2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ജീവിതശൈലി മാറ്റൂ, ഹൃദയാരോഗ്യം വര്‍ധിപ്പിക്കൂ…

ഇത് റിശഭ്, 23 വയസ്, ഡല്‍ഹി സ്വദേശി, ഐ.ടി ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നു. ഇനി ഇദ്ദേഹത്തിന്റെ കഥയിലേക്ക് വരാം.. ഒരു നാള്‍ പെട്ടെന്ന് ഇദ്ദേഹത്തിന് ഞെഞ്ചുവേദന വന്നു. വീട്ടില്‍ ആ സമയം ആരുമുണ്ടായിരുന്നില്ല. വേദന കലശാലാവുകയും അബോധാവസ്ഥയിലെത്തുകയും ചെയ്തു. ആ സമയത്താണ് ഇദ്ദേഹത്തിന്റെ അമ്മാവന്‍ വീട്ടിലെത്തുന്നത്. തുടര്‍ച്ചയായി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്തു കടന്ന അമ്മാവന്‍ കണ്ടത് ബോധരഹിതനായി കിടക്കുന്ന റിശഭിനെയാണ്. ഉടന്‍ തന്നെ റിശഭിനെ അദ്ദേഹം ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നുള്ള രണ്ടു ദിവസം റിശഭ് ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു.

രണ്ടു ദിവസത്തിനുശേഷം ഉണര്‍ന്ന റിശഭിന്റെ ജീവിതശൈലിയാണ് ഡോക്ടര്‍ ആദ്യം ചോദിച്ചത്. കാരണം, 23ാം വയസില്‍ റിശഭിനുണ്ടായിരിക്കുന്നത് ഹാര്‍ട്ട് അറ്റാക്കായിരുന്നു. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഹൃദയസംബന്ധമായ അസുഖം മൂലം ഏകദേശം 17 ലക്ഷം ആളുകള്‍ മരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് 2030 ആവുമ്പോഴേക്കും 2.3 കോടിയായിരുന്നു ഉയരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഇനി റിശഭിന്റെ കാര്യം പറയുകയാണെങ്കില്‍… ഐ.ടി രംഗത്തെ ജോലിയില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ദൈനംദിന ജീവിതശൈലിയിലുണ്ടായ മാറ്റത്തില്‍ പക്ഷേ ശ്രദ്ധിക്കാനായില്ല. വ്യായാമം ഇല്ലാതായി. പ്രഭാത ഭക്ഷണം മിക്ക ദിവസങ്ങളിലും ഇല്ല. ഉച്ചഭക്ഷണത്തിന് പകരം ജങ്ക് ഫുഡുകള്‍ കഴിച്ചു തുടങ്ങി. ഉറക്കമോ കുറവും. വൈകി വരികയും നേരത്ത ഉണരുകയുമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ജീവിതശൈലിയിലുണ്ടായ ഈ മാറ്റമാണ് റിശഭിനെ ബാധിച്ചത്. ഹാര്‍ട്ട് സംബന്ധമായ ഒരു അസുഖവും ഇല്ലാതിരുന്ന കുടുംബമായിരുന്നു റിശഭിന്റേത്. എന്നിട്ടും ഇദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് വരാന്‍ കാരണം ജീവിതശൈലിയിലുണ്ടായ മാറ്റമാണ്.

റിശഭ് ഇന്നത്തെ യുവതലമുറയുടെ പ്രതീകമാണ്. റിശഭിന്റെ അനുഭവം ആര്‍ക്കും വരാം. പണ്ടു കാലത്ത് ഹാര്‍ട്ട് അറ്റാക്ക് വരാന്‍ 50 വയസു കഴിയണമെന്നായിരുന്നു ആരോഗ്യവിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോഴാവട്ടെ അത് ഏത് പ്രായത്തിലുമാവാം. പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറയുടെ ജീവിതശൈലി തന്നെയാണ് പ്രശ്‌നമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

  • വ്യായാമില്ലാത്ത അവസ്ഥ
  • തെറ്റായ ആഹാര രീതി
  • അമിത സമ്മര്‍ദ്ദം (ഹൈപ്പര്‍ ടെന്‍ഷന്‍)
  • ഉറക്കകുറവ്

ഇതെല്ലാം ഇന്നത്തെ യുവതലമുറയുടെ ജീവിതശൈലിയുടെ ഭാഗമാണ്. അതു കൊണ്ടു തന്നെ ഏത് പ്രായത്തിലും ഹാര്‍ട്ട് അറ്റാക്ക് പോലെയുള്ള അസുഖങ്ങള്‍ ബാധിക്കുന്നു.

  • വ്യായാമം വര്‍ധിപ്പിക്കുക

    ദിവസേന നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് നാലു ദിവസമെങ്കിലും ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുക. കുറഞ്ഞത് ഒരു ദിവസം 20 മിനുറ്റെങ്കിലും നടക്കുക. 

തെറ്റായ ആഹാര രീതി

നമ്മുടെ ജീവിത ശൈലിയിലുണ്ടായ പ്രധാന മാറ്റങ്ങളിലൊന്നാണ് ആഹാരരീതിയിലുണ്ടായ മാറ്റം. ഇതാണ് നമ്മുടെ എല്ലാ ആസുഖങ്ങളുടെയും അടിത്തറയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മിക്ക യുവതീയുവാക്കള്‍ക്കും പ്രഭാത ഭക്ഷണമെന്നത് വല്ല ബ്രഡിലോ ബണ്ണിലോ സാന്‍ഡ് വിച്ചിലോ ഒതുങ്ങുന്നു. നമ്മുടെ ഭക്ഷണമായ ദോശയും ചപ്പാത്തിയും എല്ലാം പുറത്തായി. ഉച്ചയ്ക്കാവട്ടെ ഊണിനു പകരം ജങ്ക് ഫുഡുകള്‍. ഇനി ജോലിയെല്ലാം കഴിഞ്ഞ് രാത്രിയിലാണ് ഇന്നത്തെ യുവത ഭക്ഷണം കഴിക്കുന്നത്. വളരെ കുറച്ച് ഭക്ഷണവും വിശ്രമവും ശരീരത്തിന് ആവശ്യമായ സമയമാണ് രാത്രി. വൈകിയെത്തുന്ന യുവത രാത്രി ഹോട്ടലുകളില്‍ നിന്നും അമിതമായി ഭക്ഷണം കഴിക്കുന്നു. കൂടാതെ വൈകിയുള്ള ഉറക്കവും വ്യക്തികളുടെ ആരോഗ്യത്തെയാണ് നശിപ്പിക്കുന്നത്.

അമിത സമ്മര്‍ദ്ദം (ഹൈപ്പര്‍ ടെന്‍ഷന്‍)

ജോലിയിലെയോ അതോ ജീവിതസാഹചര്യങ്ങളിലെ അമിതമായ സമ്മര്‍ദ്ദം താങ്ങാന്‍ ഇന്നത്തെ യുവതലമുറ ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നുവെന്നാണ് ആരോഗ്യരംഗത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ ജീവിതം അവസാനിപ്പിക്കുന്നവരും. മാനസികാസ്വസ്ഥ്യത്തിന് ചികിത്സ തേടുന്ന യുവതലമുറയുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നും ഈ പഠനങ്ങളെ സാധൂകരിക്കുന്നു.

  • ഉറക്കകുറവ്

    ഉറക്കം എന്നത് ദൈവം നമുക്ക് തന്ന വരമാണെന്നാണ് വിശ്വാസം. കാരണം, ഉറക്കമില്ലാത്ത അവസ്ഥയോ ഉറക്കകുറവോ എല്ലാം നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ ബാധിക്കുന്നു. ഇന്നത്തെ തലമുറയാവട്ടെ ഉറക്കത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ഒരു മനുഷ്യന്‍ ശരാശരി ദിവസം ഏഴു മുതല്‍ എട്ടു മണിക്കൂര്‍ ഉറങ്ങണമന്നാണ് കണക്ക്. ജോലിക്ക് പോയി വൈകി വീട്ടിലെത്തുകയും വൈകിയുറങ്ങുകയും ചെയ്യുന്നവരാണ് യുവതലമുറയിലെ ഭൂരിഭാഗവും. ഇത് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടയാക്കുന്നു.  ഇതിലേക്കാണ് നമ്മുടെ തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയും വരുന്നതോടെ മരണത്തോട് കൂടുതല്‍ നാം അടുക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.