2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഞങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടമായെന്ന് പെഹ്‌ലു ഖാന്റെ കുടുംബം, ഉപ്പയെ മര്‍ദിച്ചു കൊല്ലുന്നത് എല്ലാവരും കണ്ടതാണ്, എന്നിട്ടും തെളിവില്ലെന്നാണ് കോടതി പറഞ്ഞത്

 

ജയ്പൂര്‍: രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും നിയമത്തിലും തങ്ങള്‍ക്ക് വിശ്വാസം നഷ്ടമായെന്ന് ബീഫിന്റെ പേരില്‍ സംഘ്പരിവാര്‍ തല്ലിക്കൊന്ന ക്ഷീരകര്‍ഷകന്‍ പെഹ്‌ലു ഖാന്റെ കുടുംബം. പെഹ്‌ലു ഖാന്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് ആല്‍വാര്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു കുടുംബം. ഉപ്പയെ മര്‍ദിച്ചു കൊല്ലുന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. എന്നിട്ടും സംഭവത്തിന് തെളിവില്ലെന്നാണ് കോടതി പറയുന്നത്- പെഹ്‌ലു ഖാന്റെ മൂത്ത മകന്‍ ഇര്‍ഷാദ് ഖാന്‍ പറഞ്ഞു.

 

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നീതി പ്രതീക്ഷിച്ചു കാത്തിരിക്കുകയായിരുന്നു ഞങ്ങളുടെ കുടുംബം. നീതി പുലരുമെന്നും അത് ഉപ്പയുടെ ആത്മാവിന് ശാന്തി പകരുമെന്നും ഞങ്ങള്‍ വിശ്വസിച്ചു. എന്നാല്‍, ഞങ്ങളുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. ആള്‍ക്കൂട്ടം നടുറോഡില്‍ വച്ച് ഉപ്പയെ തല്ലിക്കൊന്നതാണ് എന്നതിന് എല്ലാ തെളിവുകളും ഞങ്ങള്‍ കോടതിയില്‍ ഹാജരാക്കിയതാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രോസികൂഷനും ഹാജരാക്കി. പക്ഷേ, അതൊന്നും കോടതി കണ്ടില്ല. പ്രതികള്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ- ഇര്‍ഷാദ് ഖാന്‍ പറഞ്ഞു.

ഉപ്പയെ തല്ലിക്കൊന്ന കേസിലെ പ്രതികള്‍ നാട്ടില്‍ സ്വതന്ത്രമായി വിഹരിക്കുമ്പോള്‍ പശുമോഷ്ടാക്കളെന്നാരോപിച്ച് സംസ്ഥാന പൊലിസ് എടുത്ത കേസില്‍ ഞങ്ങള്‍ വിചാരണ നേരിടുകയുമാണ്. ഏതുഘട്ടത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോവുന്നത് എന്നു വിശദീകരിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല.

ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കട്ടെ. പിന്നീട് അതു പഠിച്ച ഉടന്‍ മേല്‍കോടതിയെ സമീപിക്കുമെന്നും ഇര്‍ഷാദ് അറിയിച്ചു.

കേസ് നടത്താനായി മൂന്നുലക്ഷം രൂപ ചെലവഴിക്കേണ്ടിവന്നുവെന്ന് പെഹ്‌ലു ഖാന്റെ ബന്ധു ഹുസൈന്‍ ഖാന്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടെയാണ് ഇത്രും തുക ചെലവാക്കേണ്ടിവന്നത്. കോടതി വിധി പറയുമ്പോള്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരാളും തന്നെ അവിടെ ഇല്ലായിരുന്നുവെന്നും ഹുസൈന്‍ പറഞ്ഞു.

പെഹ്ലുഖാനെ സംഘ്പരിവാര്‍ അക്രമികള്‍ തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട നടപടിയെ മേല്‍കോടതിയില്‍ ചോദ്യംചെയ്യുമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അല്‍വാറിലെ ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാജസ്ഥാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) രാജീവ സ്വരൂപ് അറിയിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം.

 

പെഹ്‌ലു ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ വെറുതെവിട്ടത് രാജ്യത്തുടനീളം ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ അക്തര്‍ ഹുസൈന്‍ പറഞ്ഞു. ഇത്തരം വിധിപ്രഖ്യാപനങ്ങള്‍ രാജ്യത്തുടനീളം ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കാന്‍ കാരണമാകും. അന്വേഷണത്തില്‍ പൊലീസ് വരുത്തിയ വീഴ്ചകളാണ് എല്ലാവരെയും വെറുതെവിടാന്‍ കാരണം.ഒന്നിലധികം തവണ അന്വേഷണത്തില്‍ മനഃപൂര്‍വം പിഴവ് വരുത്താന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ട്. ഒന്നാമതായി, സംഭവത്തിന്റെ വീഡിയോ ഫൊറന്‍സിക് ലാബുകളിലേക്ക് ആ സമയം അയച്ചിരുന്നില്ല. ഈ വീഡിയോയില്‍ നിന്നെടുത്ത ഫോട്ടോകള്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കും അയച്ചില്ല. അതുകൊണ്ട് സ്വീകാര്യമായ തെളിവായി കോടതി അതിനെ സ്വീകരിക്കാത്തത്. പൊലീസ് യഥാസമയം പ്രവര്‍ത്തിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നോ? എനിക്കറിയില്ല. പക്ഷേ പൊലീസ് ഈ കേസില്‍ മനഃപൂര്‍വം വെള്ളം ചേര്‍ത്തതാണ്. ഞങ്ങള്‍ പഴുതില്ലാത്ത തെളിവാണ് കൊടുത്തത്. വീഡിയോ കൂടാതെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു. അതില്‍ ബാഹ്യമായേറ്റ മുറിവുകളാണ് മരണത്തിനു കാരണമെന്നു പറയുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു.

കേസിലെ ആറുപ്രതികളെയും വെറുതെവിട്ട് രാജസ്ഥാനിലെ ആല്‍വാര്‍ കോടതിയാണ് ഇന്നലെ വൈകീട്ടോടെ വിധി പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്താന്‍ തക്ക തെളിവല്ലെന്നു പറഞ്ഞാണ് കോടതിയുടെ നടപടി. ഓം യാദവ് (45), ഹുകും ചന്ദ് യാദവ് (44), സുധീര്‍ യാദവ് (45), ജഗ്മല്‍ യാദവ് (73), നവീന്‍ ശര്‍മ (48), രാഹുല്‍ സൈനി (24) എന്നിവരെയാണ് വെറുതെവിട്ടത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ച തുടങ്ങിയ വകുപ്പുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

 

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെവിടുന്നതെന്നും കോടതി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 40 പേരെയാണ് കോടതി വിസ്തരിച്ചത്. ഈ മാസം ഏഴിന് കേസിന്റെ വിചാരണയും പൂര്‍ത്തിയായി ഇന്നേക്കു വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. ആറുപേര്‍ക്കു പുറമെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേര്‍ പ്രായപൂര്‍ത്തിയെത്താത്തവരാണ്. നിലവില്‍ ഈ മൂന്നുപേരുടെ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയിലാണ്.

2017 ഏപ്രില്‍ ഒന്നിനാണ് രാജസ്ഥാനിലെ കന്നുകാലി ചന്തയില്‍ നിന്ന് പശുക്കളെയും വാങ്ങി ഹരിയാനയിലേക്ക് പോകുകയായിരുന്ന പെഹ്ലുഖാനെയും സംഘത്തെയും അല്‍വാറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. സംഭവത്തിന്റെ തുടക്കംമുതലേ കേസ് തേച്ചുമാച്ചു കളയാനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്.

ന്യൂഡല്‍ഹി- ജയ്പൂര്‍ ദേശീയപാതയിലെ ആല്‍വാര്‍ ജില്ലയിലുള്ള ബെഹ്‌റോറില്‍ വച്ചായിരുന്നു ആക്രമണം. ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഹരിയാനയിലെ മെവാത് സ്വദേശിയായ പെഹ്‌ലുഖാന്‍ ആക്രമണം നടന്ന് രണ്ടാംദിവസം ആശുപത്രിയില്‍ മരിച്ചു. ക്ഷീരകര്‍ഷകനായ പെഹ്ലുഖാന് പശുവിനെ വാങ്ങാനും വില്‍ക്കാനുമുള്ള എല്ലാ രേഖകളും ഉണ്ടായിരുന്നു. കേസ് തുടക്കം മുതല്‍ അട്ടിമറിക്കാനാണ് അന്ന് സംസ്ഥാനം ഭരിച്ച ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. അക്രമികളെ കുറിച്ച് മരണമൊഴിയില്‍ പെഹ്ലുഖാന്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അവരെയെല്ലാം കുറ്റവിമുക്തരാക്കുകയായിരുന്നു പൊലിസ്. പുറമെ സാക്ഷികളെ വകവരുത്താനും ശ്രമമുണ്ടായി.

Lost faith in the law, verdict shattered our hopes: Pehlu Khan’s family


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.