2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഫുട്‌ബോളിലലിഞ്ഞ് ലുഷ്‌നികി

ഡോ. എം.എസ് അജിത്‌

മോസ്‌കോ തെരുവുകളില്‍ അലഞ്ഞു തിരിയുമ്പോഴാണ് ഇന്ന് ലുഷ്‌നികി സ്റ്റേഡിയത്തിലുള്ള കളി കണ്ടാലോ എന്ന് സുഹൃത്ത് ലത്തീഫ് ചോദിക്കുന്നത്. ഫ്രാന്‍സും ഡെന്‍മാര്‍ക്കും തമ്മിലുള്ള കളിയാണ്. കപ്പടിക്കും എന്ന് കഥാകൃത്ത് എന്‍.എസ് മാധവന്‍ പ്രവചിച്ച ടീമാണ് ഫ്രാന്‍സ്, സുഹൃത്ത് നാസര്‍ ആവേശം കൊണ്ടു. പക്ഷേ ഞങ്ങള്‍ക്ക് ടിക്കറ്റില്ല. ഫിഫ ടിക്കറ്റ് നറുക്കെടുപ്പില്‍ മറ്റൊരു കളിക്കാണ് ഞങ്ങള്‍ക്കുള്ള ടിക്കറ്റ്. സ്റ്റേഡിയത്തില്‍ പോയി നോക്കാമെന്ന തീരുമാനത്തില്‍ മസ്‌കോവ നദിക്കരയിലുള്ള ലുഷ്‌നികി സ്റ്റേഡിയത്തിലേക്ക് ആഞ്ഞു നടന്നു. ഡെന്‍മാര്‍ക്കിന്റെ ചുവപ്പും ഫ്രാന്‍സിന്റെ നീലയും നിറഞ്ഞ സംഘങ്ങളാണ് തെരുവുകളില്‍. 

വഴിയില്‍ കരിഞ്ചന്ത ടിക്കറ്റ് വില്‍ക്കുന്ന ഒന്നു രണ്ട് സംഘങ്ങളെ കണ്ടണ്ടു. അറുപതിനായിരം റൂബിളിന് മൂന്ന് ടിക്കറ്റ് ഒരു ഇറ്റലിക്കാരന്‍ തന്നു. അതും കൊണ്ടണ്ട് സ്റ്റേഡിയത്തിലേക്ക് ഓടി. നിരവധി സ്ഥലങ്ങളിലാണ് ചെക്കിങ് നടക്കുന്നത്. ശരീര പരിശോധനയും, ടിക്കറ്റ് ചെക്കിങ്ങും കഴിഞ്ഞു, ഒടുവില്‍ ഫിഫ ഐ.ഡി കാര്‍ഡ് ചെക്കിങ്ങ്. കാര്‍ഡ് സൈ്വപ് ചെയ്യുമ്പോള്‍ നമ്മുടെ ഫോട്ടോ സ്‌ക്രീനില്‍ തെളിയും. അത് നോക്കി ഉറപ്പാക്കിയ ഫിഫ ടീം നമ്മളെ മൈതാനത്തിലേക്ക് കടത്തിവിടും. നാല് ലെവലുകളിലായി ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പടുകൂറ്റന്‍ സ്റ്റേഡിയത്തിലേക്ക് ആളുകള്‍ കുതിക്കുകയാണ്. മൂന്നാം ലെവലിലാണ് ഞങ്ങളുടെ സീറ്റ്. പടികള്‍ക്കരികില്‍ ബിയറും കൊക്കക്കോളയും ഹോട്ട് ഡോഗും ഉരുളക്കിഴങ്ങ് ചിപ്‌സും വില്‍ക്കുന്ന കടകളില്‍ നീണ്ട ക്യൂവാണ്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുമ്പൊഴേക്കും ഫ്രാന്‍സിന്റെയും ഡെന്‍മാര്‍ക്കിന്റെയും ദേശീയ പതാകകള്‍ വിടര്‍ത്തി ദേശീയ ഗാനമാരംഭിച്ചു. ഇരു ടീമിലെയും അംഗങ്ങള്‍ക്കൊപ്പം ആരാധകര്‍ ദേശീയ ഗാനത്തിനൊപ്പം ആഹ്ലാദാരവം മുഴക്കി .

ലെവല്‍ മൂന്നിലെ മുപ്പത്തിയാറാം നിരയില്‍ എട്ടാമത്തെയും ഒന്‍പതാമത്തെയും സീറ്റുകളാണ് ഞങ്ങള്‍ക്ക്. തൊട്ടപ്പുറത്ത് ഇസ്രാഈലില്‍നിന്ന് വന്ന എഴുപത് വയസ് കഴിഞ്ഞ രണ്ടു പേരാണ്. മുന്നില്‍ ബ്രസീലില്‍നിന്നു വന്ന കാളക്കൂറ്റനായ ഗോണ്‍സാല്‍വാസും സംഘവും. കളി തുടങ്ങിയപ്പോഴേക്കും ബ്രസീല്‍ സംഘം എഴുനേറ്റ് ആര്‍പ്പുവിളി തുടങ്ങി. പുറകിലിരുന്ന ഇസ്രാഈലുകാരന്‍ ബ്രസീലുകാരനെ തട്ടി ഇരിക്കാന്‍ പറഞ്ഞു. ഇത് ഫുട്‌ബോളാണ് .ആവേശത്തിനനുസരിച്ച് എഴുനേല്‍ക്കും ഇരിക്കും എന്നായിരുന്നു മറുപടി. പക്ഷേ കളി മുറുകിയപ്പോഴേക്കും ഇസ്രാഈല്‍ പൗരന്‍മാരും ആവേശത്തില്‍ ചാടിയെണീറ്റു തുടങ്ങി. അതോടെ സ്റ്റേഡിയം ഒരു തിരമാല പോലെ ഒന്നായിത്തീര്‍ന്നു. സ്റ്റേഡിയത്തിന്റെ ഒരറ്റത്തുനിന്ന് ആരംഭിക്കുന്ന തിരമാലയില്‍ പങ്ക് ചേരാന്‍ കൈകളുമുയര്‍ത്തി എല്ലാ രാജ്യക്കാരും തയാറായി നില്‍ക്കുന്നു. തിരമാലകള്‍ ഗാലറിയില്‍ ഒരു മരണക്കിണറിലെ മോട്ടോര്‍ സൈക്കിളില്‍ എന്ന പോലെ ആരവമുയര്‍ത്തി അതി വേഗത്തില്‍ ചുറ്റുന്നു.

ഫ്രാന്‍സിന്റെയും ഡെന്‍മാര്‍ക്കിന്റെയും ഗോള്‍ മുഖത്തിലുള്ള ആക്രമണങ്ങളില്‍ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നീലയും ചുവപ്പും ആരാധകര്‍ ഇളകി മറിയുന്നു. അപ്പോഴേക്കും ഇസ്രാഈല്‍ പൗരന്‍ തന്റെ കൈയിലുള്ള വറുത്ത കടല ബ്രസീല്‍ കാരന് നല്‍കുകയായി. കെട്ടിപ്പിടിക്കുകയായി. അതോടെ ബ്രസീല്‍കാരന്‍ ആദ്യം പറഞ്ഞ വാക്കുകള്‍ക്ക് ക്ഷമാപണം നടത്തുകയായി. കെട്ടിപ്പിടിച്ച് സെല്‍ഫി എടുക്കുകയായി. ഇഴഞ്ഞും വലിഞ്ഞും നീങ്ങിയ കളി ഹാഫ് ടൈം കഴിഞ്ഞപ്പോള്‍ വേഗത്തിലായി. ഡെന്‍മാര്‍ക്കിന്റെ ഗോള്‍ മുഖത്തേക്ക് ഫ്രഞ്ച് കളിക്കാര്‍ ചങ്ങല വലയം തീര്‍ത്തു.

ഇരു ടീമുകളുടെ ആരാധകരും ജേഴ്‌സി അണിഞ്ഞും തൊപ്പി ധരിച്ചും മുഖത്ത് ചായം പൂശിയും സ്വന്തം ടീമുകളെ പ്രോത്സാഹിപ്പിച്ചു. ബ്യൂഗിളുകള്‍ വിളിച്ചും വാദ്യങ്ങള്‍ മുഴക്കിയും ഗോളിനായി ആരവം മുഴക്കിയെങ്കിലും കളി ഗോള്‍രഹിത സമനിലയിലായി. ഇരു ടീമുകളും ഗോളടിച്ചില്ല എന്ന ഖേദമൊന്നും ആരാധകര്‍ക്കില്ല. അവര്‍ പറ്റം പറ്റമായി ആര്‍പ്പുവിളികളോടെ പുറത്തേക്കിറങ്ങി. പുറത്തേക്കുള്ള ഞങ്ങളുടെ യാത്രയില്‍ നിശബ്ദമായി നീങ്ങുന്ന ചിലരെ കണ്ടു. റഷ്യക്കാരനായ ഡാനിയല്‍ പ്രോവിച്ചും ഫ്രഞ്ചുകാരനായ ബസ്സന്‍ പിയറിയും സിംഗപ്പൂര്‍ കാരനായ കിമ്മുമായിരുന്നു അവര്‍. മൂന്നു പേരും വികലാംഗരാണ്. ബസ്സന്‍ മോട്ടറൈസ്ഡ് വീല്‍ കാറിലാണ്. മറ്റു രണ്ടു പേരും വീല്‍ ചെയറുകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം. ഡാനിയലിന് അരയ്ക്ക് താഴെ ഒന്നുമില്ല. വിദൂരമായ പ്രദേശങ്ങളില്‍ നിന്ന് ഫുട്‌ബോളിനെ സ്റ്റേഹിച്ച് മാത്രം എത്തിയ ഇവരുടെ മുമ്പില്‍ നമ്മള്‍ ഒന്നുമല്ല. ആറ് നിലയിലുള്ള പടുകൂറ്റന്‍ സ്റ്റേഡിയം ഇവരുടെ മുന്നില്‍ ഒരു മെഴുക് പ്രതിമയായി ഉരുകുന്നു. ഫുട്‌ബോള്‍ എന്ന ഭൂഗോള ക്രമത്തില്‍ മനുഷ്യര്‍ ഇവിടെ ഒന്നാകുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.