2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

ലണ്ടന്‍/ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പി.എന്‍.ബി) നിന്ന് ആയിരക്കണക്കിനു കോടി രൂപ വായ്പയെടുത്തു മുങ്ങിയ സാമ്പത്തിക കുറ്റവാളി നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് നടപടി. ഇ.ഡിയുടെ അഭ്യര്‍ത്ഥനയില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് വാജിദ് കഴിഞ്ഞ ആഗസ്റ്റില്‍ ഒപ്പുവച്ചിരുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ വജ്രവ്യാപാരിയായ നീരവ് മോദി ഏതുസമയത്തും ലണ്ടന്‍ പൊലിസിന്റെ പിടിയിലായേക്കും.
നലവില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലാണ് നീരവ് മോദിക്കെതിരായ കേസുകള്‍ പുരോഗമിക്കുന്നത്. അറസ്റ്റിലായാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഈ കോടതിയിലാവും ഹാജരാക്കുക. പിന്നീട് കേസിന്റെ തുടര്‍നടപടികള്‍ക്കായി നീരവ് മോദിയെ ഇന്ത്യക്കു കൈമാറുന്നത് സംബന്ധിച്ച് വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി ഉത്തരവിടും. കോടതി ഉത്തരവ് ഇന്ത്യക്ക് അനുകൂലമാവുകയാണെങ്കില്‍ അദ്ദേഹത്തെ വൈകാതെ ബ്രിട്ടന്‍ നാടുകടത്തും. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് നീരവ് മോദിയും അമ്മാവനും ആഭരണവ്യവസായിയുമായ മെഹുല്‍ ചോക്‌സിയും 13,000 കോടി രൂപ വായ്പയെടുത്തു മുങ്ങിയെന്നാണ് കേസ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.