2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മൂത്രമൊഴിക്കാന്‍ ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ തന്നെ കാര്യം സാധിച്ചു, ശേഷം യാത്ര തുടര്‍ന്ന് ലോക്കോ പൈലറ്റ്, മൂക്കത്ത് വിരല്‍വച്ച് യാത്രക്കാര്‍; വീഡിയോ വൈറലാകുന്നു

മഹാരാഷ്ട്ര: ഞാന്‍ ഓടിക്കുന്നത് വലിയ വണ്ടി, എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും എന്ന് ഒരു ലോക്കോപൈലറ്റ് വിചാരിച്ചാല്‍ യാത്രക്കാരെന്തു ചെയ്യും. മഹാരാഷ്ട്രയിലെ ഒരു ലോക്കോപൈലറ്റ് കാട്ടിക്കൂട്ടിയ പ്രവര്‍ത്തി ഏതാണ്ട് ഇതുപോലെ തന്നെയായിരിക്കുകയാണ്. ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ നിര്‍ത്തി മുന്നിലേക്കിറങ്ങി വന്ന് ട്രാക്കില്‍ മൂത്രമൊഴിക്കുന്ന ലോക്കോ പൈലറ്റിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. മുംബൈയിലേക്കുള്ള യാത്രക്കിടെ ഉല്ലാസ്‌നഗര്‍,-വിതല്‍വാടി സ്‌റ്റേഷനുകള്‍ക്കിടയിലാണ് ലോക്കോപൈലറ്റിന്റെ ശങ്ക തീര്‍ക്കാന്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ട്രെയിന്‍ നിര്‍ത്തി അതിന് മുന്‍പില്‍ തന്നെ ട്രാക്കിലേക്ക് ഇയാള്‍ മൂത്രമൊഴിക്കുന്നതും പിന്നീട് കാബിനിലേക്ക് കയറി യാത്ര തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൂത്രമൊഴിക്കുന്നതിനിടെ ഒരു ട്രെയിന്‍ അടുത്ത ട്രാക്കിലൂടെ ഇയാളെ കടന്നുപോകുന്നുമുണ്ട്.

ജോലിക്ക് പോകുകയായിരുന്ന പ്രാദേശിക ദൃശ്യമാധ്യമ പ്രവര്‍ത്തകനായ സോനു ഷിന്‍ഡെ ആണ് ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. യാത്രക്കിടെ അപ്രതീക്ഷിതമായി ട്രെയിന്‍ നിര്‍ത്തിയതും ലോക്കോപൈലറ്റ് കാബിനില്‍ നിന്ന് ഇറങ്ങുന്നതും കണ്ട് ദൃശ്യം പകര്‍ത്തുകയായിരുന്നുവെന്ന് ഷിന്‍ഡെ പറഞ്ഞു. എന്തായാലും സംഭവം വിവാദമായ സാഹചര്യത്തില്‍ അധികൃതര്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.