2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മലയാളിക്ക് കാര്‍ഷിക ബദല്‍ വേണം

കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ കൃഷിയിലെ സ്വയംപര്യാപ്തത യാഥാര്‍ഥ്യമാകുമോ? അതിനുള്ള വെല്ലുവിളികള്‍ എന്തെല്ലാമാണ്?. കാര്‍ഷികവൃത്തിയില്‍ പുതിയ സാങ്കേതികവിദ്യകളും രീതികളും പിന്തുടരേണ്ടതുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍(ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സ്) ഡോ. എ.കെ സിങ്. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ സ്‌പൈസസ് റിസര്‍ച്ചില്‍ അന്താരാഷ്ട്ര പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം സുപ്രഭാതം പ്രതിനിധിക്ക് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

ദിനംപ്രതി കൃഷി ചെയ്യാനുള്ള ഭൂമി കുറഞ്ഞു വരുന്ന കേരളത്തില്‍ കാര്‍ഷികമേഖലയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാനാകുമെന്ന നിങ്ങളുടെ ചോദ്യത്തിന് പ്രസക്തിയുണ്ട്. എന്നാല്‍, അതിന് പരിഹാരം മറ്റു രാജ്യങ്ങള്‍ പറഞ്ഞു തരും. തായ്‌വാനില്‍ കേരളത്തേക്കാള്‍ ഗുരുതരമാണ് സ്ഥിതി. അവിടെ ജനസംഖ്യ പെട്ടെന്ന് കൂടുകയും കൃഷി ഭൂമി കുറയുകയുമാണ്. അവിടെയെല്ലാം ആധുനിക രീതിയിലുള്ള കാര്‍ഷിക സമ്പ്രദായം രൂപപ്പെട്ടുകഴിഞ്ഞു. അതിന്റെ മാറ്റങ്ങള്‍ അവര്‍ അനുഭവിക്കുകയാണ്. നാടന്‍ ഇനങ്ങളേക്കാള്‍ ഇരട്ടി വിളവ് ലഭിക്കുന്ന കാര്‍ഷികവിളകള്‍ വരെ നാം ഉല്‍പാദിപ്പിച്ചു കഴിഞ്ഞു. ഭൂമി കുറയുമ്പോള്‍ കൂടുതല്‍ ഉല്‍പാദനത്തിന് ഇത്തരം വിളകള്‍ സഹായിക്കും. കൂടാതെ, ചില വിളകള്‍ പാകമാകാനുള്ള സമയം കുറയ്ക്കുന്നതിനും കഴിഞ്ഞു. ഉദാഹരണത്തിന് ഇന്ത്യന്‍ സ്‌പൈസസ് റിസര്‍ച്ച് വിളയിച്ചെടുത്ത ഒരിനം മഞ്ഞളിന് മറ്റു വിളകളേക്കാള്‍ കുറഞ്ഞ സമയം മതി വിളവെടുപ്പിന്. 180 ദിവസം കൊണ്ട് വിളവെടുക്കാനാകുന്ന ഈ വിള കൃഷി ചെയ്താല്‍ ശേഷിക്കുന്ന സമയം മറ്റൊരു വിളകൂടി അവിടെ കൃഷി ചെയ്യാനാകും. ഉത്തരേന്ത്യയില്‍ ഇത്തരത്തില്‍ കൃഷി പരീക്ഷിക്കുന്നുണ്ട്. കുറഞ്ഞ സമയത്തെ വിളകളായ മല്ലിയില, തക്കാളി തുടങ്ങിയവ ഇത്തരത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. അതായത് ഒരു വര്‍ഷം കൊണ്ട് രണ്ട് വിളകളുടെ ലാഭം കര്‍ഷകനു ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍, ഇത്തരം കൃഷിരീതി എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്ന കാര്യത്തില്‍ മലയാളികള്‍ക്ക് എത്രത്തോളം അറിവുണ്ടെന്ന കാര്യം സംശയമാണ്.
മലയാളികളെ പോലെ വിദ്യാസമ്പന്നരായ ജനതയെ ആധുനിക കൃഷിരീതികള്‍ പരിശീലിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായം. പുതിയ തലമുറക്ക് കൃഷിയോടുള്ള താല്‍പര്യം കൂടിയിട്ടുണ്ട്. അത്തരം കര്‍ഷകര്‍ക്ക് കൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ ലാഭം കൊയ്യാനാകും. കൃഷിയുടെ മര്‍മമറിഞ്ഞ് വിത്തിടണം എന്നു മാത്രം. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാല്‍ വിപണിയും ലഭിക്കും. സൈബര്‍ കാലത്ത് വിപണികള്‍ കണ്ടെത്താന്‍ വലിയ വെല്ലുവിളികളൊന്നുമില്ല.
കാര്‍ഷികരംഗത്ത് കേരളം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നത് താന്‍ മനസിലാക്കുന്നു. എന്നാല്‍, ഇവിടത്തെ ആളുകളുടെ ശേഷിക്കനുസരിച്ച് ഉയരണമെന്നാണ് ഞാന്‍ പറയുന്നത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ രണ്ടു കാര്‍ഷിക സര്‍വകലാശാലകളുണ്ട്. അവിടെ പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴില്‍ ലഭിക്കുമോയെന്നായിരുന്നു ഒരുകാലത്തെ ആശങ്ക. എന്നാല്‍, അവിടെ പഠിച്ച ആരും തൊഴില്‍ ലഭിക്കാതെ ഇരിക്കുന്നില്ല. മഹാരാഷ്ട്രയിലും കൃഷിക്ക് പുതിയ രീതികള്‍ വ്യാപകമായി പരീക്ഷിച്ചു വരികയാണ്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ സ്വയം പര്യാപ്തതയ്ക്ക് ഇതു വഴിവയ്ക്കുമെന്നാണ് പ്രതീക്ഷ.
ആഗോളതലത്തില്‍ കൃഷിയിലുണ്ടായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങളാണ് ദേശീയതലത്തില്‍ നടക്കുന്നത്. ഇവിടെ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടി ഇതിന്റെ ഭാഗമാണ്. ആഗോളതലത്തില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവരുമായി മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കണം.
രാജ്യത്തിന് വരുമാനം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് കാര്‍ഷിക മേഖലയില്‍ നിന്നാണ്. ഓരോ കര്‍ഷകരെയും നേരിട്ട് കണ്ട് പരിശീലിപ്പിക്കുന്നതിനു പകരം ഓരോ സ്ഥലത്തെയും പ്രതിനിധികളെ പരിശീലിപ്പിക്കുകയാണ്.
കൃഷി വകുപ്പിന്റെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെങ്കിലും കാര്‍ഷികരംഗത്തെ ഗവേഷണം നടത്തുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് പോലുള്ള സ്ഥാപനങ്ങളാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ക്കും എല്ലാം ഇത്തരം വിവരങ്ങളാണ് നല്‍കുന്നത്. കാര്‍ഷികവിളകളുടെ രോഗമാണ് നാം നേരിടുന്ന ഭീഷണി. വലിയ തോതില്‍ വിളനാശം സംഭവിക്കുന്ന രോഗങ്ങളെല്ലാം നിയന്ത്രിക്കാനാകുന്നുണ്ട്.
ഫലപ്രദമായി രോഗാണുക്കളെ തടയാന്‍ എന്തെല്ലാം ചെയ്യാനാകുമെന്ന ഗവേഷണം തുടരുകയാണ്. ജൈവ കീടനാശിനികളെ കുറിച്ചും ഗവേഷണം നടക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞ രാസ പ്രയോഗത്തിലൂടെ രോഗത്തെയും കീടത്തെയും ചെറുക്കുകയാണ് ചെയ്യേണ്ടത്.
കാര്‍ഷികവിളകളുടെ വിലക്കുറവാണ് കര്‍ഷകരെ കൃഷിയില്‍ നിന്ന് അകറ്റുന്നതെന്ന നിരീക്ഷണത്തോട് യോജിപ്പുണ്ട്. കേരളത്തിലേക്ക് ഈയിടെ ലക്ഷദ്വീപില്‍ നിന്ന് തേങ്ങ ഇറക്കുമതി ചെയ്തുവെന്ന വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഇനാം എന്ന പേരിലുള്ള ഇ ട്രേഡിങ് സംവിധാനം വന്നാല്‍ ഇടനിലക്കാര്‍ ഇല്ലാതെ കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനാകും.
ഇപ്പോള്‍ കര്‍ഷകനും ഉപഭോക്താവിനും ഇടയിലുള്ള ഇടനിലക്കാരാണ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ ലാഭം കൊയ്യുന്നത്. ഇതിനായി സര്‍ക്കാര്‍ ഏജന്‍സി തന്നെ വിളകള്‍ ശേഖരിച്ച് നേരിട്ട് വിതരണം ചെയ്യുന്ന രീതിയാണ് വരാന്‍പോകുന്നത്. രാജ്യവ്യാപകമായി ഇതു നടപ്പായാല്‍ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമുണ്ടാകും. ചക്കയെ കേരളം സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. ചക്ക ഇപ്പോള്‍ എല്ലായിടത്തും ലഭിക്കുന്നുണ്ട്. ഡല്‍ഹിയില്‍ പോലും ചക്ക ലഭിക്കുന്നുണ്ട്.
തയാറാക്കിയത്. കെ.ജംഷാദ്

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.