2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ആത്മീയ സാഫല്യമായി മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം

 

ഇസ്മാഈല്‍ അരിമ്പ്ര #
ഫൈസാബാദ് (പട്ടിക്കാട്): ആത്മീയ സായൂജ്യത്തിന്റെ ആശ്വാസവചസുകള്‍ പെയ്തിറങ്ങി ജാമിഅ നൂരിയ്യയില്‍ മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം ഭക്തിസാന്ദ്രമായി.
ആത്മ ചൈതന്യമായ ബദ്‌രീങ്ങളുടെസ്മരണയില്‍ ദൈവിക സമര്‍പ്പണത്തിനായി പ്രതിജ്ഞ പുതുക്കിയും മോക്ഷത്തിനായി പ്രപഞ്ചനാഥനിലേക്ക് കരങ്ങളുയര്‍ത്തിയും പതിനായിരങ്ങളാണ് ആത്മീയ സംഗമത്തില്‍ മനസു ലയിച്ചത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്ത് (ആത്മീയസമ്മതം) പ്രകാരം നടന്നു വരുന്ന മജ്‌ലിസുന്നൂര്‍ സംഗമങ്ങളുടെ വാര്‍ഷിക സദസാണ് ജാമിഅ സമ്മേളനഭാഗമായി നടന്നത്.
പ്രാര്‍ഥനകളും അസ്വ്ഹാബുല്‍ ബദറിന്റെ അപദാനങ്ങളും നിറഞ്ഞുനിന്ന ഭക്തിസാന്ദ്രമായ സദസിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സാദാത്തുക്കള്‍, സൂഫീവര്യര്‍, പണ്ഡിതന്‍മാര്‍ എന്നിവര്‍ സാന്നിധ്യമായി. ആത്മീയതയാണ് വിശ്വാസികളുടെ ഉള്‍ക്കരുത്തെന്നും പ്രപഞ്ചനാഥനെ അറിഞ്ഞു ആരാധനയില്‍ ലയിക്കുന്നതിലൂടെയാണ് പുരോഗതി കൈവരുന്നതെന്നും സമ്മേളനം ഉദ്‌ബോധിപ്പിച്ചു.
മാര്‍ഗദര്‍ശികളായ മുന്‍ഗാമികളുടെ പാരമ്പര്യത്തിലൂടെയാവണം നാം മുന്നോട്ടുപോവേണ്ടത്. സച്ചരിതരായ നേതൃത്വത്തിന്റെ തണലിലാണ് പുരോഗതിയും അന്തിമ വിജയവും കരസ്ഥമാക്കാനാകുക.
ഭൗതിക ഭ്രമത്തില്‍ മതിമറന്നു കേവലം ആസ്വാദകരായി മാറുന്നത് ആപത്കരമാണ്. അരാജകത്വത്തിനെതിരേ വ്യക്തി വിശുദ്ധിയോടെ പ്രതികരിക്കുകയും വ്യക്തി, കുടുംബ, സാമൂഹിക ബന്ധങ്ങളിലെല്ലാം സംശുദ്ധമായ മാര്‍ഗം അവലംബിച്ചു മാതൃകായോഗ്യരാവുകയും ചെയ്യണമെന്നും ആത്മീയ വിജയം പ്രാപിക്കാനുള്ള മാര്‍ഗമാണ് ബദ്‌രീങ്ങളുടെ സ്മരണയിലൂടെ സാധ്യമാകുകയെന്നും മജ്‌ലിസുന്നൂര്‍ സംഗമം ഉദ്‌ബോധിപ്പിച്ചു.
ജാമിഅ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ മഅ്‌രിബ് നിസ്‌കാരാനന്തരമാണ് മജ്‌ലിസുന്നൂര്‍ സംഗമം ആരംഭിച്ചത്. സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ പ്രസംഗം നടത്തി.
ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ സമാപന പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴസംസാരിച്ചു.
കെ. ആലിക്കുട്ടി മുസ്‌ലിയര്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍, നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ വാവാട്, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍,എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, എ.മരക്കാര്‍ മുസ്‌ലിയാര്‍, ഒ.കുട്ടി മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഒ.ടി.മൂസ മുസ്‌ലിയാര്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് സാബിഖലി തങ്ങള്‍,കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ സംബന്ധിച്ചു.
സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ നന്ദി പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.