2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കാന്‍സറിനുമായില്ല ഇസബെല്ലയുടെ മനക്കരുത്തിനെ തോല്‍പ്പിക്കാന്‍

അകൊന്‍കാഗ്വ കൊടുമുടിക്കു മുകളില്‍ നിന്ന ലോകത്തെ നോക്കിക്കാണുമ്പോള്‍ ഇസബെല്ല ഹൗസേ എന്ന 55 കാരി ഉറപ്പിച്ചു. ഇനി തന്നെ തോല്‍പിക്കാനാവില്ല ഒന്നിനും. ഭീകരനായ കാന്‍സറിനും. 2018 ലാണ് തനിക്ക് കാന്‍സറാണെന്ന് ഇസബെല്ല തിരിച്ചറിഞ്ഞത്. ഒരിക്കല്‍ പോലും പുകവലിക്കുകയോ മദ്യം കഴിക്കുകയോ ചെയ്തിരുന്നില്ല അവര്‍. സ്‌റ്റേജ് 4 ലങ് കാന്‍സര്‍. അഞ്ച് മക്കളുടെ അമ്മയായ ഇസബെല്ലക്ക് ഉള്‍ക്കൊനാവുമായിരുന്നില്ല അത്. എന്ത് ചെയ്യണമെന്നറിയാത്ത കുറേ നാളുകള്‍. തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല ഇസബെല്ല. തന്റെ സ്വപ്നങ്ങള്‍ ഓരോന്നായി അവര്‍ കയ്യടക്കി.

സാഹസങ്ങള്‍ ഏറെ ഇഷ്ടമായിരുന്ന ഇസബെല്ല കാന്‍സറിനെ ഓടിത്തോല്‍പിക്കാനാണ് ആദ്യമിറങ്ങിയത്.
50 സ്‌റ്റേറ്റുകളിലായി 50ഓളം മാരത്തോണുകള്‍ പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇസബെല്ലയുടെ മകള്‍ 22കാരിയായ ബെല്ല ക്രൈന്‍ അമ്മയുടെ കുടെ അകൊന്‍കാഗ്വ മല കീഴടക്കിയ കഥ വിവരിക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് രണ്ട് ഗൈഡുകളുടെ കൂടെ മൈനസ് 40 ഫാരന്‍ഹീറ്റിനും താഴെയുളള അകൊന്‍കാഗ്വ കീഴടക്കിയത്. മറ്റൊരു അമ്മയും മകളുമുണ്ടായിരുന്നു അവര്‍ക്കൊപ്പം. ഓരോ ബെയ്‌സ് ക്യാംപിലെത്തുമ്പോഴും ക്ഷീണിച്ച് അവശയായ അവര്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുറപ്പിക്കും. പിന്നീട് കരുത്ത് വീണ്ടെടുത്ത് യാത്ര തുടരും- മകള്‍ പറയുന്നു.

സാഹസങ്ങളില്‍ തല്‍പരരായിട്ടാണ് ഇസബെല്ല ഹൗസേയും ഭര്‍ത്താവ് ഡേവിഡ് ക്രേനും മക്കളെയും വളര്‍ത്തിയത്. ജൂണില്‍ അലസ്‌ക്കയില്‍ നടന്ന മാരത്തോണില്‍ മകന്‍ കാസോണുമുണ്ടായിരുന്നു കൂടെ. മറ്റൊരു മകന്‍ ഡേവിഡിനൊപ്പമാണ് സൗത്ത് കൊറിയയില്‍ അയേണ്‍മാന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.

കാന്‍സര്‍ തിരിച്ചറിയുമ്പോള്‍ ഏഴു സെന്റിമീറ്ററോളം വലുപ്പമുളള മുഴയാണ് അവരുടെ ലങ്ങ്‌സിലുണ്ടായിരുന്നത്. സാധാരണ കോശങ്ങളെക്കാള്‍ അധികം കോശങ്ങള്‍ ലങ്ങ്‌സില്‍ ഉണ്ടാവുമ്പോഴാണ് കാന്‍സറായി മാറുന്നത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം സ്റ്റേജ് 4 കാന്‍സറുണ്ടായാല്‍ രക്ഷപെടാനുളള സാധ്യത വെറും അഞ്ച് ശതമാനം മാത്രമാണ്.രോഗം വളരെ മുന്നോട്ട് വര്‍ദ്ധിക്കും വരെ രോഗിയില്‍ ലക്ഷണങ്ങള്‍ ഒന്നും തന്നേ കാണുകയില്ല.എല്ലുനുറുങ്ങുന്ന വേദനയും കടുത്ത ചുമയും,ചുമക്കുമ്പോള്‍ ചോര വരുന്നതും,നെഞ്ച് വേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. തന്റെ ജീവിത ശൈലിയാണ് കീമോക്ക് ശേഷം അവരെ ജീവിതത്തിലേക്ക് തിരികെ നടത്തിച്ചത്.

ഇത്രയൊക്കെയായിട്ടും ആവേശം കെട്ടിട്ടില്ല ഇവര്‍ക്ക്. തന്റെ ആരോഗ്യം പൂര്‍ണമായും നശിക്കും മുമ്പ് മക്കളോടൊപ്പം പുതിയ സാഹസ യാത്രക്ക് തയ്യാറെടുക്കുകയാണ് ഇസബെല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.