2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

നിങ്ങള്‍ക്ക് കേള്‍വിക്കുറവുണ്ടോ?

#ഡോ. റജിന ഫമീഷ്
കണ്‍സള്‍ട്ടന്റ്- ഇ.എന്‍.ടി സര്‍ജന്‍
മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്

 

എല്ലാ വര്‍ഷവും മാര്‍ച്ച് മൂന്നാം തിയതി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) ലോക കേള്‍വിദിനമായി ആചരിക്കുന്നു. ലോകമെമ്പാടും ഏകദേശം 46 കോടി ആളുകള്‍ക്ക് ശ്രവണവൈകല്യമുണ്ട്. അതില്‍ ഭൂരിഭാഗവും ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിലാണ്.
ചെവിയുടെ പല അണുബാധകളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ശരിയായ ആരോഗ്യപരിപാലനം കിട്ടാത്ത ആളുകളില്‍ മാത്രമാണ് കാണുന്നത്. നമ്മുടെ നാട്ടില്‍ ഇപ്പോഴും ചെവിയിലെ അണുബാധകള്‍ ചികിത്സിക്കപ്പെടാതെ പോകുന്നു.
കൂട്ടത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഇയര്‍ ഫോണില്‍ പാട്ടുകേള്‍ക്കുക (റിക്രിയേഷണല്‍ നോയ്‌സ്) തുടങ്ങിയവ കൂടിയാവുമ്പോള്‍ ശ്രവണവൈകല്യം കൂടുതല്‍ വലിയ സാമൂഹിക പ്രശ്‌നമായിമാറുന്നു.

കേള്‍വി പരിശോധിക്കുക

ലോകാരോഗ്യ സംഘടനയുടെ 2019ലെ ലോകശ്രവണദിന സന്ദേശം നിങ്ങളുടെ കേള്‍വി പരിശോധിക്കൂ എന്നതാണ്. ശ്രദ്ധിക്കപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്ന കേള്‍വിക്കുറവ് കാരണമുള്ള മാനവവിഭവശേഷി നഷ്ടം വളരെ വലുതാണ്.
കേള്‍വിക്കുറവ് കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ഇത്തവണത്തെ ശ്രവണദിനത്തില്‍ ലോകാരോഗ്യസംഘടന ലക്ഷ്യം വയ്ക്കുന്നത്. എല്ലാ ആളുകളും വര്‍ഷത്തിലൊരിക്കല്‍ കേള്‍വി പരിശോധന നടത്തണം.
അതില്‍ത്തന്നെ അന്‍പത് വയസിനുമുകളിലുള്ളവര്‍, ശബ്ദമലിനീകരണമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവര്‍, സ്ഥിരമായി ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകേള്‍ക്കുന്നവര്‍, ചെവിക്ക് എന്തെങ്കിലും അസുഖമോ അണുബാധയോ ഉള്ളവര്‍ എന്നിവര്‍ നിര്‍ബന്ധമായും കേള്‍വി പരിശോധന നടത്തേണ്ടതാണ്.

കുട്ടികളിലെ കേള്‍വിക്കുറവ്

കുഞ്ഞുങ്ങളിലെ 65% കേള്‍വിക്കുറവും സാമൂഹിക ആരോഗ്യ പരിപാടികളിലൂടെ പ്രതിരോധിക്കാവുന്നതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ശ്രവണവൈകല്യം കുഞ്ഞുങ്ങളില്‍ പഠനവൈകല്യവും സ്വഭാവവൈകല്യവുമുണ്ടാക്കും. സ്‌കൂള്‍ കുട്ടികളിലെ ശ്രവണവൈകല്യത്തിന്റെ പ്രധാന കാരണം സീറസ് ഓട്ടൈറ്റിസ് മീഡിയ അഥവാ മധ്യകര്‍ണത്തില്‍ നീര് നിറയുന്ന അവസ്ഥയാണ്.
മരുന്നിലൂടെയോ ശസ്ത്രക്രിയയിലൂടെയോ പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന ഈ അസുഖം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് സങ്കടകരം. സ്‌കൂളുകളില്‍ വര്‍ഷാവര്‍ഷം ചെവി പരിശോധനയും കേള്‍വി പരിശോധനയും നടത്തുകയാണെങ്കില്‍ ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്.
മുണ്ടിനീര്, അഞ്ചാംപനി (പൊങ്ങന്‍പനി), മസ്തിഷ്‌കവീക്കം എന്നിവ കാരണമുണ്ടാകുന്ന ശ്രവണവൈകല്യങ്ങള്‍ ചികിത്സിച്ചു മാറ്റുന്നതിനേക്കാള്‍ പ്രായോഗികം ഇത് വരാതെ സൂക്ഷിക്കുന്നതാണ്. കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി രോഗപ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നതു വഴി ഇത്തരം ശ്രവണവൈകല്യങ്ങള്‍ തടയാനാവും.

ബധിരത നാല് വയസിനു
മുന്‍പ് ചികിത്സിക്കണം

ബധിരത നാല് വയസിനു മുന്‍പെങ്കിലും ചികിത്സിച്ചാല്‍ മാത്രമേ കുഞ്ഞുങ്ങള്‍ക്ക് സംസാരശേഷി ലഭിക്കുകയുള്ളൂ. തലച്ചോറിന്റെ ന്യൂറോ പ്ലാസ്്റ്റിസിറ്റി ന്യൂറോ സ്‌കാവഞ്ചിങ് എന്നീ പ്രത്യേകതകള്‍ കൊണ്ടാണത്.
സംസാരവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം ചെറിയ പ്രായത്തില്‍ തന്നെ ഉദ്ദീപിക്കപ്പെട്ടില്ലെങ്കില്‍ മറ്റേതെങ്കിലും കാര്യങ്ങള്‍ തലച്ചോറിന്റെ ആ ഭാഗത്തെക്കൂടി അപഹരിക്കുകയും പിന്നീട് സംസാരശേഷി വികസിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ബധിരരും മൂകരുമായ കുട്ടികളെ, അംഗവിക്ഷേപങ്ങള്‍കൊണ്ട് സംവദിക്കുക എന്ന അവസ്ഥയില്‍ നിന്ന് കേള്‍ക്കുന്ന, സംസാരിക്കുന്ന സാധാരണ കുട്ടികളായി മാറ്റിക്കൊണ്ട്് കോക്ലിയാര്‍ ഇംപ്ലാന്റ്് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. കോക്ലിയാര്‍ ഇംപ്ലാന്റ് സര്‍ജറി മൂന്നു വയസിനു മുമ്പേ ചെയ്താലേ ഇത്തരത്തില്‍ ഫലപ്രദമാകുന്നുള്ളൂ.
അതുകൊണ്ട്് തന്നെ എത്രയും പെട്ടെന്ന് കുട്ടികളിലെ കേള്‍വിക്കുറവ് കണ്ടുപിടിക്കേണ്ടതുണ്ട്്. കുഞ്ഞുങ്ങളുടെ കേള്‍വിയെക്കുറിച്ച്് നേരിയ സംശയമെങ്കിലുമുണ്ടെങ്കില്‍ ഉടനെ നിങ്ങളുടെ ഡോക്ടറെ കാണുകയും കേള്‍വി പരിശോധിക്കുകയും ചെയ്യുക.

കേള്‍വിക്കുറവുണ്ടോ


നിങ്ങള്‍ക്ക് ടി.വിയിലോ മൊബൈലിലോ ശബ്ദം കൂട്ടിവയ്‌ക്കേണ്ടി വരാറുണ്ടോ?
നിങ്ങള്‍ ഒരു സംഭാഷണത്തില്‍ മറ്റുള്ളവര്‍ പറയുന്ന ഏതെങ്കിലും ഭാഗം വിട്ടുപോകാറുണ്ടോ?
നിങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടാറുണ്ടോ?
ചെവിയില്‍ ഒരു മൂളല്‍ പോലെ അനുഭവപ്പെടാറുണ്ടോ?
ഇത്രയും നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍ നിങ്ങള്‍ കേള്‍വി പരിശോധനകള്‍ നടത്തേണ്ടതാണ്.

കേള്‍വിക്കുറവിന് ചികിത്സകള്‍

ഏറ്റവും സാധാരണമായ കേള്‍വി പരിശോധനയാണ് പ്യൂര്‍ ടോണ്‍ ഓഡിയോഗ്രാം. ഏകദേശം 15 മിനിറ്റോളം സമയമെടുക്കുന്ന ഈ പരിശോധനയ്ക്ക്് രോഗിയുടെ സഹകരണം ആവശ്യമാണ്. അതുകൊണ്ട്് തന്നെ നാല് വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ഈ പരിശോധന നടത്താന്‍ കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക്് ഒ.എ.ഇ (ഓട്ടോ അക്വസ്റ്റിക് എമിഷന്‍), ബെറ (ബ്രെയ്ന്‍ സ്്‌റ്റെം ഇവോക്ഡ് റെസ്്‌പോണ്‍സ് ഓഡിയോമെട്രി) എന്നീ പരിശോധനകള്‍ ചെയ്യാവുന്നതാണ്.
ഓട്ടോ അക്വസ്റ്റിക് എമിഷന്‍ ടെസ്റ്റ് എല്ലാ നവജാത ശിശുക്കളിലും ചെയ്യുന്നത്് വഴി കുട്ടികളിലെ ശ്രവണവൈകല്യം നേരത്തെ കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയും. ചെവിയുടെ ചില അസുഖങ്ങള്‍ മരുന്നുകൊണ്ട് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. ഭൂരിഭാഗം ശ്രവണവൈകല്യങ്ങളും ശസ്ത്രക്രിയയിലൂടെയോ, ഹിയറിങ് എയ്ഡ്, കോക്ലിയാര്‍ ഇംപ്ലാന്റ് എന്നിവയിലൂടെയോ പരിഹരിക്കാന്‍ കഴിയും. കോക്ലിയാര്‍ ഇംപ്ലാന്റ് പുതിയകാലത്തിന്റെ പ്രതീക്ഷ തന്നെയാണ്. ഞരമ്പിനെ ബാധിക്കുന്ന ശ്രവണവൈകല്യങ്ങള്‍ വാര്‍ധക്യത്തിലെ പേടിസ്വപ്നമായിരുന്ന കാലം കോക്ലിയാര്‍ ഇംപ്ലാന്റിന്റെ വരവോടെ അവസാനിക്കുകയാണ്.

സൗജന്യ ആപ്പ്


ഈ വര്‍ഷത്തെ ലോക ശ്രവണദിനത്തില്‍ ലോകാരോഗ്യസംഘടന ഒരു പുതിയ ആപ്പ്് ഇറക്കുന്നുണ്ട്. ഹിയര്‍ ഡബ്ല്യുഎച്ച്ഒ എന്ന ഈ ആപ്പ് മാര്‍ച്ച് മൂന്നു മുതല്‍ സൗജന്യമായി നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഈ ആപ്പിലൂടെ മൊബൈല്‍ ഫോണും ഇയര്‍ഫോണും ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്വന്തം കേള്‍വി പരിശോധിക്കാം. കേള്‍വിയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കുക, ആളുകളെ സ്ഥിരമായി കേള്‍വി പരിശോധിക്കാന്‍ പ്രോത്സാഹിപ്പിക്കുക, ആരോഗ്യപ്രവര്‍ത്തകരെ ശ്രവണപരിശോധനയ്ക്ക് സഹായിക്കുക എന്നിവയാണ്് ഈ ആപ്പിന്റെ ലക്ഷ്യങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.