2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോക്‌സഭയിലെ പ്രവേശനോല്‍സവം ഇങ്ങനെ; കൂടുതല്‍ അംഗങ്ങളുടെയും സത്യപ്രതിജ്ഞ ഹിന്ദിയില്‍, ജയ്ശ്രീറാം വിളിയും, സ്വന്തം പേര് പറയാന്‍ മറന്ന് ചിരിപ്പിച്ചും അംഗങ്ങള്‍

 

ന്യൂഡല്‍ഹി: 17ാം ലോക്‌സഭയുടെ ആദ്യദിനമായ ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കണ്ടത് ഭാഷാ വൈവിധ്യം. കൂടുതല്‍ പേരും ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളും കൂടുതലായി ഉപയോഗിക്കപ്പെട്ടു. ഇന്നലെ പത്തുമണിയോടെ സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ബി.ജെ.പിയുടെ വിരേന്ദ്രകുമാറിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രോടേം സ്പീക്കറായ ഇദ്ദേഹമാണ് പിന്നീട് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്.

ചട്ടപ്രകാരം ലോക്‌സഭയുടെ നേതാവ് എന്ന നിലയ്ക്ക് പ്രധാനമന്ത്രിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത ശേഷം മുതിര്‍ന്ന അംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷ്, ബ്രജ്ഭൂഷണ്‍ സരണ്‍ സിങ്, ഭര്‍തൃഹരി മഹ്താബ് എന്നിവര്‍ ചെയ്തു. കൊടിക്കുന്നില്‍, ബ്രജ്ഭൂഷണ്‍, ഭര്‍തൃഹരി മഹ്താബ് എന്നിവര്‍ പ്രോടേം സ്പീക്കറെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സഹായിച്ചു. രാഷ്ട്രപതിയാണ് ഇവരെ ചുമതലപ്പെടുത്തിയത്. പിന്നീട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും സത്യപ്രതിജ്ഞചൊല്ലി. നരേന്ദ്രമോദിയും അമിത് ഷായും രാജ്‌നാഥ് സിങ്ങും ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. കേന്ദ്രമന്ത്രിമാരായ ഡോ. ഹര്‍ഷ് വര്‍ധന്‍, അശ്വിനികുമാര്‍ ചൗബെ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരുള്‍പ്പെടെയുള്ള ഏതാനും പേര്‍ സംസ്‌കൃതവും ഉപയോഗിച്ചു.

കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഡി.വി സദാനന്ദ ഗൗഡ എന്നിവര്‍ കന്നഡയിലും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള ജമ്മുകശ്മീരില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് ദോഗ്രിയിലും സത്യവാചകം ചൊല്ലി. പഞ്ചാബില്‍ നിന്നുള്ള ഭക്ഷ്യമന്ത്രി ഹര്‍സിമത് കൗറും ഹോഷിംപൂരിലെ ബി.ജെ.പി അംഗം സോം പ്രകാശും ഇംഗ്ലീഷിലാണ് ചൊല്ലിയത്. നേരത്തെ മെയ് 30ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെല്ലിയപ്പോള്‍ കൗര്‍ പഞ്ചാബിയാണ് ഉപയോഗിച്ചിരുന്നത്. അസമില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ രമേശ്വര്‍ തേളി, കൃപനാഥ് മല്ല, നബാ കുമാര്‍ സരാണി എന്നിവര്‍ അസമിയും ഉപയോഗിച്ചു. പശ്ചിമബംഗാളില്‍ നിന്നുള്ള ദേബശ്രീ ചൗധരി, രാജ്ദീപ് റോയ് എന്നിവര്‍ ബംഗാളിയും ശിവസേനയുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്‍ മറാത്തിയും നോര്‍ത്ത് ഗോവയില്‍ നിന്നുള്ള കേന്ദ്രമന്ത്രി ശ്രീപദ് യെഗോ നായിക് കൊങ്കണും ഉപയോഗിച്ചു.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള തലാരി രങ്കയ്യ, വങ്ക ഗീതാവിശ്വനാഥ്, വൈ.എസ് അവിനാഷ് റെഡ്ഡി, ബീസെട്ടി വെങ്കട സത്യവതി, അദാല പ്രഭാകര റെഡ്ഡി, ബെള്ളന ചന്ദ്രശേഖര്‍, ഗോഡ്ഡെട്ടി മാധവി, എം.വി.വി സത്യനാരായണ, മാര്‍ഗണി ഭാരത്, എന്‍. റെഡ്ഡെപ്പ, ബാലശൗരി വല്ലഭാനെനി, നന്ദിഗാം സുരേഷ്, പൊച്ച ബ്രഹ്മാനന്ദ റെഡ്ഡി എന്നിവര്‍ തെലുങ്കും സംസ്ഥാനത്തുനിന്നുള്ള മറ്റു എം.പിമാര്‍ ഇംഗ്ലീഷും ഉപയോഗിച്ചു. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരമായിരുന്ന ഗൗതം ഗംഭീറും ഇംഗ്ലീഷ് ഉപയോഗിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള എല്ലാ അംഗങ്ങളും ഹിന്ദിയാണ് ഉപയോഗിച്ചത്. അസമില്‍ നിന്നുള്ള അബ്ദുല്‍ ഖാലിക് അല്ലാഹുവിന്റെ നാമത്തിലും സത്യവാചകം ചൊല്ലി.

സത്യപ്രതിജ്ഞയ്ക്കു ശേഷം ചില അംഗങ്ങള്‍ സഭയില്‍ ജയ്ശ്രീറാമും വിളിച്ചു. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി അംഗം സാധ്വി പ്രജ്ഞാസിങ് സംസ്‌കൃതത്തില്‍ സ്വാമിജിയുടെ പേരില്‍ സത്യപ്രതിജ്ഞയെടുത്തത് വിവാദത്തിനിയാക്കി. പ്രജ്ഞാസിങ്ങിന്റെ നടപടിയില്‍ ചില അംഗങ്ങള്‍ പ്രതിഷേധമറിയിച്ചു. അടുത്തിരുന്നവര്‍ ഓര്‍മിച്ചപ്പോഴാണ് സത്യപ്രതിജ്ഞയ്ക്കിടെ സ്വന്തം പേര് ഉച്ചരിക്കാന്‍ മറന്ന കാര്യം ബി.ജെ.പിയുടെ ഹന്‍സ് രാജ് ഹന്‍സ് ഓര്‍ത്തത്. ഇതോടെ അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞചെയ്തു. മധ്യപ്രദേശില്‍ നിന്നുള്ള ജനാര്‍ദ്ധന്‍ മിശ്ര ബഘേലി ഭാഷ ഉപയോഗിച്ചെങ്കിലും വിവര്‍ത്തകര്‍ ഇല്ലാതിരുന്നതോടെ ഹിന്ദി തന്നെ ഉപയോഗിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്നും തുടരും. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. 20ന് സംയുക്തസഭയെ രാഷ്ട്രപതി അഭിസംബോധനചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.