2017 October 18 Wednesday
മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക. അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്കുക
ബൈബിള്‍

ജൂലൈയിലെ ജി.എസ്.ടി.ആര്‍-1 ഫയല്‍ ചെയ്യാനുള്ള തിയ്യതി നീട്ടി

ഹൈദരാബാദ്: ജൂലൈ മാസത്തിലെ ജി.എസ്.ടി.ആര്‍-1 ഫയല്‍ ചെയ്യാനുള്ള തിയ്യതി നീട്ടി. ഞായറാഴ്ച ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഒക്ടോബര്‍ 10 വരെ നീട്ടിയത്. ശനിയാഴ്ച ഹൈദരാബാദില്‍ ചേര്‍ന്ന 21-ാം ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാങ്കേതിക തകരാര്‍ കാരണം ഫയല്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് തിയ്യതി നീട്ടാന്‍ തീരുമാനിച്ചത്.

സാങ്കേതിക പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വേണ്ടി അഞ്ചംഗ മന്ത്രിതല സമിതിയെയും യോഗം തെരഞ്ഞെടുത്തു. നികുതി ഫയല്‍ ചെയ്യാനുള്ള ജി.എസ്.ടി നെറ്റ്‌വര്‍ക്ക് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ഉന്നയിച്ചു.

മൊത്തം 45 ലക്ഷം നികുതിദായകര്‍ ജി.എസ്.ടിയില്‍ (ജി.എസ്.ടി-3ബി) രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും വെള്ളിയാഴ്ച വരെ ആദ്യഘട്ടമായ ജി.എസ്.ടി.ആര്‍-1 ഫയല്‍ ചെയ്തത് 17 ലക്ഷം പേര്‍ മാത്രമാണ്. ജി.എസ്.ടി പോര്‍ട്ടല്‍ ഇടയ്ക്കിടെ തകരാറിലാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഒരുവട്ടം നീട്ടിനല്‍കിയെങ്കിലും പിന്നെയും ശരിയായില്ല. ഇതേത്തുടര്‍ന്നാണ് വീണ്ടും തിയ്യതി നീട്ടിയത്. ജി.എസ്.ടി.ആര്‍-2 ഉം സമര്‍പ്പിക്കേണ്ടത് ഒക്ടോബര്‍ 10 നു തന്നെയാണ്. ജി.എസ്.ടി.ആര്‍-3 സമര്‍പ്പിക്കേണ്ടത് ഒക്ടോബര്‍ 15 നുമാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.