2017 December 09 Saturday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് വൈകും; ലാവ്‌ലിനില്‍ പിണറായിയെ രക്ഷിക്കാന്‍ സി.ബി.ഐ

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സി.ബി.ഐയുടെ നടപടികളില്‍ കാലതാമസം. ചട്ടമനുസരിച്ച് വിധിവന്ന് 90 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കണം. എന്നാല്‍, ഈ കാലാവധിക്കുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാനാവില്ലെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 23നാണ് പിണറായിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുണ്ടായത്. ചട്ടമനുസരിച്ച് അപ്പീല്‍ നല്‍കേണ്ട കാലാവധി ഈ മാസം 21ന് തീരുകയാണ്. എന്നാല്‍ ഈ കാലപരിധിക്കുള്ളില്‍ അപ്പീല്‍ നല്‍കാനാവില്ലെന്നും അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നുമാണ് സി.ബി.ഐ പറയുന്നത്. വൈകിയതിലുള്ള ക്ഷമാപണമടക്കം ചേര്‍ത്ത് പിന്നീട് സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് തീരുമാനം. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആയിരിക്കും അപ്പീല്‍ നല്‍കുക.
കേസില്‍ ഏഴാം പ്രതിയായിരുന്ന പിണറായിയെ കൂടാതെ ഒന്നാം പ്രതിയായ ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, എട്ടാം പ്രതി ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ കെ.ജി രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു. ഈ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐ നേരത്തേ വ്യക്തമാക്കിയിരുന്നു. പിണറായി വൈദ്യുതി മന്ത്രിയായിരുന്നകാലത്ത് പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി കരാറുണ്ടാക്കിയതില്‍ പൊതുഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. പിണറായി ഉള്‍പ്പെടെയുള്ള കേസിലെ പ്രതികളെ 2013ല്‍ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

വിധിക്കെതിരേ സി.ബി.ഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്താന്‍ സി.ബി.ഐക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. കേസില്‍ പിണറായിയെ കുരുക്കാന്‍ സി.ബി.ഐ ശ്രമിച്ചെന്ന ഗുരുതരമായ പരാമര്‍ശവും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി. ഉബൈദില്‍ നിന്നുണ്ടായി.

വിധിക്കെതിരേ ശിവദാസനും കസ്തൂരിരംഗ അയ്യരും നേരത്തേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ അപ്പീല്‍ നല്‍കാതിരിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടയിലാണ് സി.ബി.ഐയുടെ അപ്പീല്‍ നടപടികള്‍ വൈകുന്നത്.

 

 



കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.