2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

വായിച്ചാലും വായിച്ചാലും തീരാത്ത ഒരേഒരു സുല്‍ത്താന്‍…..

ഫര്‍സാന കെ

കോട്ടയത്തെ വൈക്കം തലയോലപ്പറമ്പില്‍ 1908 ജനുവരിയിലാണ് മലയാളത്തിന്റെ ഒരേഒരു സുല്‍ത്താന്‍ ജനിച്ചുവീഴുന്നത്. സുല്‍ത്താന്റെ ഭാഷയില്‍ പറഞ്ഞാല്‍ കായി അബ്ദുറഹ്മാന്റെ ഭാര്യ കുഞ്ഞാത്തുമ്മ ‘ഡും’ എന്ന ശബ്ദത്തോടെ പെറ്റു. ലോകത്തെ പാമ്പ്, പാറ്റ തുടങ്ങി ലോകത്തെ സകല ചരാചരങ്ങളേയും സ്‌നേഹിച്ച, അവരെ കുറിച്ച് സംസാരിച്ച ഒരു സാഹിത്യകാരന്റെ പിറവിയായിരുന്നു അത്. കുറേകള്ളത്തരങ്ങളും മണ്ടത്തരങ്ങളുമായി ആദ്യം സമ്പന്നതയിലും പിന്നെ പട്ടിണിയിലും ആ കുട്ടി വളര്‍ന്നു. കാര്‍ക്കശ്യക്കാരനായ വാപ്പയും പാവംപിടിച്ച ഉമ്മായും കുസൃതികളായ സഹോദരങ്ങളും തലയോലപ്പറമ്പുകാര്‍ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ ചിരപരിചിതരായി. എന്തിന് ആ വീട്ടിലെ ആടു മുതല്‍ പൂടവരെ മലയാളത്തിന്റെ സ്വന്തമാണ്.

അലഞ്ഞലഞ്ഞ് പറഞ്ഞ ചപ്ലാച്ചിക്കഥകള്‍….
ലോകമാകെ അലഞ്ഞ് കുന്നോളം അനുഭവങ്ങള്‍ പേറിയാണ് അയാള്‍ എഴുതാനിരുന്നത്. മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത പിരാന്തന്‍ ഭാഷയില്‍ അദ്ദേഹം ജീവിതത്തിന്റെ നോവുകള്‍ കഥകളായി പറഞ്ഞു തുടങ്ങി. അനിയന്‍ അബ്ദുല്‍ ഖാദറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആഖ്യവും ആഖ്യാതവുമില്ലാത്ത നല്ല ചപ്ലാച്ചി ഭാഷയില്‍ ബഷീര്‍ ലോകസത്യങ്ങള്‍ വരച്ചുവെച്ചു. ആ ചപ്ലാച്ചി ബഷീറിയന്‍ സ്റ്റൈല്‍ കണ്ട് ആദ്യം മലയാളം അമ്പരന്നിട്ടുണ്ടാവാം. എന്തുതന്നെയായാലും വായനക്കാര്‍ ആ അലങ്കോല വാക്കുകളെ ഹൃദയത്തോട് ചേര്‍ത്തു വെച്ചു. ഉറച്ചു പറയാം മലയാളി ഇത്രയേറെ പിരിശത്തോട് ചേര്‍ത്തുവെച്ച, ഇത്രയേറെ പ്രണയിച്ച,ആരാധിച്ച മറ്റൊരു എഴുത്തുകാരനുണ്ടാവില്ല.

ഗാന്ധീനെ തൊട്ട കുഞ്ഞു ബഷീര്‍
തലയോലപ്പറമ്പ് മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു ബഷീറിന്റെ വിദ്യാഭ്യാസം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടകാലം. സ്വാതന്ത്ര്യം നേടാതെ അടങ്ങിയിരിക്കില്ലെന്ന് ഉറച്ച ബാല്യം. അക്കാലത്താണ് മഹാത്മാഗാന്ധി വൈക്കത്ത് വരുന്നത്. ഹെഡ്മാസ്റ്ററുടെ വിലക്ക് ലംഘിച്ച് വീട്ടില്‍നിന്ന് ഒളിച്ച് ഗാന്ധിയെ കാണാന്‍ പോയ ബഷീര്‍ തിരിച്ചുവന്ന് അഭിമാനത്തോടെ വിളിച്ചു പറഞ്ഞു, ”ഉമ്മാ, ഞാന്‍ ഗാന്ധീനെ തൊട്ടു…”

അതൊരു വഴിത്തിരിവായിരുന്നു. അടങ്ങാത്ത സ്വാതന്ത്ര്യദാഹംകൊണ്ട് പൊറുതിമുട്ടിയ ബഷീര്‍ നടന്ന് എറണാകുളത്തെത്തി കോഴിക്കോട്ടേക്ക് വണ്ടികയറി സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. 1930ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ഭഗത് സിങ്ങിന്റെ മാതൃകയില്‍ തീവ്രവാദ സംഘടനയുണ്ടാക്കി. അതിന്റെ മുഖപത്രമായ ‘ഉജ്ജീവന’ത്തിലാണ് ആദ്യമായി ബഷീറിന്റെ വാക്കുകള്‍ അച്ചടിമഷി പുരളുന്നത്. പ്രഭ എന്നായിരുന്നു അന്ന് ഉപയോഗിച്ച തൂലികാനാമം.


ഫാബി ബഷീര്‍

വൈക്കം മുഹമ്മദ് ബഷീറായ കഥ
വൈക്കം മുഹമ്മദ് ബഷീര്‍ ആ പേര് സ്വീകരിച്ചതിനു പിന്നിലുമുണ്ട് ഒരു ഘടാഘടിയന്‍ കഥ. അദ്ദേഹം തന്നെ പറയുന്നു. ”തലയോലപ്പറമ്പുകാരനായ ഞാന്‍ ഒരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് വൈക്കം മുഹമ്മദ് ബഷീറായത്. സര്‍ സി.പിക്കെതിരെ തിരുവിതാംകൂറില്‍ ജോറായി സമരം നടക്കുന്ന കാലം. ഞാന്‍ സചിവോത്തമനെ വിമര്‍ശിച്ചും പരിഹസിച്ചും ലേഖനങ്ങളും നാടകങ്ങളും എഴുതി. ഇതൊക്കെ എഴുതുന്ന മുഹമ്മദ് ബഷീറിനെ തേടി പൊലിസ് നടന്നു. അവര്‍ക്ക് പറവൂരുകാരന്‍ മുഹമ്മദ് ബഷീറിനെയായിരുന്നു സംശയം. ആ സാധുമനുഷ്യനെ രക്ഷിക്കാന്‍ പേര് ഒന്നുകൂടി വ്യക്തമാക്കാന്‍ തീരുമാനിച്ചു. തലയോലപ്പറമ്പ് എന്ന സ്ഥലപ്പേര് പേരിന് നീളം കൂട്ടും. അതുകൊണ്ട് താലൂക്കിന്റെ പേരുചേര്‍ത്ത് വൈക്കം മുഹമ്മദ് ബഷീര്‍ ഐന്നഴുതി. പറവൂര്‍ മുഹമ്മദ് ബഷീര്‍ രക്ഷപ്പെട്ടു.”

ലോകം കണ്ട യൗവനകാലം

വാപ്പാന്റെ അരിശത്തിനൊടുവില്‍ നാടുകറങ്ങാനിറങ്ങിയ മജീദ് തന്നെയായിരുന്നു ബഷീറും. ആഫ്രിക്കയും അറേബ്യയും കറങ്ങി. ഇന്ത്യന്‍ ജീവിതങ്ങളുടെ അകവും പുറവും കണ്ടു. നീണ്ട പത്തു വര്‍ഷക്കാലം പല നാട്ടിലും ജീവിച്ചു. പല വേഷങ്ങളും കെട്ടി. ഇംഗ്ലീഷ് ട്യൂഷന്‍ ടീച്ചര്‍, മാജിക്കുകാരന്റെ സഹായി, അടുക്കളക്കാരന്‍, ഹോട്ടല്‍ തൊഴിലാളി, കൈനോട്ടക്കാരന്‍ അങ്ങനെ പല വേഷം. കറാച്ചിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന ബഷീര്‍ ലാഹോറിലെ സിവില്‍ മിലിട്ടറി ഗസറ്റ് പത്രത്തില്‍ കോപ്പി ഹോള്‍ഡറായും ജോലി ചെയ്തിരുന്നു. ഉന്മാദത്തിന്റെ നേരിയ നൂലുകള്‍ പോലും ആ ജീവിതത്തെ വരിഞ്ഞു മുറുക്കിയിട്ടുണ്ട്. തന്റെ അനുഭവങ്ങളുടെ പങ്കുവെപ്പില്‍ അദ്ദേഹം തന്നെ പറയുന്നുണ്ട് ഇക്കാര്യം. അങ്ങിനെ അനുഭവങ്ങളുടെ വെയിലില്‍ തിളച്ച്, മഴയില്‍ നനഞ്ഞ് ആ ദീര്‍ഘകായനായ മനുഷ്യന്‍ മലയാളത്തിന്റെ മരത്തണലില്‍ എഴുതാനിരുന്നു. കാക്കയും അണ്ണാനും പട്ടിയും പൂട്ടയും ആടും പൂമ്പാറ്റയും നോക്കിനില്‍ക്കേ ആ പേനയില്‍ നിന്ന് ഒട്ടും അച്ചടക്കമില്ലാത്ത ആ അക്ഷരക്കൂട്ടുകള്‍ പിറന്നു.

മലയാളം കണ്ടിട്ടില്ല ഇത്രയും ചേലുള്ള മറ്റൊരു പ്രണയം….
മജീദ്, കേശവന്‍ നായര്‍, നിസാര്‍ അഹമദ്, മണ്ടന്‍ മുത്തപ്പാ…ഇത്രയേറെ നമ്മെ പ്രണയിപ്പിച്ച നായകന്‍മാരുണ്ടോ…എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിപ്പാത്തുമ്മയെ പ്രണയിച്ച പരിഷ്‌ക്കാരിയായ നിസാര്‍ അഹമദ് ബഷീര്‍ പ്രണയത്തിലെ കരുത്താണെങ്കില്‍ ബാല്യം മുതല്‍ സുഹറയെ നെഞ്ചേറ്റിയ മജീദ് വായനക്കാരന്റെ ഉള്ളിലെ നീറുന്ന നോവാണ്. സമൂഹത്തിനോടുള്ള നിരവധി ചോദ്യങ്ങളാണ് കേശവന്‍ നായര്‍ എന്ന കാമുകന്‍. പോക്കറ്റടിക്കാരനായ മണ്ടന്‍ മത്തപ്പായിലുമുണ്ട് നന്മയുടെ നനവ്. മതിലുകളില്‍ അജ്ഞാതയായ നായികയെ പ്രണയിച്ച ചെറുപ്പക്കാരന്‍ ബഷീര്‍ തന്നെയായിരുന്നു.

പാവങ്ങളുടെയും പട്ടിണിക്കാരുടെയും കഥാകാരന്‍

എല്ലായ്‌പോഴും ഇടത്തരക്കാരോ ദരിദ്രരോ, തെരുവുതെണ്ടികളോ, ജീവിതത്തിന്റെ പിന്നാമ്പുറത്തേക്ക് തള്ളപ്പെട്ടവരോ ഒക്കെ ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. നിത്യപ്പട്ടിണിക്കാരും തെരുവുവേശ്യകളും
ഹിജഡകളും ഒക്കെ ആ കഥകളില്‍ ഇടം പിടിച്ചു. വിശപ്പിന്റെ മൂര്‍ധന്യം ഒത്തിരി തവണ അദ്ദേഹം വരച്ചു വെച്ചിട്ടുണ്ട്. തങ്കവും വസന്തയും പാത്തുമ്മയും കുഞ്ഞാപ്പാത്തുമ്മയും സാറാമ്മയും തുടങ്ങി അദ്ദേഹത്തിന്റെ പെണ്ണുങ്ങള്‍ എപ്പോഴും കരുത്തരം നിലപാടുള്ളവരുമായിരുന്നു.

ബഷീറിന്റെ പ്രകൃതിസ്‌നേഹം പിന്നെ വിവരിക്കേണ്ട ആവശ്യമില്ല… അദ്ദേഹത്തിന്റെ പ്രകൃതിയുമായുള്ള ആത്മബന്ധം പല കൃതികളിലും വ്യക്തമാണ്. കടിച്ച അട്ടയെ കൊല്ലാന്‍ നോക്കുകയും ഉടനെ അതിനും കാണില്ലേ കുടുംബം എന്നു ചിന്തിച്ച് ദയാശീലയാവുകയും ചെയ്യുന്ന ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നിലെ കുഞ്ഞിപ്പാത്തുമ്മ, വിശക്കുന്നുണ്ടാവുമെന്നു പറഞ്ഞ് ഗര്‍ഭിണിയായ പാത്തുമ്മയുടെ ആടിന് സ്വന്തം പുസ്തകങ്ങള്‍ തന്നെ തിന്നാന്‍ കൊടുക്കുന്ന ബഷീര്‍. മൂര്‍ഖനെ അടിച്ചുകൊല്ലാന്‍ പറയുന്ന ഭാര്യയോട് ”ഇല്ല. ഭവതിയെപ്പോലെ ഈശ്വരസൃഷ്ടി. അതും ജീവിക്കട്ടെ. ഈ ഭൂഗോളത്തിന്റെ സൃഷ്ടിയാണ്. ഭൂമിയുടെ അവകാശികളായി കുറെയേറെ ജീവികളെ ദൈവം സൃഷ്ടിച്ചിരിക്കുന്നു” എന്ന ഭൂമിയുടെ അവകാശികളിലെ ബഷീറിയന്‍ മറുപടി. അങ്ങനെ ഉദാഹരണങ്ങള്‍ നിരവധിയാണ്.

നിഘണ്ടുവിലില്ലാത്ത കുറേവാക്കുകള്‍…
നിഘണ്ടുവില്‍ തപ്പിയാല്‍ കിട്ടാത്ത കുറെ വാക്കുകളാണ് ബഷീര്‍ സാഹിത്യത്തിന്റെ മറ്റൊരു പ്രത്യേകത. അനുഭവങ്ങള്‍ വിവരിക്കാന്‍ അദ്ദേഹം സ്വന്തം ഭാഷ സൃഷ്ടിച്ചെടുത്തു. ഗുത്തിന ഹാലിട്ട ലിത്താപ്പോ സഞ്ചിന ബാലിക ലുട്ടാപ്പീ..’ എന്താണെന്ന് മലയാളത്തിന് ഇന്നോളം തിരിഞ്ഞിട്ടുണ്ടാവില്ല. അനുജത്തിയുടെ കൂട്ടുകാരികള്‍ക്ക് കോളജില്‍ പാടാന്‍ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നി’ലെ നിസാര്‍ അഹമ്മദ് എഴുതിക്കൊടുത്ത കവിതയായിരുന്നു അത്. ആകാശമുട്ടായി അതായിരുന്നു
ഹിന്ദുവായ കേശവന്‍ നായരുടെയും ക്രിസ്ത്യാനിയായ സാറാമ്മയുടെയും കുഞ്ഞിന് ഇടാന്‍ കണ്ടെത്തിയ പേര്.

ഇമ്മിണി വല്യ ഒന്ന്, ച്ചിരിപ്പിടിയോളം, ലൊഡുക്കൂസ്, ബഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം, വെളിച്ചത്തിനെന്തു തെളിച്ചം, സ്ത്രീകളുടെ തലയില്‍ നിലാവെളിച്ചമാണ് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത പദങ്ങളും പ്രയോഗങ്ങളും. കാത്തു കാത്തിരുന്ന് പാത്തുമ്മയുടെ ആട് പെറ്റത് ‘ഡും’ എന്നാണ്. നിസാര്‍ അഹമ്മദ് നട്ട മരങ്ങളെ കാണിക്കാന്‍ കുഞ്ഞിപ്പാത്തുമ്മ ഉമ്മയെ വിളിക്കുമ്പോള്‍ ഉമ്മ മെതിയടി ചവിട്ടി നടന്നുവരുന്നത് ‘ക്ടോ’ എന്നാണ്. അണ്ണാന്‍ ‘ദുസ്…ദുസ്’ എന്ന് ചിലച്ചതും കുഞ്ഞിപ്പാത്തുമ്മ കുരുവിയെ ‘ഷ്ഷൂ, ഭൂ, ധുര്‍ര്‍’ എന്നു പറഞ്ഞ് ഓടിക്കുന്നതായും ബഷീര്‍ എഴുതുന്നു.

അങ്ങനെ ശബ്ദങ്ങള്‍ക്കു പോലും കഥാപാത്രങ്ങളാക്കിയ എഴുത്തുകാരന്‍….ചിരിയും ചിന്തയും ഒരുമിച്ച് പകര്‍ത്തിയ എഴുത്തുകാരന്‍ ഇന്നും വായനക്കാര്‍ക്കിടയില്‍ നല്ല സ്റ്റൈലായിത്തന്നെ ജീവിക്കുകയാണ്. മലയാളത്തിന്റെ ഒരേഒരു സുല്‍ത്താനായി…വൈലാലിലെ ആ ചാരുകസേരയില്‍ മാങ്കോസിന്റെ തണലില്‍ ചാമ്പക്ക മധുരം നുണഞ്ഞ്…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.