2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പ്രതിസന്ധി അതിരൂക്ഷം; മധ്യപ്രദേശില്‍ നിലമുഴുതാന്‍ കാളയ്ക്കു പകരം പെണ്‍കുട്ടികള്‍

സീഹോര്‍: മധ്യപ്രദേശിലെ കര്‍ഷക പ്രതിസന്ധി അതിരൂക്ഷാവസ്ഥയിലേക്ക്. നിലമൊരുക്കാന്‍ കാളകള്‍ക്കു പകരം പെണ്‍കുട്ടികളെ ഉപയോഗിക്കുകയാണിവിടെ. കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് കര്‍ഷകര്‍ക്ക് ഈ ദുരിതം.

രാധികയെന്ന 14 കാരിയും കുന്തി എന്ന 11 കാരിയുമാണ് കാളകള്‍ക്കു പകരം നിലമുഴുതാന്‍ സഹായിക്കുന്നത്.

”നിലമുഴുതുന്നതിനു വേണ്ട കാളകളെ വാങ്ങാന്‍ എന്റെയടുക്കല്‍ പണമില്ല, സാമ്പത്തിക പ്രതിസന്ധി കാരണം തന്റെ രണ്ടു പെണ്‍മക്കളും സ്‌കൂള്‍ നിര്‍ത്തി”- സര്‍ദാര്‍ കാഹ്‌ലയെന്ന കര്‍ഷകന്‍ നിരാശാ ബോധത്തോടെ പറയുന്നു.

ഇതുപോലെ നിരവധി കര്‍ഷകര്‍ മധ്യപ്രദേശിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഒരു കാളയുള്ള വൃദ്ധനായ കര്‍ഷകന്‍ മറ്റൊരു കാളയ്ക്കു പകരം സ്വയം കലപ്പ വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബി.ബി.സി പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായി ഇടപെടാന്‍ ഇതുവരെ അധികാരികള്‍ തയ്യാറായിട്ടില്ല. ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, കുട്ടികളെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ജില്ലാ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ആഷിഷ് ശര്‍മ്മ പ്രതികരിച്ചത്.

നോട്ട് നിരോധനവും വരള്‍ച്ചയും കര്‍ഷകര്‍ക്കുണ്ടാക്കിയ പ്രതിസന്ധിയെത്തുടര്‍ന്ന് മധ്യപ്രദേശില്‍ വലിയ പ്രക്ഷോഭമുണ്ടായിരുന്നു. നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി. സമരത്തിനിടെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.