2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

ജീവിത വിജയം കരഗതമാക്കാം

ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനീ, സിറിയ

മനുഷ്യരുടെ ആത്യന്തിക ലക്ഷം ആരാധനയാണ്. സ്രഷ്ടാവിനെ ആരാധിച്ച് അതിലൂടെ വിജയം വരിക്കാനാണ് മനുഷ്യനു നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. തന്റെ കര്‍ത്തവ്യം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അല്ലാഹു എണ്ണമറ്റ പ്രതിഫലം സമ്മാനിക്കുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു.
മനുഷ്യന്റെ ജീവിത വിജയ-പരാജയങ്ങളെ പരാമര്‍ശിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ ചെറിയ ഒരു അധ്യായമാണ് സൂറത്തുല്‍ അസ്വ്ര്‍. ‘കാലം തന്നെ സത്യം, നിശ്ചയം മനുഷ്യരാശി മഹാ നഷ്ടത്തില്‍ തന്നെയാകുന്നു. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സത്യം മുറുകെപ്പിടിക്കാനും സഹനം കൈക്കൊള്ളാനും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ’ (സൂറത്തുല്‍ അസ്വ്ര്‍). വളരെ ചെറിയ മൂന്നു സൂക്തങ്ങളിലൂടെ അല്ലാഹു വലിയ ആശയങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കുകയാണിവിടെ.
സത്യവിശ്വാസം, സല്‍കര്‍മം, സത്യം കൊണ്ട് പരസ്പരം ഉപദേശിക്കല്‍, സഹനം മുറുകെപ്പിടിക്കാന്‍ പരസ്പരം ഉപദേശിക്കല്‍. ഈ നാലു വിശേഷണമുള്ള ആളുകളൊഴികെ മനുഷ്യകുലം മുഴുവന്‍ നാശത്തിലാണ്. ശ്രേഷ്ഠതയുടെ അസ്ഥിവാരവും മതത്തിന്റെ അടിസ്ഥാനവുമായി ഈ നാലു കാര്യങ്ങളെ നമുക്കു വിലയിരുത്താം. മഹാനായ ഇമാം ശാഫിഈ തങ്ങളുടെ വാക്കുകളിലൂടെ ഇതിന്റെ പ്രാധാന്യം മനസിലാക്കാം. ഈ അധ്യായമല്ലാതെ മറ്റൊന്നും അല്ലാഹു അവതരിപ്പിച്ചിരുന്നില്ല എങ്കില്‍ ഇതുമാത്രം മതിയാകുമായിരുന്നു. അഥവാ വിശുദ്ധ ഖുര്‍ആനില്‍ ഈ അധ്യായം മാത്രമേ ഉള്ളൂ എങ്കില്‍ ജനങ്ങള്‍ക്ക് ഇതുമാത്രം മതി ചിന്തിക്കാനും പ്രാവര്‍ത്തികമാക്കാനും.
‘അസ്വ്‌വര്‍’ കൊണ്ടാണ് അല്ലാഹു ശപഥം ചെയ്യുന്നത്. അതുകൊണ്ടുള്ള വിവക്ഷ കാലമാണെന്നും സായാഹ്ന സമയമാണെന്നും സായാഹ്ന സമയത്തെ നിസ്‌കാരമായ അസ്വ്ര്‍ നിസ്‌കാരമാണെന്നും മഹാന്മാര്‍ രേഖപ്പെടുത്തുന്നു.

കാലം അത്ഭുതങ്ങളുടെ കലവറയാണ്. മനുഷ്യായുസിന്റെ മര്‍മപ്രധാന ഭാഗമാണത്. കാലത്തില്‍നിന്ന് കൊഴിഞ്ഞുപോകുന്ന ഓരോ സെക്കന്റും മനുഷ്യായുസില്‍ നിന്നാണ്, അതു മനുഷ്യന്റെ അവധിയിലേക്ക് അവനെ അടുപ്പിക്കുന്നതാണ്. സായാഹ്ന സമയം അല്ലാഹുവിന്റെ അപാരമായ കഴിവുകളിലേക്കും വ്യക്തമായ ഉപദേശങ്ങളിലേക്കുമുള്ള സൂചനയാണ്. അസ്വ്ര്‍ നിസ്‌കാരം അതിശ്രേഷ്ഠമായ നിസ്‌കാരവുമാണ്.
വിശ്വാസം കൊണ്ട് മാത്രം വിജയം കരസ്ഥമാക്കാം എന്നതു മിഥ്യാധാരണയാണ്. വിശ്വാസത്തോടൊപ്പം സല്‍കര്‍മങ്ങള്‍ കൂടി ചേരുമ്പോള്‍ മാത്രമേ വിജയത്തിലേക്ക് അടുക്കാന്‍ സാധിക്കൂ. സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യം ഖുര്‍ആന്‍ പലയിടങ്ങളിലും വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ഈ രണ്ടു ഗുണങ്ങളോടൊപ്പം സത്യം കൊണ്ടും സഹനം കൊണ്ടും പരസ്പരം ഉപദേശിക്കുമ്പോള്‍ മാത്രമേ ജീവിതവിജയം സുനിശ്ചിതമാവുകയുള്ളൂ.
സത്യം കൊണ്ടുള്ള പരസ്പര ഉപദേശം എന്നതു വിശ്വാസം, അല്ലാഹുവിനെ ആരാധിക്കല്‍ തുടങ്ങിയ നന്മകള്‍ ഉപദേശിക്കലാണ്. സഹനം കൊണ്ടുള്ള ഉപദേശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരുമ്പോഴും അല്ലാഹുവിന്റെ കല്‍പനകള്‍ അംഗീകരിക്കുമ്പോഴും നിഷിദ്ധമായ കാര്യങ്ങള്‍ ഉപേക്ഷിക്കുമ്പോഴുമുണ്ടാകുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ക്ഷമിക്കുക എന്നതാണ്.

ഈ നാലു വിശേഷങ്ങളെ നമുക്ക് രണ്ടു വിഭാഗമാക്കിത്തിരിക്കാം, 1. വ്യക്തിപരം, 2. സാമൂഹികം. ആദ്യ രണ്ടു വിശേഷണങ്ങള്‍ വ്യക്തിപരവും അവസാനത്തെ രണ്ടെണ്ണം സാമൂഹികവുമാണ്. വ്യക്തിജീവിതം നന്നാക്കുകയും സ്വന്തത്തില്‍ മാത്രം ഒതുങ്ങിക്കൂടുകയും ചെയ്യുന്നവര്‍ക്കു വിജയം വരിക്കാന്‍ സാധിക്കുകയില്ല. വ്യക്തിജീവിതം വിശ്വാസം കൊണ്ടും സല്‍കര്‍മം കൊണ്ടും വിശുദ്ധമാക്കുന്നതോടൊപ്പം ആ വിശുദ്ധി തന്റെ സമൂഹത്തിലേക്കു കൂടി പ്രസരിപ്പിക്കുമ്പോള്‍ മാത്രമേ നമുക്കു വിജയം നേടാനാകൂ. വ്യക്തിപരമായ വിശേഷണങ്ങള്‍ സ്രഷ്ടാവായ അല്ലാഹുവുമായി ബന്ധപ്പെട്ടതും സാമൂഹിക വിശേഷണങ്ങള്‍ സൃഷ്ടികളുമായി ബന്ധപ്പെട്ടവയുമാണ്.
ദൈവികമായ കടമകള്‍ നിറവേറ്റുന്നത് കൊണ്ടും ആരാധനാ കര്‍മങ്ങളില്‍ വ്യാപൃതരായിരിക്കുന്നത് കൊണ്ടും മാത്രം വിജയം വരിക്കുക എന്നത് അസാധ്യമാണ്.
ദൈവിക കടമകള്‍ മുറതെറ്റാതെ നിര്‍വഹിക്കുന്നതോടൊപ്പം സൃഷ്ടികളോടുള്ള കടമകളും സാമൂഹിക ബാധ്യതകളും നിറവേറ്റുന്നതിലൂടെ മാത്രമേ യഥാര്‍ഥ വിജയം കരഗതമാക്കാന്‍ സാധിക്കുകയുള്ളൂ.
ഈ വിശുദ്ധ റമദാനില്‍ പുനര്‍വിചിന്തനം നടത്തി ജീവിതവിജയം കൈവരിക്കാന്‍ വിശ്വാസികള്‍ തയാറാവേണ്ടതുണ്ട്.

 

(പ്രമുഖ സുന്നി പണ്ഡിതനും അറിയപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ശെഖ് മുഹമ്മദ് അലി അസ്സ്വാബൂനീ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. 2007ല്‍ ദുബൈ ഇന്റര്‍നാഷനല്‍ ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ലോകത്തെ മികച്ച മുസ്‌ലിം പണ്ഡിതനായി തിരഞ്ഞെടുത്തിരുന്നു)

മൊഴിമാറ്റം: മുഹമ്മദ് റാശിദ് ഹുദവി പുതുപ്പള്ളി

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.