2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ചിക്കന്‍പോക്‌സിനെ നേരിടാന്‍ ആയുര്‍വേദം

ഡോ. മുഹമ്മദ് ഷാഫി കെ.ഐ (ആയുര്‍വേദ കണ്‍സള്‍ട്ടന്റ്)

മുന്‍കാലങ്ങളെ അപേക്ഷിച്ച് താപനിലയിലുള്ള വ്യതിയാനം വേനല്‍ക്കാലരോഗങ്ങളെ എളുപ്പത്തില്‍ ക്ഷണിച്ചു വരുത്തുന്നു.അവയില്‍ പ്രധാനപ്പെട്ട ഒരു സാംക്രമിക രോഗമാണ് ചിക്കന്‍പോക്‌സ്. Vericella Zoster എന്ന വൈറസ് ബാധ മൂലമുണ്ടാകുന്ന രോഗമാണിത്. ഈ വൈറസ് ശരീരത്തില്‍ കയറി 14 മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ കാണിക്കുക.

രോഗത്തെ പ്രതിരോധിക്കാന്‍

വൈറസ് ബാധയുള്ള രോഗിയുമായി ആദ്യ ദിവസങ്ങളിലെ സമ്പര്‍ക്കം മൂലമാണ് രോഗം പകരുന്നത്. രോഗിയുടെ ശ്വാസം, തുമ്മല്‍, ചുമ, തുടങ്ങിയവ അന്തരീക്ഷത്തിലൂടെ വൈറസിനെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് എത്തിക്കുന്നു. കൂടാതെ രോഗി ഉപയോഗിച്ച തലയിണ,പുതപ്പ്, വസ്ത്രങ്ങള്‍ മുതലായവയിലൂടെയും രോഗം പകരുന്നു.. ആയതുകൊണ്ട് ഇത്യാദികള്‍ ഒഴിവാക്കുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

ആയുര്‍വേദ വൈദ്യശാലകളില്‍ ലഭ്യമായിട്ടുള്ള അപരാജിത ധൂമ ചൂര്‍ണ്ണം വീടുകളില്‍ കനലില്‍വച്ചു പുകക്കുന്നത് അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുവാനും രോഗം പ്രതിരോധിക്കുവാനും സഹായിക്കുന്നു.

പ്രതിരോധ ശേഷി കുറവുള്ളവരിലും നവജാത ശിശുക്കളിലും വാര്‍ധക്യത്തിലും കാന്‍സര്‍ മുതലായ രോഗങ്ങള്‍ ഉള്ളവരിലും ഗര്‍ഭിണികളിലും ചിക്കന്‍പോക്‌സ് സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം.pneumonia, Bronchitis, meningitis മുതലയായവ ഇവയില്‍ ചിലതാണ്. ആയതിനാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ഇവര്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭിണികള്‍ ആദ്യ 3 മുതല്‍ 5 മാസം വരെ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്ത് അമ്മക്കുണ്ടാകുന്ന ചിക്കന്‍പോക്‌സ് കുഞ്ഞിന് ജനിതക വൈകല്യങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കാം.

ലക്ഷണങ്ങള്‍

ജലദോഷം, തൊണ്ടവേദന, വിശപ്പില്ലായ്മ, തലവേദന, തുടങ്ങിയവ ആദ്യ ലക്ഷണങ്ങള്‍ ആണ്. ശേഷം 3 – 4 ദിവസം നീണ്ടുനില്‍ക്കുന്ന ശരീരവേദനയോടു കൂടിയ കഠിനമായ പനിയും തൊലിപ്പുറമേ ചുവന്ന പോളങ്ങള്‍ ഉണ്ടാവുകയും, പോളങ്ങളില്‍ വെള്ളം നിറഞ്ഞു ചൊറിച്ചിലുണ്ടാവുകയും അതിവേഗം അതു തലയിലും കഴുത്തിലും കൈകാലുകളിലും ഉടലിലും വ്യാപിക്കുകയും ചെയ്യുന്നു.

ആദ്യ ഏഴു ദിവസങ്ങള്‍ ആണ് രോഗം പടരുന്ന കാലഘട്ടം. പിന്നീട് രോഗം പടരില്ല. ഏകദേശം 14 മുതല്‍ 21 ദിവസത്തോടു കൂടി പൊളങ്ങള്‍ പൊട്ടുകയും പൊറ്റ് രൂപപ്പെട്ട്; അവ അടര്‍ന്ന് രോഗശമനം ഉണ്ടാവുകയും ചെയ്യുന്നു.

പോളങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടാവുന്ന സമയത്ത് അല്‍പം ക്ഷമയോടെ സഹിച്ച് ചൊറിയാതിരുന്നാല്‍ രോഗശേഷം ശരീരത്തില്‍ ഉണ്ടാകുന്ന കറുത്ത പാടുകളെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

ഭക്ഷണക്രമം

ചിക്കന്‍പോക്‌സ് ഉള്ളവര്‍ എളുപ്പത്തില്‍ ദഹിക്കുന്ന ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. കഞ്ഞി, ഇഡലി, ദോശ മുതലായവ ഉപയോഗിക്കാം. പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.വെള്ളം ധാരാളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ദഹിക്കാന്‍ പ്രയാസമുള്ള മല്‍സ്യ മാംസാദികള്‍, ചോക്ലേറ്റ്, വെണ്ണ, കട്ടി മൊര്, കഫീന്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍, എരുവുള്ളതും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങളും ഒഴിവാക്കുക.

ചികിത്സ

ലക്ഷണങ്ങള്‍ കണ്ട ആദ്യദിവസങ്ങളില്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക.ശരിയായ ചികിത്സ ലഭിക്കാതിരുന്നാല്‍ ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. ആയുര്‍വേദ ചികിത്സക്കൊപ്പം ശരിയായ പഥ്യാപഥ്യങ്ങള്‍ പാലിച്ചാല്‍ ഏകദേശം 2 ആഴ്ചകള്‍ കൊണ്ട് തന്നെ രോഗം മാറ്റിയെടുക്കാന്‍ സാധിക്കും. പിത്തശമന കാഷായ യോഗങ്ങളായ അമൃതോത്തരം കഷായം, ഗുളുച്യാദി കഷായം,അമൃതരജന്യാദി കഷായം മുതലായവയും മറ്റു ഔഷധങ്ങളും രോഗലക്ഷണങ്ങളെയും രോഗികളെയും കണക്കിലെടുത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ആര്യവേപ്പിന്റെ ഇല കീറി മെത്തയില്‍ വിതറി അതില്‍ കിടക്കുന്നത് ചൊറിച്ചില്‍ കുറക്കാന്‍ സഹായിക്കുന്നു.

രാമച്ചം , ചിറ്റമൃത്, ചുക്ക്, മല്ലി, നറുനീണ്ടി മുതലായവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരം തണുക്കുവാനും രോഗശമനത്തിനും സഹായിക്കുന്നു.

ചിക്കന്‍പോക്‌സ് പാടുകള്‍ മാറ്റാന്‍ ചില പൊടികൈകള്‍...

1 രക്തചന്ദനം അരച്ച് പുരട്ടുക

2 നാരങ്ങാനീരില്‍ തേന്‍ ചേര്‍ത്ത് പുരട്ടുക.

3 ഓട്‌സ് ചെറുതായ് പൊടിച്ച് തേക്കുക.

4 തേങ്ങാപാല്‍ പുരട്ടുക.

5 ഓറഞ്ച് നീരോ പപ്പായ നീരോ പുരട്ടുക.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.