2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കരളാണ് കാര്യം

 

കരളേ, എന്റെ കരളിന്റെ കരളേ… എന്നു പ്രിയപ്പെട്ടവരെ വിളിക്കാറില്ലേ? എന്തായിരിക്കും അത്രയും പ്രിയം തോന്നുന്നവരെ കരളെന്നു വിളിക്കാന്‍ കാരണം ? കാരണമുണ്ട്. ഏറ്റവും പ്രിയപ്പെട്ടവര്‍ ആയിരിക്കും നമുക്ക് ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ളവര്‍. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ കരള്‍ അഥവാ ലിവര്‍ പോലെ. നമ്മുടെ ശരീരത്തിലെ ജൈവ, രാസ പ്രവര്‍ത്തനങ്ങളുടെ ഒക്കെ കേന്ദ്രമാണ് കരള്‍. മുക്കാല്‍ ഭാഗത്തോളം കേടായാലും തന്റെ ചുമതലകളില്‍ ഒരു വീഴ്ചയും വരുത്താത്ത സ്ഥിരോത്സാഹി കൂടിയാണ് നമ്മുടെ ലിവര്‍. മുറിച്ചു മാറ്റിയാലും വളര്‍ന്നു വരുന്ന ഭാഗം എന്നുകൂടി പറയാം.

നട്ടെല്ലുള്ള ജീവികളിലെല്ലാം തന്നെ കരള്‍ കണ്ടുവരുന്നു. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ഇതിന്റെ ഭാരം ഏതാണ്ട് ഒന്നര കിലോയോളം വരും. ഏറ്റവും ഭാരംകൂടിയ ആന്തരികാവയവവും കരള്‍ തന്നെ. വയറിനു വലതു വശത്ത് മുകളിലായി, ഡയഫ്രത്തിനു തൊട്ടു താഴെ വാരിയെല്ലുകള്‍ക്ക് പുറകിലായാണ് കരളിന്റെ സ്ഥാനം. കരളിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. വലുപ്പം കൂടിയ വലത് ലോബും, ചെറിയ ഇടത് ലോബും.

കരളിന്റെ പ്രധാന പ്രവര്‍ത്തങ്ങള്‍

 • മാംസ്യത്തിന്റെ നിര്‍മാണം
 • ദഹന രസങ്ങളുടെ ഉല്‍പ്പാദനം
 • കൊളസ്‌ട്രോള്‍ ഉല്‍പ്പാദനം
 • ശരീരത്തിലെ അയേണിന്റെ (ഇരുമ്പ് സത്ത്) സൂക്ഷിപ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു
 • ഹോര്‍മോണുകളുടെ അളവുകള്‍ ക്രമീകരിക്കുക
 • രക്തം കട്ട പിടിക്കുന്നതിന് ആവശ്യമായ ഫാക്ടറുകളുടെ നിര്‍മാണം
 • ഇമ്യുണോ ഗ്ലോബിനുകളുടെ നിര്‍മാണം
 • രക്തത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതില്‍ പങ്കുവഹിക്കുന്നു
 • ഗ്ലൈക്കോജന്റെ ശേഖരണ കേന്ദ്രം
 • അമോണിയയെ യൂറിയ ആക്കി മാറ്റുന്നു

കരളിനെ ബാധിക്കുന്ന
പ്രധാന അസുഖങ്ങള്‍

 • മഞ്ഞപ്പിത്തം
 • ഫാറ്റി ലിവര്‍ ഡിസീസ്
 • ലിവര്‍ സിറോസിസ്
 • കരളിനെ ബാധിക്കുന്ന കാന്‍സര്‍
  (ഇതില്‍ മഞ്ഞപ്പിത്തത്തെ കുറിച്ച് അടുത്ത ലക്കത്തില്‍ വിശദമായി എഴുതാം)

ലിവര്‍ ഫങ്ഷന്‍ ടെസ്റ്റുകള്‍

കരളിന്റെ പ്രവര്‍ത്തനത്തെ കുറിച്ചു പഠിക്കുവാനുള്ള ഒരുകൂട്ടം ടെസ്റ്റുകളെയാണ് ഘഎഠ അഥവാ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റുകള്‍ എന്നു പറയുന്നത്. പ്രോത്രോമ്പിന്‍ ടൈം, ആല്‍ബുമിന്‍, ബിലിരുബിന്‍ എന്നിവയുടെ ഒക്കെ അളവുകള്‍ പരിശോധന വഴി കണ്ടെത്തുന്നു. അസ്പാരറ്റേറ്റ് ട്രാന്‍സമിനേസ് (AST), അലനിന്‍ ട്രാന്‍സമിനേസ് (ALT) എന്നിവയൊക്കെ കരളിന്റെ പ്രവര്‍ത്തങ്ങളെ കുറിക്കുന്നവയില്‍ പ്രധാനികളാണ്. രക്ത പരിശോധനയിലൂടെയാണ് ഇവയുടെ അളവ് മനസിലാക്കുന്നത്. മിക്ക കരള്‍ രോഗങ്ങളും ആരംഭഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിക്കണമെന്നില്ല. ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴേക്കും അസുഖം മൂര്‍ച്ഛിച്ച്, കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് എത്തുകയും ചെയ്യുന്നു. ഇവിടെയാണ് മേല്‍പറഞ്ഞ ടെസ്റ്റുകളുടെ പ്രാധാന്യം. ഇത് അസുഖം നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്നു.

എങ്ങനെ കരളിനെ സംരക്ഷിക്കാം

 • മദ്യപാനം ഒഴിവാക്കുക
 • വ്യായാമം
 • ശരീരഭാരം കുറയ്ക്കുക
 • നല്ല ഭക്ഷണ ശീലങ്ങള്‍
 • കൊഴുപ്പിന്റെ അളവ് കുറയ്ക്കുക
 • പ്രമേഹം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കുക
 • മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ അളവിലും ഇടവേളകളിലും കഴിക്കുക
 • അവശ്യഘട്ടങ്ങളില്‍ വാക്‌സിനുകള്‍ സ്വീകരിക്കുക (ഉദാ: ഹെപ്പറ്റൈറ്റിസ്
  വാക്‌സിന്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.