2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രതിപക്ഷ നേതാവ് എന്നത് ഭരണഘടനാ പദവി; 10 ശതമാനം അംഗബലം ആവശ്യമാണെന്ന വ്യവസ്ഥ നിയമത്തിലില്ല

 

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന പദവി ഭരഘടനാ അധികാരമുള്ള പദവിയാണെന്നും പ്രസ്തുത പദവിലഭിക്കാന്‍ പത്ത് ശതമാനം അംഗങ്ങളുടെ പിന്തുണവേണമെന്നുമുള്ള വ്യവസ്ഥയ്ക്ക് നിയമ പിന്‍ബലമില്ലെന്നും ലോക്‌സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി ചൂണ്ടിക്കാട്ടി. ലോക്‌സഭയയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവാകാന്‍ സഭയിലെ മൊത്തം അംഗങ്ങളുടെ 10 ശതമാനം പ്രാതിനിധ്യമുള്ള പാര്‍ട്ടി അംഗത്തിനേ കഴിയൂവെന്ന് നിയമത്തില്‍ എവിടെയും പറയുന്നില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ചെയ്യുന്നത് വിവരക്കേട് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. 14, 15 ലോക്‌സഭകളുടെ സെക്രട്ടറി ജനറലായിരുന്നു മലയാളിയായ ആചാരി.

 

പി.ഡി.ടി ആചാരി

 

പത്ത് ശതമാനം പ്രതിനിധികളുള്ള പാര്‍ട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അര്‍ഹതയുള്ളു എന്ന വാദം തെറ്റാണ്. പ്രതിപക്ഷ നേതൃപദവിക്ക് ഭരണഘടനാപരമായ അധികാരമുണ്ട്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെ രൂപം കൊണ്ട ചട്ടപ്രകാരം സ്ഥാപിക്കപ്പെട്ട സ്ഥാനമാണത്. അതില്‍ പ്രതിപക്ഷ നേതാവ് ആര്, എങ്ങനെ തിരഞ്ഞെടുക്കപ്പെടും എന്ന് വ്യക്തമായി പറയുന്നുണ്ട്. അതനുസരിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി നിയമിക്കുന്നതാണ് രീതി. ലോക്‌സഭയില്‍ ഏറ്റവും അധികം അംഗസംഖ്യയുള്ള പ്രതിപക്ഷകക്ഷി ചൂണ്ടിക്കാട്ടുന്ന നേതാവാണ് പ്രതിക്ഷ നേതാവ്. ഇത്തരത്തില്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്ന നേതാവിനെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി നിയമിക്കുമെന്നാണ് നിയമത്തില്‍ പറയുന്നത്.

1955ല്‍ അന്നത്തെ സ്പീക്കര്‍ ലോക്‌സഭയില്‍ ഇരിപ്പിടം തരംതിരിച്ച് നല്‍കുന്നതിന്റെ സൗകര്യം പരിഗണിച്ച് അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളായും ഗ്രൂപ്പുകളായും കണക്കാക്കുന്ന സംവിധാനം നടപ്പാക്കിയിരുന്നു. സഭയ്ക്കുള്ളിലും സഭയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഇങ്ങനെ പാര്‍ട്ടികള്‍, ഗ്രൂപ്പുകള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചത്. അതു പ്രകാരം സഭയ്ക്കുള്ളില്‍ പാര്‍ട്ടിയായി അംഗീകരിക്കണമെങ്കില്‍ ആ പാര്‍ട്ടിക്ക് കുറഞ്ഞത് ക്വാറത്തിനുള്ള അംഗങ്ങളുണ്ടായിരിക്കണം. ആ ക്വാറം ആണ് 10 ശതമാനം. അത്തരത്തിലുള്ള പാര്‍ട്ടികളെ സഭയ്ക്കുള്ളില്‍ പാര്‍ട്ടി ആയി അംഗീകരിക്കപ്പെടും. 10 ശതമാനത്തില്‍ കുറഞ്ഞ അംഗങ്ങളുള്ളവരെ ഗ്രുപ്പായി മാത്രമേ അംഗീകരിക്കൂ.

പാര്‍ലമെന്റിനുള്ളില്‍ ചര്‍ച്ചയില്‍ അംഗങ്ങള്‍ക്ക് സമയം നല്‍കുക, മുറികള്‍ അനുവദിക്കുക എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതിനു വേണ്ടിയായിരുന്നു ഇത്. അതിന് വേണ്ടി മാത്രമായിരുന്നു ഈ നടപടി. ഇതു പക്ഷേ സ്പീക്കറുടെ നിര്‍ദേശം മാത്രമാണ്, എഴുതപ്പെട്ടതോ നിയമപിന്‍ബലമുള്ളതോ ആയ ചട്ടമല്ല. തന്നെയുമല്ല, ഈ സ്ഥലത്തെവിടെയും പ്രതിക്ഷ നേതാവിനെ കുറിച്ച് പറയുന്നില്ല. അതിനെല്ലാം ഉപരി ഈ നിര്‍ദേശത്തിന് പാര്‍ലമെന്റില്‍ മാത്രമാണ് നിയമസാധുതയുള്ളത്. പുറത്ത് അത്തരം പരിഗണനയോ നിയന്ത്രണങ്ങളോ ഇല്ല. പത്ത് ശതമാനം അംഗബലമുള്ള കക്ഷിയാണ് സഭയ്ക്കുള്ളിലെ ഇരിപ്പിടം സംബന്ധിച്ച വ്യവസ്ഥയില്‍ പാര്‍ട്ടി. എന്നാല്‍, ഇതു പിന്നീട് പ്രതിപക്ഷ നേതാവ് ആവണമെങ്കില്‍ പത്ത് ശതമാനം അംഗബലം വേണമെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഇങ്ങനെയാണ് ‘പത്ത് ശതമാനം എം.പിമാര്‍’ എന്ന വാദം ഉയര്‍ന്നുവന്നത്.

 

ലോക്‌സഭാ സെക്രട്ടറി ജനറലായിരിക്കെ അന്നത്തെ സ്പീക്കര്‍ മീരാകുമാര്‍, ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ക്കൊപ്പം പി.ഡി.ടി ആചാരി

 

പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവിന്റെ ശമ്പളവും അലവന്‍സും സംബന്ധിച്ച 1977ലെ നിയമത്തിലാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം നിര്‍വചിച്ചിരിക്കുന്നത്. സഭയില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കാമെന്നാണ് ഇതില്‍ പറയുന്നത്.

ഇന്ദിരാ ഗാന്ധിയുടെ മരണശേഷമുണ്ടായ സഹതാപ തരംഗത്തില്‍ 410 സീറ്റുകളുമായി കോണ്‍ഗ്രസ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. പേരിനു മാത്രമായിരുന്നു അന്ന്പ്രതിപക്ഷം. ആന്ധ്രാപ്രദേശില്‍ എന്‍.ടി രാമ റാവുവിന്റ തെലുങ്ക് ദേശം പാര്‍ട്ടിയായിരുന്നു പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. 30 സീറ്റുകളാണ് ടി.ആര്‍.എസിന് ലഭിച്ചത്. സി.പി.എമ്മിന് 22ഉം സീറ്റുകള്‍ ലഭിച്ചു. അണ്ണാ ഡി.എം.കെയും (12) ജനതാപാര്‍ട്ടിയും (10) മാത്രമാണ് അന്ന് രണ്ടക്കം കടന്ന മറ്റു പാര്‍ട്ടികള്‍. പക്ഷേ, എന്‍.ടി രാമറാവുവിന് പ്രതിപക്ഷനേതൃപദവി നല്‍കാന്‍ രാജീവ് ഗാന്ധി തയാറായില്ല. ഒരുപക്ഷേ ടി.ആര്‍.എസ് പ്രാദേശിക പാര്‍ട്ടിയായതിനാലാവണം അന്ന് രാജീവ് ഗാന്ധി അങ്ങനെ ചെയ്തത്. പക്ഷേ അതൊരു കീഴ്‌വഴക്കം കൂടിയായി എന്നു വേണം കരുതാന്‍. മൃഗീയ ഭൂരിപക്ഷം ഉണ്ടായപ്പോള്‍ ഏതിര്‍ചേരിയിലെ ഏറ്റവും വലിയ കക്ഷിക്ക് പ്രതിപക്ഷ പദവി നല്‍കാത്ത തങ്ങള്‍, ഇപ്പോള്‍ പത്ത് ശതമാനം സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷനേതൃപദവി ആവശ്യപ്പെട്ടാല്‍ ബി.ജെ.പി തരില്ലെന്ന് കോണ്‍ഗ്രസ് കരിതിയിരിക്കണം.

നിയമം വിശദീകരിക്കുന്ന സ്ഥലങ്ങളിലെവിടെയും അംഗങ്ങളുടെ ശതമാനക്കണക്കിനെ കുറിച്ച് പരാമര്‍ശമില്ല. ആ നിയമം അനുസരിച്ച് നോക്കുമ്പോള്‍ ഇത്തവണ 52 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് നിയമപരമായി അര്‍ഹതയുണ്ട്. അത് സ്ഥാപിച്ചെടുക്കേണ്ടത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ്. അവര്‍ സ്പീക്കറോട് ആവശ്യപ്പെടുകയാണ് വേണ്ടത്.

കഴിഞ്ഞ തവണ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാതിരുന്നത് അവര്‍ രേഖാമൂലം ആവശ്യപ്പെടാത്തതിനാലാണ്. 70 അംഗ ഡല്‍ഹി നിയമസഭയില്‍ ബി.ജെ.പിക്ക് മൂന്നു എം.എല്‍.എമാര്‍ മാത്രമേയുള്ളൂവെങ്കിലും പാര്‍ട്ടിക്ക് പ്രതിപക്ഷനേതൃപദവി ലഭിച്ചിട്ടുണ്ട്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷ സ്ഥാനം ലഭിക്കാത്തതിനെതിരെ കോണ്‍ഗ്രസ് നിയമപോരാട്ടം നടത്തേണ്ടിയിരുന്നു. അന്ന് അങ്ങിനെ ചെയ്യാതിരുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വീഴ്ചയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.