2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

‘ഇത് നമ്മുടെ കൈകളിലല്ല’; ഇന്ധന വിലക്കയറ്റത്തില്‍ ഒപെക് രാജ്യങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്തി പെട്രോളിയം മന്ത്രി

ഭുബനേശ്വര്‍: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതില്‍ പ്രതിഷേധം ഉയരുന്നതിനിടെ നടപടിക്കു പകരം തൊടുന്യായങ്ങളുമായി കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് ദ പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്ട്രീസ്) രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതും ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടിയതുമാണ് കാരണമെന്നാണ് മന്ത്രി പറയുന്നത്.

അതേസമയം, പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നുവെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. ഇത് നമ്മുടെ കൈകളിലല്ല. ഒപെക് രാജ്യങ്ങളില്‍ ചെറിയ ഉല്‍പാദനം മാത്രമാണുള്ളത്. ഇന്ത്യന്‍ സര്‍ക്കാര്‍ വൈകാതെ ഒരു പരിഹാരം കാണും”- മന്ത്രി പറഞ്ഞു.

ഇറാന്‍ ആണവ കരാര്‍ യു.എന്‍ റദ്ദാക്കിയതു മുതല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂലൈ മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേനയാണ് നിര്‍ണയിക്കുന്നത്. ഓരോ ദിവസവും ചെറിയ സംഖ്യയാണ് കൂട്ടുന്നതെന്ന കാരണം കൊണ്ട് രാജ്യത്ത് വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നില്ല. ഇങ്ങനെ വര്‍ധനകള്‍ മാത്രമാണ് അതിനു ശേഷം കൂടുതലും ഉണ്ടായിട്ടുള്ളത്. ഇന്നിപ്പോള്‍ കേരളത്തില്‍ പെട്രോള്‍ വില 80 രൂപയും കടന്നിരിക്കുകയാണ്.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.