2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

നിഷ്‌കാസിതനായ മാന്ത്രികന്‍

രഞ്ജിത്ത് തൃക്കുറ്റിശ്ശേരി

ആ പെനാല്‍റ്റി എടുക്കാനായി എത്തിയ നിമിഷത്തിന്റെ ഏകാന്തതയില്‍ ലയണല്‍ മെസ്സിയെന്ന ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം എന്തായിരിക്കും മനസ്സില്‍ കരുതിയിരിക്കുക. അദ്ദേഹത്തിനു മാത്രം പറയാന്‍ സാധിക്കുന്ന വൈകാരിക അവസ്ഥയെ കാഴ്ചക്കാര്‍ക്കു വ്യാഖിനിക്കാന്‍ സാധിക്കില്ല. പെനാല്‍റ്റി പാഴായതിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയെ കീഴടക്കിയ സുന്ദരന്‍ ഫ്രീ കിക്ക് ആ ബൂട്ടുകളില്‍ നിന്നു പിറന്നത്. അര്‍ജന്റീനയ്ക്കായി ആദ്യ പെനാല്‍റ്റിയെടുക്കാന്‍ മെസ്സി ബോക്‌സിലെത്തുമ്പോള്‍ ഒരു ഗോളെന്ന സ്വപ്നം ഒട്ടും അവ്യക്തതയില്ലാത്ത തെളിഞ്ഞ ചിത്രമായിരുന്നു അതുവരെ. 

പക്ഷേ ചില നിമിഷങ്ങള്‍ അങ്ങനെയാണ് അതിന്റെ തീരുമാനങ്ങള്‍ ക്രൂരമാണെന്നു തോന്നാം. മെസ്സിയുടെ കിക്ക് പോസ്റ്റിനെ പോലും തൊടാതെ മുകളിലേക്ക് പോയപ്പോള്‍ കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെട്ടിരുന്നു. ഇനിയൊരു തിരിച്ചു വരവ് അടുത്ത കാലത്തൊന്നും സംഭവിക്കില്ല.
മൂന്നു ഫൈനലുകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് സ്വന്തം രാജ്യത്തെ കിരീട വിജയത്തിലേക്ക് നയിക്കാന്‍ യോഗമില്ലാത്ത ലോക ഫുട്‌ബോളര്‍.
23 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അവസാനം കുറിച്ച് കോപ്പ ശതാബ്ദി കിരീടം സ്വന്തമാക്കാമെന്ന ലയണല്‍ മെസ്സിയുടെ കാത്തിരിപ്പ് അങ്ങനെ ദുരന്തമായി ഒരിക്കല്‍ കൂടി അവസാനിച്ചു.

അഞ്ചു ഗോളുകള്‍ നേടി നാലു ഗോളുകള്‍ക്ക് വഴിയൊരുക്കി ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായിരുന്നു. എന്നിട്ടും വേണ്ട സമയത്തു വേണ്ടതു തോന്നാതെ ഹതാശനായി നിന്നു പോകുന്നതിനെ എന്തു പേരിട്ടു വിളിക്കും. ഇനിയൊരു ഭാഗ്യ പരീക്ഷണമില്ലെന്നു പ്രഖ്യാപിച്ചു മടങ്ങി കഴിഞ്ഞു അദ്ദേഹം 29ാം വയസ്സില്‍ തന്നെ.
ശാരീരിക ബുദ്ധിമുട്ടുകളെ കാല്‍പന്തു കളിയോടുള്ള തന്റെ അടങ്ങാത്ത പ്രണയം കൊണ്ടു മറികടന്ന അസാമാന്യ പ്രതിഭ തന്നെയാണ് മെസ്സി എന്ന കാര്യത്തില്‍ സംശയമില്ല. കാവ്യാത്മകമായ ഒരു ശൈലിയെ സ്വന്തമായി രൂപപ്പെടുത്തിയ മെസ്സിക്ക് പക്ഷേ നിര്‍ണായക ഘട്ടത്തിലെ സമ്മര്‍ദം മറികടക്കാന്‍ സാധിക്കാതെ പോകുന്നതാണ് വിനയായി മാറുന്നത്. ഒടുവില്‍ മാന്ത്രികതയ്ക്കും മാനുഷികാവസ്ഥയ്ക്കുമിടയിലെ നൂല്‍പ്പാലമെന്ന അനിവാര്യതയിലേക്ക് മെസ്സിയും എത്തി അത്രമാത്രം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.