2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ശുക്കൂര്‍ വധത്തിലെ കുറ്റപത്രം; സി.പി.എമ്മിന് ധാര്‍മികതയുണ്ടെങ്കില്‍ ജയരാജനെ മാറ്റിനിര്‍ത്തണമെന്ന് എം.ലിജു

 

മനാമ: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജയരാജന്റെ പങ്ക് കൂടുതല്‍ വ്യക്തമായെന്നും സി.പി.എമ്മിന് ധാര്‍മ്മികതയുണ്ടെങ്കില്‍ ജയരാജനെ മാറ്റി നിര്‍ത്തണമെന്നും ആലപ്പുഴ ഡി.സി.സി. പ്രസിഡണ്ട് എം.ലിജു ബഹ്‌റൈനില്‍ ആവശ്യപ്പെട്ടു.
ബഹ്‌റൈന്‍ ഓ ഐ സി സി ആലപ്പുഴ ജില്ലാക്കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസോത്സവ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ലിജു ഇവിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി.രാജേഷുമാണ് ഗൂഢാലോചന നടത്തിയതെന്ന് സി.ബി.ഐക്ക് ബോധ്യപ്പെടുകയും അവര്‍ അക്കാര്യം കുറ്റപത്രത്തിലൂടെ വ്യക്തമാക്കുകയും ചെയ്തതാണ്. എന്നിട്ടും പ്രതികളെ സഹായിക്കുകയും അവര്‍ക്ക് വേണ്ടി സംസാരിക്കാനുമാണ് സി.പി.എം നേതാക്കളും സര്‍ക്കാരും ശ്രമിക്കുന്നത്. കേരളത്തിലും കേന്ദ്രത്തിലുമുള്ള ഭരണത്തില്‍ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ആകെയുള്ള 20 ലോക്‌സഭ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ് തരംഗമാണ്‌ േകരളത്തില്‍ ഉണ്ടാകാന്‍പോകുന്നത്. ശബരിമല വിഷയത്തില്‍ ഒത്തുകളിച്ച ബി.ജെ.പിക്കും സി.പി.എമ്മിനുമുള്ള കനത്ത തിരിച്ചടിയും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

കേന്ദ്രത്തില്‍ ജനാധിപത്യ മൂല്ല്യങ്ങളെ ചവിട്ടിമെതിച്ചാണ് മോദി ഭരണം പൂര്‍ത്തിയാകുന്നത്. മുന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ മികവ് എന്താണെന്ന് കാട്ടിത്തരാന്‍ ബി.ജെ.പിയുടെ ഭരണത്തിന് കഴിഞ്ഞു. കേരളത്തില്‍ നടക്കുന്നതും സി.പി.എമ്മിെന്റ മോശപ്പെട്ട ഭരണമാണ്.
മനുഷ്യനിര്‍മ്മിത പ്രളയത്തിെന്റ ഫലമായുണ്ടായ കേരളത്തിെന്റ തകര്‍ച്ചയില്‍ മോചിതമാകാന്‍ നടപടികള്‍ സ്വീകരിക്കാത്ത ഗവണ്‍മെന്റാണ് പിണറായിയുടേത്. ശബരിമല വിഷയത്തില്‍ ബി.െജ.പിക്ക് ഒപ്പം കോണ്‍ഗ്രസ് സമരം ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ സംസ്‌ക്കാരത്തിെന്റ ഭാഗമായ ആചാരക്രമങ്ങളെ മാനിക്കാന്‍ തയ്യാറാകാത്ത ഗവണ്‍മെന്റിെന്റ നയത്തെ എതിര്‍ക്കുക മാത്രമായിരുന്നെന്നും ലിജു പറഞ്ഞു.

ബഹ്‌റൈന്‍ ഒ.ഐ.സി.സി. ഭാരവാഹികളായ ബിനു കുന്നന്താനം, മോഹന്‍കുമാര്‍, കെ.സി. ഫിലിപ്പ്, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി, ശങ്കരപ്പിള്ള, ഇബ്രാഹിം അദ്ഹം, അലക്‌സ് ബേബി, ഗഫൂര്‍ ഉണ്ണിക്കുളം സഹാര്‍ റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ കെ.പി.ജോണ്‍ എന്നിവരും ലിജുവിനോടൊപ്പം ഇവിടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ആലപ്പുഴ ഡി.സി.സി. പ്രസിഡണ്ട് എം.ലിജു ബഹ്‌റൈന്‍ ഒ.ഐ.സി.സി. ഭാരവാഹികളോടൊപ്പം ബഹ്‌റൈനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.