2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

യുദ്ധഭൂമിയില്‍ മലാലയുടെ നിഷ്‌കാസിതര്‍

ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്

”ബെര്‍മിങ്ങ്ഹാമിന്റെ തെരുവുകളിലൂടെ, മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം നടക്കുന്നതിനിടയില്‍, സമാധാനം എന്താണെന്ന് അനുഭവിച്ചറിയാന്‍, ഞാനിടയ്ക്ക് ചില നിമിഷങ്ങള്‍ നിശ്ചലമാകും. ശാന്തിയും സമാധാനവും – അത് ഞങ്ങള്‍ക്ക് ചുറ്റുമുണ്ട്. ഇളം കാറ്റത്ത് പതിയെ നൃത്തം വയ്ക്കുന്ന വൃക്ഷങ്ങളിലും, റോഡിലൂടെ നിരന്ന് നീങ്ങുന്ന വാഹനങ്ങളുടെ പതിഞ്ഞ ശബ്ദത്തിലും, ഓരോ കുഞ്ഞിന്റെയും പുഞ്ചിരിയിലും, സുഹൃത്തുക്കളോടൊന്നിച്ച് കൈകള്‍ കൂട്ടിപ്പിണഞ്ഞ് നടന്നു നീങ്ങുന്ന ആണ്‍, പെണ്‍ കൗമാരക്കാരിലും അത് അനുഭവവേദ്യമാകുന്നു.. അത് എന്റെ അസ്ഥികളില്‍ സമാധാനത്തെ അനുഭവിപ്പിക്കുന്നു.. പരമകാരുണികനായ ദൈവത്തിന് ഞാന്‍ നന്ദി അര്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു- ഇന്നും ജീവനോടെ ഇരിക്കുന്നതിന്, സുരക്ഷിതമായതിന്, കുടുംബത്തിന്റെ സുരക്ഷിതത്വത്തിന്..”
ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ടാണ്, മലാലാ യൂസുഫ് സായി, തന്റെ, ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ‘വീ ആര്‍ ഡിസ്‌പ്ലെയ്‌സ്ഡ്’ (നിഷ്‌കാസിതര്‍) എന്ന പുസ്തകത്തിന്റെ താളുകളിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്നത്. താലിബാനിസത്തിന്റെ അതിക്രൂരമായ പീഡനങ്ങളെയും വധശ്രമത്തെയും അതിജീവിച്ച്, സ്വാത് താഴ്‌വരയില്‍ നിന്നു നിഷ്‌കാസനം ചെയ്യപ്പെട്ട്, സമാധാന നൊബേല്‍ പുരസ്‌കാരം വരെ എത്തിനില്‍ക്കുന്ന ഈ പെണ്‍കുട്ടിയുടെ രചന, മുഴുലോകത്തുമുള്ള പെണ്‍ അഭയാര്‍ത്ഥികളുടെയും അവരുടെ പുനരധിവാസത്തിന്റെയും നേര്‍ക്കാഴ്ചകളിലേക്കാണ് വായനക്കാരെ കൈപിടിച്ച് കൊണ്ടുപോകുക – അതും ഈ ഉപഭൂഖണ്ഡം ഒരു യുദ്ധത്തിന്റെ ഭീതിയുടെ നിഴലില്‍ നില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍!

യുദ്ധങ്ങള്‍ വിജയികളെയല്ല, മറിച്ച്, ദുരന്തത്തിന് പാത്രമായ, നരകതുല്യമായ ശിഷ്ടജീവിതം നയിക്കാന്‍ വിധിക്കപ്പെടുന്നവരെ മാത്രമേ ബാക്കി വയ്ക്കുന്നുള്ളൂ എന്ന പാഠം ചരിത്രം നിരന്തരം നമ്മോട് വിളിച്ചു പറയുന്നുണ്ട്. ഏതൊരു യുദ്ധചിന്തയും ആദ്യം സത്യത്തെയും, പിന്നീട് മനുഷ്യാവകാശങ്ങളെയും കൊന്നുതള്ളുന്നു. യുദ്ധാനന്തര ഭൂമിയുടെ അലമുറകള്‍ അവശേഷിപ്പിക്കുന്നത് കൂട്ടിയിട്ട കബന്ധങ്ങളുടെ കൂമ്പാരങ്ങള്‍ കൊണ്ടു മാത്രമല്ല. മറിച്ച്, അവയ്‌ക്കൊടുവില്‍, ഉപോല്‍പ്പന്നം പോലെ സൃഷ്ടിക്കപ്പെടുന്ന അഭയാര്‍ത്ഥികളുടെയും പലായനം ചെയ്യേണ്ടി വരുന്നവരുടെയും രോദനം കൂടി കേള്‍പ്പിച്ചു കൊണ്ടാണ്.
ആറ് അധ്യായങ്ങളിലായി വിന്യസിച്ചിരിക്കുന്ന കൃതിയുടെ ഒന്നാം ഭാഗത്തിന് ഞാന്‍ നിഷ്‌ക്കാസിതന്‍ (ഐ ആം ഡിസ്‌പ്ലെയ്‌സ്ഡ്) എന്നാണ് തലക്കെട്ട്. രണ്ടാം ഭാഗമായ ഞങ്ങള്‍ നിഷ്‌ക്കാസിതര്‍ (വീ ആര്‍ ഡിസ്‌പ്ലെയ്‌സ്ഡ്) പരിചയപ്പെടുത്തുന്നതാവട്ടെ സൈനബ്, സബ്രീന്‍, മുസൂന്‍, നജ്‌ല, മരിയ, മേരി ക്ലെയര്‍, ജെന്നിഫര്‍, ആജിദ, ഫറ എന്നീ പെണ്‍കുട്ടികളുടെ അനുഭവങ്ങളും. അപൂര്‍വം ചില ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി, മനോഹരമായൊരു ആത്മകഥയുടെ കെട്ടിലും മട്ടിലും തന്നെയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ‘എന്റെ യാത്രയും ലോകത്തിന്റെ ചുറ്റുമുള്ള അഭയാര്‍ത്ഥി പെണ്‍കുട്ടികളുടെ കഥകളും’ എന്നൊരു സബ്‌ടൈറ്റിലും ഇതിന് അലങ്കാരമായി നല്‍കിയിട്ടുണ്ട്.
വ്യത്യസ്ത ദേശങ്ങളില്‍ നിന്നുമുള്ള, ജീവിതം പുനര്‍നിര്‍മ്മാണം ചെയ്യാന്‍ പരിശ്രമിക്കുന്ന, നിരവധി അപരിചിതരെ കണ്ടുമുട്ടാനുള്ള അപൂര്‍വ അവസരം ലഭിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് മലാല നഷ്ടത്തിന്റെ ഭീതിതമായ ചിത്രങ്ങള്‍ കോറിയിടുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍, പുതിയ ഭാഷയും സംസ്‌കാരവും പഠിച്ചെടുക്കാന്‍ നിര്‍ബന്ധിതരായവര്‍, പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ വിധിക്കപ്പെട്ടവര്‍ – ഇവരൊക്കെ തീവ്രവാദത്തിന്റെയോ യുദ്ധക്കെടുതികളുടെയോ ഇരകള്‍ മാത്രമാണ്. തന്റെ ഡിസ്‌പ്ലെയ്‌സ്‌മെന്റിന്റെ ഗതകാല അനുഭവങ്ങള്‍ പങ്കിടുന്നതിന് മാത്രമല്ല, മറിച്ച്, താന്‍ കണ്ടുമുട്ടിയവരെയും, എന്നാല്‍ ഇനിയൊരിക്കലും കാണാന്‍ സാധിക്കാത്തവരുമായവരെയും അംഗീകരിക്കാനും ആദരിക്കാനുമാണ് ഇത്തരമൊരു പുസ്തകം എഴുതിയത് എന്ന് മലാല നൊമ്പരപ്പെടുന്നു.

അഭയാര്‍ത്ഥികള്‍ ഒരിക്കലും സാധാരണ മനുഷ്യരല്ല. സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കാരണം സ്വന്തം നാടും വീടും ഉപേക്ഷിച്ച് ജീവനുമായി എവിടേയ്‌ക്കോ ഓടിപ്പോകുന്നവരാണവര്‍. ഉറ്റവരെയും ഉടയവരെയും തന്റെതല്ലാത്ത കാരണത്താല്‍ നഷ്ടപ്പെട്ടവര്‍.. ജീവിതത്തിനും മരണത്തിനുമിടയില്‍ സ്ഥലവും സമയവും നഷ്ടപ്പെട്ടവര്‍.. അവരുടെ നേരനുഭവങ്ങളാണ് മലാലയുടെ പ്രമേയം.
കിഴക്കിന്റെ സ്വിറ്റ്‌സര്‍ലാന്റ് എന്നായിരുന്നു ഒരു കാലത്ത് പാകിസ്താനിലെ സ്വാത് താഴ്‌വര അറിയപ്പെട്ടിരുന്നത്. അരുവികളും ഉറവകളും വൃക്ഷത്തലപ്പുകളും കൊണ്ട് കുളിരണിഞ്ഞ ഒരു സുഖവാസകേന്ദ്രം. മലഞ്ചെരുവുകളില്‍ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും മൃഗങ്ങളും സൈ്വരവിഹാരം നടത്തിയിരുന്ന ഒരു ഗ്രാമീണ കേദാരം. അവിടെക്കാണ് അശനിപാതം പോലെ താലിബാനിസം കടന്നു വരുന്നത്. അഫ്ഗാനിസ്താനില്‍ ശക്തിപ്രാപിച്ച ശേഷം, 2004 ലാണ് താലിബാന്‍ പാകിസ്താനിലെത്തുന്നത്. അന്ന് തനിക്ക് വെറും ആറ് വയസ്സ് മാത്രമാണെന്ന് മലാല കുറിച്ചിട്ടുണ്ട്. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും, സ്വാത് താഴ്‌വര അതിന്റെ കുളിര്‍മ്മയും തെളിമയും നഷ്ടപ്പെട്ട്, ചുവന്ന് തുടങ്ങിയിരുന്നു എന്നും മലാല പറയുന്നു.
”ഇതായിരുന്നില്ല ഞങ്ങളുടെ ഇസ്‌ലാം” താലിബാന്‍ അവരുടെ ലോക്കല്‍ റേഡിയോ ഉപയോഗിച്ച് തീവ്രനിഷ്‌കര്‍ഷതകളുള്ള മതചര്യയെ അടിച്ചേല്പ്പിക്കാന്‍ തുടങ്ങിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് മലാല വിലപിക്കുന്നു. പാശ്ചാത്യ സാങ്കേതികതയുടെ സമ്മാനമായ റേഡിയോ ഉപയോഗിച്ച്, പ്രാകൃത രീതിയില്‍ ജീവിക്കണമെന്ന് പറയുന്ന താലിബാന്‍ രീതികളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്, മലാല.

ഒന്‍പതോളം ധൈര്യശാലികളായ പെണ്‍കുട്ടികളുടെ കഥകള്‍ പ്രചോദനമുളവാക്കുന്ന രീതിയില്‍ പറഞ്ഞു തരുന്ന മലാലയുടെ നിഷ്‌കാസിതര്‍, ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തി, യുദ്ധത്തെ മഹത്വവല്‍ക്കരിക്കുന്നവര്‍ക്ക് ചാട്ടവാറടികള്‍ തന്നെ സമ്മാനിക്കും. ബ്രൗണ്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി യങ് അഡള്‍ട്ട് നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.