക്കുമ്പോള്‍ ഇതിന്റെ എത്രയോ മടങ്ങാണ് ഒരോ മലയാളിയും പരോക്ഷമായി ദിവസേന ഉപയോഗിക്കുന്നത്.

നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുകയോ ഇടപഴകുകയോ ചെയ്യുന്ന മിക്ക വസ്തുക്കളുടേയും നിര്‍മാണമടക്കം ജലവുമായി ബന്ധപ്പെട്ടതാണെന്ന വസ്തുത കണക്കിലെടുത്താണിത്.

മലയാളിയുടെ ഉയര്‍ന്ന ജീവിത നിലവാരവും വെള്ളത്തിന്റെ വര്‍ധിച്ച ഉപയോഗത്തിന് മറ്റൊരു കാരണമാണ്.

പനങ്ങാട് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ (കുഫോസ്) ജല വിഭവ പരിപാലനത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാറിലാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ (സി.ഡബ്ലു.ആര്‍.ഡി.എം) ശാസ്ത്രജ്ഞനായ ഡോ.സി.എം.സുശാന്ത് മലയാളികളുടെ ജലവിനിയോഗത്തെക്കുറിച്ചുള്ള കണക്കുകള്‍ അവതരിപ്പിച്ചത്.

മലയാളിയുടെ ഭക്ഷണ ശീലങ്ങളും ഉയര്‍ന്ന ജല ഉപഭോഗത്തിന് കാരണമാണ്. ആന്ധ്രയില്‍ നിന്നോ തെലുങ്കാനയില്‍ നിന്നോ ഒരു കിലോ അരി നമ്മുടെ കൈയിലെത്തുമ്പോള്‍ പതിനായിരം ലിറ്റര്‍ വെള്ളം ചെലവാകുന്നുണ്ട്. ദിവസേന വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണത്തിനും ധരിക്കുന്ന വസ്ത്രങ്ങളുടെ നിര്‍മാണത്തിനടക്കം വെള്ളം ആവശ്യമായിവരുന്നുണ്ട്.

ഒരു കിലോ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന്റെ ആയിരം ഇരട്ടി വെള്ളം ഒരു കിലോ ഇറച്ചി ഉത്പാദിപ്പിച്ചെടുക്കുവാന്‍ വേണം. ആറു ഗ്ലാസ്‌ വെള്ളം ചെലവഴിച്ചാലാണ് ഹോട്ടലില്‍ ഒരു ഗ്ലാസ്‌ വെള്ളം നിങ്ങളുടെ മുന്നില്‍ എത്തുന്നതെന്ന് ഓര്‍ക്കണമെന്നും ഡോ.സുശാന്ത് പറഞ്ഞു.

ഈ മാസം അവസാനം തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടക്കുന്ന മുപ്പതാമത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ മുന്നോടിയായാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ കേരള വന ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ കുഫോസില്‍ ജലവിഭവ സെമിനാര്‍ നടത്തിയത്.

സെന്‍ട്രല്‍ ഫിഷറീസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.സി.എന്‍.രവിശങ്കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ശാസ്ത്രജ്ഞ ഡോ. ഷെറിന്‍ ബി.എം. കേരള സയന്‍സ് കോണ്‍ഗ്രസിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു..


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.