2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

വഴിക്കടവില്‍ ഉരുള്‍പൊട്ടല്‍: നൂറോളം വീടുകളില്‍ വെള്ളം കയറി, മലയോര ദേശങ്ങള്‍ വീണ്ടും ഭീതിയില്‍

എടക്കര: ശക്തമായ ഉരുള്‍പൊട്ടലില്‍ നിരവധി ജീവന്‍ നഷ്ടമായ കവളപ്പാറക്കടുത്തുള്ള വഴിക്കടവില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ആളപായമില്ലെങ്കിലും മലയോര പ്രദേശങ്ങള്‍ വീണ്ടും ഭീതിയിലാണ്.
പുന്നക്കലില്‍ മുപ്പതോളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെ പുഴയുടെ ഇരമ്പക്കം കേട്ട് ഞെട്ടിയുണര്‍ന്ന നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടതാണ് ദുരന്തം ഒഴിവാക്കിയത്. വെള്ളക്കട്ട, പുന്നക്കല്‍, വഴിക്കടവ് ടൗണ്‍, നെല്ലിക്കുത്ത്, മണിമൂളി, പാലാട്, മുണ്ട പ്രദേശങ്ങളിലെ പുഴയോരത്തുള്ള നൂറോളം വീടുകളില്‍ വെള്ളം കയറി. കാരക്കോടന്‍ പുഴക്ക് കുറുകെയുള്ള വരക്കുളം, മുണ്ട ആരോഗ്യകേന്ദ്രം റോഡുപാലം എന്നിവ വെള്ളത്തിനടിയിലായി.

താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. വൈകുന്നേരമായതോടെ പുഴയിലെ ജലവിതാനം കുറഞ്ഞിട്ടുണ്ട്. പൊലിസും അഗ്നിശമന സേന ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

ചാലിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തമിഴ്നാടിന്റെ വനാന്തരങ്ങളിലുണ്ടായ ഉരുള്‍പൊട്ടലാണ് വെള്ളപൊക്കത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുഴ വഴിമാറി ഒഴുകിയതോടെ ജനവാസ മേഖലകളില്‍ വന്‍ നാശം വിതച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.