2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

അധികൃതരേ… കരളലിയും കറപ്പിയുടെ ഈ കിടപ്പ് കണ്ടാല്‍

മൈലാടി: പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുണ്ടാക്കിയ മേല്‍ക്കൂര, തുറസായ പരിസരം, വെള്ളക്കെട്ട് കാരണം തകര്‍ന്ന തറ, ദ്രവിച്ച മരക്കട്ടില്‍, അത്യാവശ്യ മരുന്നില്ല, ഛര്‍ദ്ദിക്കുന്നതിനാല്‍ ഭക്ഷണം കഴിക്കാനാവുന്നില്ല, വിദഗ്ദ ചികിത്സയില്ല, വെള്ളമിറക്കാനാവാതെ ക്ഷീണിച്ച് ഒട്ടിമെലിഞ്ഞ് ഇനിയെന്തെന്നറിയാതെ ജീവിക്കുകയാണ് 90 വയസ് കഴിഞ്ഞ കറപ്പി.
കറപ്പിയുടെ ഈ കിടപ്പ് കണ്ടാല്‍ കാണാനെത്തുന്നവരുടെ കരളലിയും. മൈലാടിക്കടുത്ത വൈശ്യന്‍ ഊരിലെ പ്രായം ചെന്ന അംഗമാണ് കറപ്പി. തണുപ്പും വെയിലും മഴയും സഹിച്ച് വേദനയും വാര്‍ധക്യസഹജമായ രോഗങ്ങളുമായി ഏറ്റുമുട്ടുകയാണിപ്പോള്‍ ഈ വയോധിക. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവുന്നില്ല. ദ്രവിച്ച മരക്കട്ടിലില്‍ കിടപ്പ് തുടങ്ങിയിട്ട് നാളേറെയായി. വിദഗ്ദ ചികിത്സക്ക് പോവാന്‍ ആഗ്രഹമുണ്ട്, പണമില്ല. ആശ്വസിപ്പിക്കാനുള്ള മക്കളാണ് ഏക ആശ്വാസം. കറപ്പിക്ക് പ്രതിരോധമായുള്ളത് കമ്പിളി പുതപ്പ് മാത്രം. ഭക്ഷണം, മരുന്ന്, ചികിത്സ,കിടക്കാനിടം ഇവയെല്ലാം ഇന്നും അന്യം. ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. കാലവര്‍ഷക്കെടുതിയില്‍ കോളനി വെള്ളത്തില്‍ മുങ്ങിയപ്പോള്‍ തൊട്ടടുത്ത സ്‌കൂളിലായിരുന്നു കറപ്പിയും താമസിച്ചത്. അവിടെ നിന്നും അധികാരികള്‍ കറപ്പിയെ കണ്ടു. ചികത്സ ഉള്‍പ്പെടെ ശരിയാക്കാമെന്ന് പറഞ്ഞു. ഇനിയിവര്‍ എന്ന് വരുമെന്നറിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.