2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

അഭിഭാഷക മജിസ്‌ട്രേറ്റ് തര്‍ക്കം: മാപ്പ് പറഞ്ഞ് തടിയൂരി ബാര്‍ അസോസിയേഷന്‍, മാപ്പ് പറച്ചില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന്

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവവത്തില്‍ ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി ബാര്‍ അസോസിയേഷന്‍. വഞ്ചിയൂരില്‍ വനിതാ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള ശീത സമരം പരിധി കടന്നിരുന്നു. മജിസ്ട്രേറ്റിനെതിരേ കേസ് നല്‍കി അവരെ മുട്ടുകുത്തിക്കാനുള്ള പുതിയ നീക്കവുമായാണ് ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നത്. ഇതുപോലൊരു ശീത സമരം കേരളത്തില്‍ തന്നെ ആദ്യമാണെന്നായിരുന്നു വിലയിരുത്തല്‍.
മജിസ്ട്രേറ്റ് ദീപാ മോഹന്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ അഭിഭാഷകയെ കൊണ്ട് പൊലിസില്‍ പരാതിയും നല്‍കിച്ചിരുന്നു. അഭിഭാഷകയായ രാജേശ്വരിയാണ് വഞ്ചിയൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.

ഉച്ചയ്ക്ക് വഞ്ചിയൂര്‍ കോടതിക്ക് സമീപം സഹപ്രവര്‍ത്തകരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. ഈസമയത്ത് കോടതിയിലേക്ക് പോകുന്നതിനായി ആ വഴി കടന്നുവന്ന മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ എന്റെ മുതുകില്‍ ആഞ്ഞടിച്ചു. തുടര്‍ന്ന് അസഭ്യം പറയുകയും എന്നോട് കളിച്ചാല്‍ നിന്നെയൊക്കെ ജാമ്യമില്ലാ വകുപ്പില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’- എന്നായിരുന്നു രാജേശ്വരി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

സഹപ്രവര്‍ത്തകരുടെയും മറ്റ് അഭിഭാഷകരുടെയും മുന്നില്‍ വച്ച് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടി മാനഹാനിക്ക് ഇടയാക്കിയതായും പരാതിയില്‍ പറയുന്നു. അഭിഭാഷകയുടെ പരാതിയില്‍ കോടതിയുടെ അനുമതിയോടെ നടപടി സ്വീകരിക്കുമെന്ന് വഞ്ചിയൂര്‍ പൊലിസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലിസ് വ്യക്തമാക്കി.
എന്നാല്‍ തര്‍ക്കം മുറുകിയതോടെ വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പ്രശ്‌നം പരിഹരിക്കണമെന്ന് അ്ന്ത്യശാസനം നല്‍കിയെന്നുമാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കാനൊരുങ്ങുന്നത്.

വാഹനാപകട കേസിലെ വാദിയായ സ്ത്രീയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം മജിസ്ട്രേറ്റ് റദ്ദാക്കിയതാണ് അഭിഭാഷകരെ പ്രകോപിച്ചത്. വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. പരാതി സ്വീകരിച്ച പൊലിസ് പക്ഷെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല.

അതേ സമയം വഞ്ചിയൂര്‍ കോടതിയില്‍ വനിതാ ജഡ്ജിയെ ആക്രമിച്ച അഭിഭാഷകര്‍ കോടതിമുറിയില്‍ കാട്ടിക്കൂട്ടിയത് അതിരുവിട്ട അക്രമമാണെന്ന് സാക്ഷിയായ ലതാകുമാരിയുടെ പ്രതികരണം കൂടുതല്‍ വിവാദമായതോടെയാണ് ബാര്‍ അസോസിയേഷന്റെ വാദമെല്ലാംപൊളിഞ്ഞത്. മജിസ്ട്രേറ്റിന്റെ ചേംബറിലേക്ക് അഭിഭാഷകര്‍ ഇരച്ചു കയറി. അവര്‍ ‘മാഡത്തിനെ റെഡിയാക്കി’ എന്നാണ് ലതാകുമാരി പറഞ്ഞത്. കതകടച്ചാണ് അഭിഭാഷകര്‍ അക്രമം കാണിച്ചത്. തന്നെയും അഭിഭാഷകര്‍ ആക്രമിച്ചു. ഇത് ഏത് പൊലിസ് വന്നാലും പറയാന്‍ തയാറാണെന്നും ലതാകുമാരി പറഞ്ഞിരുന്നു. ലതാകുമാരിയെ വാഹനിമിടിച്ച് പരിക്കേല്‍പിച്ച പ്രതിയുടെ ജാമ്യം നിഷേധിച്ചതിലായിരുന്നു മജിസ്ട്രേറ്റിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.