2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുഖംമൂടിയിട്ട അഭിനയം

സുകുമാരക്കുറുപ്പ് തിരോധാനക്കേസും ജിഷവധക്കേസുമൊക്കെ കേരളം ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളാണ്. ചാക്കോയെന്ന ചെറുപ്പക്കാരനെ സുകുമാരക്കുറുപ്പാക്കാന്‍ കത്തിക്കരിച്ചപ്പോഴും നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ മാനഭംഗപ്പെടുത്തിയശേഷം മൃഗീയമായി കുത്തിയും വെട്ടിയും കുടല്‍മാല പുറത്തുവരുന്നതുവരെ കീറിമുറിച്ചപ്പോഴും കേരളം വിതുമ്പി. നടി യാത്രാമധ്യേ ആക്രമിക്കപ്പെട്ടപ്പോഴും മറിച്ചായിരുന്നില്ല അവസ്ഥ. 

ഒറ്റമുറി വീട്ടിനുള്ളില്‍ ജിഷയെ കൊലപ്പെടുത്തിയത് അസം സ്വദേശിയെന്നു പൊലിസ്, തന്റെ സാദൃശ്യമുള്ള ചാക്കോയെ വകവരുത്തി ഇന്‍ഷുറന്‍സ് പ്രീമിയം തട്ടിയെടുക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. ഇവിടെയാണു നടിക്കു നേരേയുള്ള ആക്രമണം ഏറെ ചര്‍ച്ചയാകുന്നതും. മലയാളസിനിമയില്‍ സ്ത്രീ ഒട്ടും സുരക്ഷിതയല്ലെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്.

സിനിമാരംഗത്തെ സ്ത്രീചൂഷണം ചെയ്യപ്പെടുന്നത് ഏതൊക്കെ രീതിയിലാണ് ? സിനിമയ്ക്കു പുറത്തും നടീനടന്മാര്‍ അഭിനയിച്ചു തകര്‍ക്കുകയാണോ? ഈ രംഗത്തെ പുതിയ വനിതാകൂട്ടായ്മയ്ക്ക് എത്രത്തോളം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും? മലയാളസിനിമയിലെ സ്ത്രീയുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് അന്വേഷിക്കുന്ന പരമ്പര

 

സുനി അല്‍ഹാദി

നാലുവര്‍ഷംമുമ്പാണ്; കുടുംബസദസ്സുകള്‍ക്കു പ്രിയങ്കരനായ സംവിധായകന്റെ പുതിയ സിനിമയുടെ ചിത്രീകരണം മലയോരഗ്രാമത്തില്‍ പുരോഗമിക്കുന്നു. സ്ത്രീത്വത്തിന്റെ മഹത്വം വരച്ചുകാട്ടുന്ന സിനിമയില്‍ നായികയായി എത്തിയതാകട്ടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്കു ജീവന്‍നല്‍കിയിട്ടുള്ള തെന്നിന്ത്യയിലെ പ്രമുഖ നടി. ഷൂട്ടിങ് പുരോഗമിക്കവേ തുളസിക്കതിരിന്റെ നൈര്‍മല്യം വിളമ്പി പ്രേക്ഷകര്‍ക്കു പ്രിയങ്കരനായ സംവിധായകന്റെ യഥാര്‍ഥ മുഖം പുറത്തുവന്നു.

പിന്നെ ഫോണെടുത്തു നായികയെ വിളിച്ചു തന്റെ മുറിയിലേക്കു വരാന്‍ പറഞ്ഞു. നായിക കൂട്ടാക്കാതിരുന്നപ്പോള്‍ സംവിധായകന്‍ നായികയുടെ മുറിയുടെ മുന്നിലെത്തി.ഡോറില്‍ തട്ടി വിളിച്ചു. അസമയത്ത് ആരു വിളിച്ചാലും കതകു തുറക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു നായിക. നിരാശനായ സംവിധായകന്‍ അന്നു തിരിച്ചുപോയി.

എന്നാല്‍, പിറ്റേന്നു രാത്രിയും സംവിധായകന്‍ ഇത് ആവര്‍ത്തിച്ചു. നായികയാകട്ടെ കുലുങ്ങിയില്ല. എതിര്‍ത്താല്‍ ഇനിയുള്ള അവസരം നഷ്ടമാകുമെന്നു ഭയന്നില്ല. സംവിധായകനെതിരേ പരാതി തയാറാക്കി അസോസിയേഷനു നല്‍കി. അസോസിയേഷന്‍ സംവിധായകനെ വിളിച്ചു താക്കീതു ചെയ്യുകയും മോശമായി പെരുമാറിയതിനു നായികയോടു ക്ഷമാപണം ചെയ്യിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണു നടി ചിത്രീകരണത്തിനെത്തി സിനിമ പൂര്‍ത്തിക്കിയത്.

മലയാളസനിമയിലെ എല്ലാസംവിധായകരും ഇങ്ങനെ നടിമാര്‍ക്കു പിറകെ പോകുന്നുവെന്നല്ല പറഞ്ഞുവന്നത്. അതേസമയം, എത്രയോ നടികള്‍ ഇപ്രകാരം വേട്ടയാടപ്പെടുന്നുണ്ട് എന്നതു യാഥാര്‍ഥ്യമാണ്. അവരില്‍ എത്രപേര്‍ പ്രതികരിക്കുകയോ പരാതിയുമായി മുന്നോട്ടുവരികയോ ചെയ്യുന്നു എന്നതാണു വിഷയം. പലരും നാണക്കേടു പുറത്തറിയാതിരിക്കാന്‍ നിശ്ശബ്ദരാക്കപ്പെടുന്നു.

പള്‍സര്‍ സുനിയാല്‍ വേട്ടയാടപ്പെട്ട നടിയുടെ ദുരനുഭവം നാട് അറിഞ്ഞ ദിവസം മലയാളസിനിമയിലെ പ്രമുഖനടനും സംവിധായകനുമായ ഒരാള്‍ നടത്തിയ പരാമര്‍ശംതന്നെ മലയാളസിനിമയില്‍ നടക്കുന്ന ഇത്തരം സ്ത്രീവേട്ടകളുടെ തമസ്‌കരണത്തിനു തെളിവാണ്. ”അടുത്തകാലത്ത് ഇതേ ദുരനുഭവം മറ്റു മൂന്നു നടിമാര്‍ക്കുണ്ടായിട്ടുണ്ട്. അവയൊന്നും പുറംലോകമറിയാതെ പോയതാണ്. സിനിമാലോകത്തു തന്നെ അത് ഒരുക്കിത്തീര്‍ക്കുകയായിരുന്നു.” എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് ‘അറിയാതെ’ പറഞ്ഞുപോയത്.
എല്ലാ തൊഴില്‍രംഗത്തും തൊഴിലിടത്തെപ്പറ്റി വ്യക്തമായ നിര്‍വചനമുണ്ട്. ഈ നിര്‍വചനം അടിസ്ഥാനമാക്കിയായിരിക്കും പലപ്പോഴും ചട്ടക്കൂടുകള്‍ ഉണ്ടാകുന്നത്. സ്ത്രീസുരക്ഷയെ സംബന്ധിച്ചും എല്ലാ മേഖലകളിലും കൃത്യമായ വ്യവസ്ഥകളുണ്ട്. എന്നാല്‍, മലയാളസിനിമയില്‍ സ്ത്രീയ്ക്ക് അങ്ങനെയൊരു നിര്‍വചിക്കപ്പെട്ട തൊഴിലിടമില്ല എന്നതാണു യാഥാര്‍ഥ്യം.

ഏതു സമയത്താണു ജോലിക്കെത്തേണ്ടതെന്നോ എവിടെയാണെന്നോ കൃത്യമായി നിര്‍വചിക്കപ്പെടുന്നില്ല. പ്രൊഡക്ഷന്‍ സമയത്തോ കോ പ്രൊഡക്ഷന്‍ സമയത്തോ പ്രീ പൊഡക്ഷന്‍ സമയത്തോ നടിയോ സഹനടിയോ മറ്റു സ്ത്രീകളോ ആക്രമിക്കപ്പെട്ടാല്‍ എവിടെയാണു പരാതിനല്‍കേണ്ടതെന്ന് ആര്‍ക്കുമറിയില്ല.
എറണാകുളത്ത് നടി ആക്രമിക്കപ്പെട്ടത് തൊഴിലിടത്തില്‍വച്ചല്ല, അവിടേയ്ക്കു പോകുമ്പോഴാണ് എന്നതും ഇവിടെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ നടിക്കു നേരേ നടന്ന ആക്രമണത്തിന് ആരാണ് ഉത്തരം പറയേണ്ടത്. തൊഴലിടത്തിലെ സ്ത്രീസുരക്ഷാ നിയമങ്ങളെല്ലാം തൊഴില്‍ സ്ഥാപനവുമായി ബന്ധപ്പെട്ടതാണ്. സിനിമാമേഖലയില്‍ അങ്ങനെയൊരു തൊഴിലിടം നിര്‍വചിക്കല്‍ അസാധ്യമാണെന്നിരിക്കെ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യത്തില്‍ വ്യവസ്ഥ കൊണ്ടുവരേണ്ടത്.
സിനിമാപ്രവര്‍ത്തകരുടെ തൊഴിലിടം ഏതാണെന്നു കൃത്യമായി നിര്‍വചിക്കപ്പേടേണ്ടതുണ്ട്. പ്രൊഡക്ഷന്‍ സമയത്തുതന്നെ ഇതു തീരുമാനിക്കണം. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നാണ് സിനിമാമേഖലയിലെ വനിതകള്‍ ആവശ്യപ്പെടുന്നത്. അതില്ലാത്തിടത്തോളം സ്ത്രീകള്‍ സിനിമയില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുമെന്ന് അവര്‍ പറയുന്നു. ഒരു വ്യവസ്ഥയുമില്ലാത്ത ചുറ്റുപാടില്‍ സിനിമയിലെ സ്ത്രീകളെ ആര്‍ക്കും എപ്പോഴും ചൂഷണം ചെയ്യാമെന്ന മനോഭാവമാണ് പുരുഷവിഭാഗത്തില്‍ പലര്‍ക്കുമുള്ളത്.

ഇത്തരം സംഭവങ്ങള്‍ പണ്ടായിരുന്നുവെന്നും ഇപ്പോള്‍ സിനിമ പൂര്‍ണമായും ക്ലീനാണെന്നും സിനിമാസംഘടനയുടെ ഭാരവാഹികള്‍ തന്നെ പറയുന്നത് കാപട്യമാണെന്ന് അവര്‍ പറയുന്നു. ലബ്ധപ്രതിഷ്ഠരായ താരങ്ങള്‍ക്കു വലിയ പ്രശ്‌നങ്ങളില്ലായിരിക്കാം. എന്നാല്‍, സിനിമാമോഹവുമായി ഈ മേഖലയിലേയ്ക്കു വരുന്നവര്‍ക്കു കടുത്ത പ്രതിസന്ധികളെ നേരിടേണ്ടിവരുന്നുണ്ട്. മുന്‍നിര താരങ്ങളെപ്പോലും പകയുടെ പേരില്‍ സിനിമാലോകത്തു നിന്നുതന്നെ നിഷ്‌കാസനം ചെയ്ത ചരിത്രമുണ്ട്.
സിനിമ ഏറ്റവും സ്വാധീനമുള്ള സാംസ്‌കാരികമേഖലയാണെന്ന് അവകാശപ്പെടുമ്പോഴും അതിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന മാലിന്യങ്ങള്‍ അതിന്റെ സാംസ്‌കാരികതയെ ഇല്ലായ്മചെയ്യുകയാണെന്ന അഭിപ്രായം ശക്തമാണ്. അതുകൊണ്ടുതന്നെയാണ് ഈ മേഖലയിലേയ്ക്കു മക്കളെ അയയ്ക്കാന്‍ മിക്ക വീട്ടുകാരും തയാറാകാത്തത്. അന്തസ്സുള്ള സ്ഥലമാകുമ്പോള്‍ കൂടുതല്‍ പേര്‍ ഈ മേഖലയിലേയ്ക്കു വരുമെന്നാണ് ഈ രംഗുത്തു പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ വനിതയുടെ അഭിപ്രായം. സിനിമാരംഗം എന്നു പറഞ്ഞാല്‍ ഒരു വലിയ കൂട്ടായ്മയുടെ ഒത്തുചേരലാണ്. മറ്റു മേഖലകള്‍പോലെതന്നെ ഇവിടെയും ചതിക്കുഴികള്‍ പതിയിരിക്കുന്നുണ്ട്. സിനിമയിലെ സ്ത്രീകളുടെ തൊഴില്‍ ഇടം മുന്‍കൂട്ടി നിശ്ചയിക്കപ്പെടുകയും കര്‍ക്കശനിയമങ്ങള്‍ ഇവിടെ പ്രാവര്‍ത്തികമാകുകയും ചെയ്താല്‍ ഒരു പരിധിവരെ ഇവിടെ സ്ത്രീ സുരക്ഷിതയാണെന്നു പറയാന്‍ സാധിക്കും. എന്നാല്‍, തൊഴില്‍രംഗത്തു സ്ത്രീ സുരക്ഷയാകുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് സിനിമയിലെ സ്ത്രീയുടെ തൊഴില്‍ സുരക്ഷയും.

തുടക്കത്തില്‍ പറഞ്ഞതു സംവിധായകന്‍ നായികയോട് തന്റെ ഇംഗിതത്തിനു വഴങ്ങാന്‍ ആവശ്യപ്പെട്ട കഥയാണെങ്കില്‍ ഇനി പറയാനുള്ളതു നായിക ഒഴിച്ചു ബാക്കിയുള്ള നടിമാരോടു തന്റെ റൂമിലെത്താന്‍ സന്ദേശമയച്ച മറ്റൊരു സംവിധായകനെപ്പറ്റിയാണ്. ഇവിടെയാണു സ്ത്രീയുടെ തൊഴില്‍സുരക്ഷയുടെ പ്രാധാന്യവും. ആദ്യംസൂചിപ്പിച്ച സംഭവത്തില്‍ പ്രതിപാദിച്ചതുപോലെ അറിയപ്പെടുന്ന ഒരു നടിക്ക് ഒരുപക്ഷേ പ്രതികരിക്കാന്‍ കഴിയുമായിരിക്കും.

എന്നാല്‍, എങ്ങനെയെങ്കിലുമൊന്ന് അഭിനയലോകത്തു കാലെടുത്തുവയ്ക്കാനും അവിടെ നിലയുറപ്പിക്കാനും കാത്തുകാത്തിരിക്കുന്നവര്‍ പ്രതികരിക്കാത്തത് അവര്‍ മോശക്കാരായതുകൊണ്ടല്ല. മറിച്ച്, എതിര്‍ത്തുകഴിഞ്ഞാല്‍ തങ്ങള്‍ക്ക് അവസരം ലഭിക്കില്ലെന്ന ഭയമാണ്. യാതൊരു തൊഴില്‍സുരക്ഷയും സ്ത്രീക്കു സിനിമാലോകം നല്‍കുന്നില്ലെന്ന യാഥാര്‍ഥ്യമാണ് ഇത്തരം സംഭവങ്ങളിലേയ്ക്കു നയിക്കുന്നത്.
തൊഴിലിടത്തെ സുരക്ഷയെന്നുപറയുന്നതു തൊഴില്‍സുരക്ഷയും കൂടിയാണ്. ഞാന്‍ ഒരു കാര്യത്തിനു ചോദ്യംചെയ്താല്‍ എന്റെ തൊഴില്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുമ്പോഴേ തൊഴിലാളിക്ക് അവകാശങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കൂ. ആ അവകാശങ്ങള്‍ ചോദിക്കാനുള്ള ഇടം ( സ്‌പേസ് )സിനിമയ്ക്കകത്തില്ല. ബാക്കി എല്ലാ മേഖലയിലും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വ്യക്തമായ നിര്‍വചനത്തിലൂന്നിയുള്ള തൊഴില്‍സുരക്ഷയുണ്ട്. പുരുഷമേധാവിത്വത്തിലൂന്നിയുള്ള തെരഞ്ഞെടുപ്പുകളാണു സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണു നടി പാര്‍വതിയുടെ വെളിപ്പെടുത്തലുകള്‍. എന്നാല്‍, അവസരം നല്‍കണമെങ്കില്‍ കിടക്ക പങ്കിടണമെന്നു പലരും പലരോടും ആവശ്യപ്പെടുന്ന സംഭവങ്ങളുണ്ടെന്നു പാര്‍വതി പുറത്തുപറയുന്നത് എത്രവര്‍ഷങ്ങള്‍ക്കു ശേഷമാണെന്നതും ശ്രദ്ധേയമാണ്.

 

തുടര്‍ന്നു വായിക്കാന്‍

തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ പടിക്കുപുറത്ത്

നീതിനിഷേധത്തിന്റെ സിനിമാകാഴ്ചകള്‍

തകരുന്ന കുടുംബ ബന്ധങ്ങളുംസമുദായ അവഹേളനങ്ങളും മുഖമുദ്ര

ജയിലിലേക്കു വഴിതുറക്കുന്ന മാഫിയകള്‍


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.