2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

തേക്കുകളുടെ നാട്ടില്‍

തേക്കുകളുടെ സ്വന്തം നാടായ നിലമ്പൂരിന്റെ പ്രകൃതിക്കാഴ്ചകള്‍ നുണയാന്‍ മികച്ച അവസരമാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയിലൂടെയുള്ള ട്രെയിന്‍ യാത്ര

 

ഫാറൂഖ് എടത്തറ

 

കമല്‍ സംവിധാനം ചെയ്ത ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് ‘ എന്ന ചിത്രത്തിലെ അതിമനോഹരമായ റെയില്‍വേ സ്റ്റേഷന്‍ ഓര്‍മയില്ലേ? ആന്ധ്രാപ്രദേശിലോ കര്‍ണാടകയിലോ ആണെന്നു നാം തെറ്റിദ്ധരിച്ച അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍. പലയിടങ്ങളില്‍ പോയി ഒടുവില്‍ കമലും സംഘവും ഷൂട്ടിങ് ഉറപ്പിച്ചത് അങ്ങാടിപ്പുറം സ്റ്റേഷന്റെ കാല്‍പനികഭംഗിയിലായിരുന്നു. സൗന്ദര്യം മാത്രമല്ല, കുളിരേകുന്ന കാലാവസ്ഥയും ഈ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയിലൂടെയുള്ള യാത്രയെ ജനപ്രിയമാക്കുന്നുണ്ട്. വേനല്‍ചൂടില്‍ ഒരു തണുപ്പന്‍ യാത്രക്കനുയോജ്യമായ ഈ പാതയിലൂടെയാവാം ഒരു യാത്രയാകാം.


കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജങ്ഷനായ ജനത്തിരക്കേറിയ ഷൊര്‍ണൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് കാടിന്റെ തണുപ്പും മനോഹാരിതയും മേളിക്കുന്ന നിലമ്പൂര്‍ ജങ്ഷനിലാണ്. ട്രെയിന്‍ പോകുന്ന ഓരോ സ്റ്റേഷനും അതിമനോഹരമാണ്. യാത്രയിലുടനീളം തീവണ്ടിക്കു തണലൊരുക്കി ആല്‍മരങ്ങളും തേക്കും തലയുയര്‍ത്തിനില്‍ക്കുന്നുണ്ട്. തണുപ്പന്‍ യാത്രയുടെ രഹസ്യം ഇതാണെന്നു മനസിലായില്ലേ. ഊട്ടി-മേട്ടുപ്പാളയം പാതയുടെ മിനിപതിപ്പെന്നു വേണമെങ്കില്‍ ഈ യാത്രയെ വിശേഷിപ്പിക്കാം. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബ്രോഡ്‌ഗേജ് റെയില്‍പാതകളിലൊന്നാണിത്. ഏകദേശം 66 കിലോമീറ്ററാണു യാത്രയുടെ ദൈര്‍ഘ്യം.

പച്ചപുതച്ചു നില്‍ക്കുന്ന വയലേലകള്‍, അങ്ങിങ്ങായി ചെറുതും വലുതുമായ വീടുകള്‍, പശ്ചാത്തലത്തില്‍ പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന മലനിരകള്‍, അതിനുംമുകളില്‍ ചിതറിത്തെറിച്ചു കിടക്കുന്ന മേഘക്കൂട്ടങ്ങള്‍, ഒഴിഞ്ഞ വയലേലകളില്‍ കാല്‍പന്ത് തട്ടിക്കളിക്കുന്ന കുട്ടികളും യുവാക്കളും, തെങ്ങും കമുകും സമൃദ്ധമായി വളരുന്ന പറമ്പുകള്‍, റബര്‍തോട്ടങ്ങള്‍… തീവണ്ടിജാലകത്തിലൂടെ പുറത്തേക്കു നോക്കിയാല്‍ കാണുന്ന ഗ്രാമീണതയുടെ രമണീയമായ ഫ്രെയ്മുകളാണിവ. വെള്ളിയാര്‍, ഒലിപ്പുഴ തുടങ്ങിയ പുഴകളും ഈ പാതയിലെ ആകര്‍ഷക ദൃശ്യങ്ങളാണ്. വാടാനാംകുര്‍ശി, വല്ലപ്പുഴ, കുലുക്കല്ലൂര്‍, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂര്‍, തുവ്വൂര്‍, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണു പാതയിലെ ചെറുതും പ്രകൃതിസുന്ദരവുമായ റെയില്‍വേ സ്റ്റേഷനുകള്‍.

മഴ കഴിഞ്ഞ സമയമാണെങ്കില്‍ റെയില്‍വേ ട്രാക്കൊഴികെ മറ്റെല്ലായിടത്തും പച്ചപ്പായിരിക്കും. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ അതിരാവിലത്തെ യാത്രയില്‍ മഞ്ഞും തണുപ്പുമുണ്ടാകും. കാഴ്ചയ്ക്കു നിറം കൂടുകയും ചെയ്യും. നിലമ്പൂരില്‍നിന്ന് അനന്തപുരിയിലേക്കു കുതിക്കുന്ന രാജ്യറാണി എക്‌സ്പ്രസും ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചറും ഉള്‍പ്പെടെയുള്ള വണ്ടികള്‍ ദിനംപ്രതി ആറുതവണ ഇതുവഴി സര്‍വിസ് നടത്തുന്നുണ്ട്. തണല്‍മരങ്ങളെ തഴുകിയും തലോടിയും കുതിച്ചുനീങ്ങുന്ന ട്രെയിന്‍ ഒടുവില്‍ ഒരു കിതപ്പോടെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രയവസാനിപ്പിക്കും. നിലമ്പൂരിലെ കാഴ്ചകള്‍ ഇവിടെ തുടങ്ങുകയായി. തീവണ്ടിയില്ലാത്ത സമയത്ത് ആ പാതയിലൂടെ ദൂരേക്കു നോക്കുമ്പോള്‍ കാണുന്ന ദൃശ്യം ഉള്ളം കുളിര്‍പ്പിക്കുന്ന ഒന്നാണ്.

 

ചരിത്രത്തില്‍നിന്നൊരു ചൂളംവിളി

90 വര്‍ഷം മുന്‍പ് ചരിത്രത്തിലേക്കൊരു ചൂളംവിളിയുമായാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ ട്രെയിന്‍ സര്‍വിസ് തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാതകളിലൊന്നാണിത്. നിലമ്പൂരില്‍ സമൃദ്ധമായി വളര്‍ന്നുകൊണ്ടിരിക്കുന്ന തേക്കുകളുടെ അന്താരാഷ്ട്ര വാണിജ്യ സാധ്യത മനസിലാക്കി, അവയെ ബ്രിട്ടനിലേക്കു കടത്തിക്കൊണ്ടുപോവാനായി സായിപ്പുമാരാണ് ഈ തീവണ്ടിപ്പാത നിര്‍മിച്ചത്. 1921ല്‍ ഗതാഗതം ആരംഭിച്ച പാതയുടെ ദൈര്‍ഘ്യം 1927 ഫെബ്രുവരിയിലായിരുന്നു ഷൊര്‍ണൂരില്‍നിന്ന് അങ്ങാടിപ്പുറം വരെ നീട്ടിയത്.
1943ല്‍ രണ്ടാംലോക മഹായുദ്ധകാലത്ത് നിലമ്പൂരിലെ തേക്കുതോട്ടത്തില്‍നിന്ന് ഒട്ടേറെ മരത്തടികള്‍ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയതു കടത്തിയതും ഈ പാതയിലൂടെയായിരുന്നുവെന്നു ചരിത്രം പറയുന്നു. മധ്യകേരളത്തില്‍നിന്ന് നിലമ്പൂര്‍ മേഖലയിലേക്കു കുടിയേറ്റം വ്യാപിച്ചതോടെ പാതയുടെ പ്രാധാന്യവും വര്‍ധിച്ചു. ഇന്ന് പ്രദേശത്തുകാര്‍ മറ്റു വാഹനങ്ങളെക്കാള്‍ സര്‍വസാധാരണമായി ട്രെയിനുകളെ ആശ്രയിക്കുന്നതും ഈ പാതയുടെ ജനപ്രീതി വിളിച്ചോതുന്നതാണ്.

 

തേക്കുമ്യൂസിയം

രാജ്യറാണിയുടെ രാജകീയ കവാടത്തില്‍ ട്രെയിനിറങ്ങി ആദ്യം തേക്ക് മ്യൂസിയത്തിലേക്കു പോകാം. ഇതിനായി റെയില്‍വേ സ്റ്റേഷനു പുറത്തുള്ള ബസ്‌സ്റ്റോപ്പില്‍നിന്ന് നിലമ്പൂര്‍ സ്റ്റാന്‍ഡിലേക്ക് ബസ് കയറണം. സ്റ്റാന്‍ഡില്‍നിന്ന് വഴിക്കടവ് റൂട്ടിലേക്കുള്ള ബസ് കയറിയാല്‍ തേക്ക് മ്യൂസിയത്തിനു മുന്നിലിറങ്ങാം. താല്‍പര്യമുള്ളവര്‍ക്ക് ഓട്ടോയോ ടാക്‌സിയോ വിളിച്ചു നേരിട്ടും മ്യൂസിയത്തിലേക്കു പോകാം. തണുപ്പിന്റെ പറുദീസയായ ഊട്ടിയിലേക്കുള്ള ഹൈവേയിലൂടെയാണു തേക്ക് മ്യൂസിയത്തിലേക്കുള്ള യാത്ര.
വേനല്‍ചൂടിലും ഒരു ചെറിയ കുളിര്‍തെന്നല്‍ നമ്മെ മെല്ലെ തൊട്ടുണര്‍ത്താനെത്തും. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഏറെയുള്ള റൂട്ടാണിത്. മിനിമം ചാര്‍ജില്‍ മ്യൂസിയത്തിനടുത്ത് ബസിറങ്ങിയാല്‍ 40 രൂപ കൊടുത്ത് മ്യൂസിയത്തിനകത്തേക്കു പ്രവേശിക്കാം. കവാടം മുതല്‍ നിങ്ങളെ സ്വീകരിക്കാനായി ഒരുപാട് വാനരകുടുംബങ്ങള്‍ കാത്തിരിപ്പുണ്ടാകും. അവിടത്തെ മതിലുകളില്‍ ചാടിമറിഞ്ഞും മുളന്തണ്ടുകളില്‍ തൂങ്ങിയാടിയും അവയങ്ങനെ സൈ്വര്യവിഹാരം നടത്തുന്ന കാഴ്ച കൗതുകകരമാണ്.
മ്യൂസിയം വളപ്പില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആദ്യം മ്യൂസിയത്തിനകത്തു കയറി പലതരം കാഴ്ചകള്‍ കാണണം. തേക്കുകളുടെ ചരിത്രവും ജീവശാസ്ത്രവും വര്‍ത്തമാനവും പരിചയപ്പെടുത്തുന്നതിനായുള്ള ഒരിടമാണിത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ഈ മ്യൂസിയം ഒരുപക്ഷേ ലോകത്തിലെത്തന്നെ ഏക തേക്ക് മ്യൂസിയമായിരിക്കും. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു തേക്കുമരത്തിന്റെ വേരുപടലമാണ് നമ്മെ അകത്തേക്കു സ്വാഗതം ചെയ്യുക. തേക്കിന്റെ ഉശിരന്‍തടിയും തടിയില്‍ തീര്‍ത്ത ഉരുവും പത്തായപ്പുരയും തേക്ക് തൂണുകളുമെല്ലാം മുന്നോട്ടുപോവുന്തോറും നമ്മുടെ കാഴ്ചയില്‍പെടും. തേക്കിന്റെ വിസ്മയലോകത്തുനിന്നു പുറത്തിറങ്ങുന്ന നമ്മെ കാത്തിരിക്കുന്നതു ജൈവവൈവിധ്യങ്ങളുടെ കലവറയായ ഉദ്യാനമാണ്.
കുരുന്നുയാത്രക്കാര്‍ക്കു വിനോദം പകരാനായി ഊഞ്ഞാല്‍, ചെറിയ റൈഡുകള്‍, സീസോ തുടങ്ങിയവയെല്ലാമുണ്ട്. തൊട്ടപ്പുറത്ത് കൂറ്റന്‍ വള്ളിപ്പടര്‍പ്പുകളിലും തൂങ്ങിയാടാനും കഴിയും. മുന്നോട്ടുനീങ്ങിയാല്‍ ഔഷധോദ്യാനം, അപൂര്‍വവും വിലയേറിയതുമായ പൂക്കളും ചെടികളും വളരുന്ന ആരാമം അങ്ങനെയങ്ങനെ ഹൃദ്യമായ കാഴ്ചകള്‍ ഒട്ടേറെയുണ്ട്. ഉദ്യാനത്തിനു സമീപമുള്ള ലൈറ്റ്ഹൗസില്‍ കയറിയാല്‍ മ്യൂസിയം വളപ്പിലെ വിശാലമായ കാഴ്ചകള്‍ കാണാം.

 

കനോലി പ്ലോട്ടും ആഢ്യന്‍പാറയും

മ്യൂസിയത്തില്‍ നിന്നിറങ്ങിയാല്‍ അടുത്ത കേന്ദ്രം കനോലി പ്ലോട്ടാണ്. മഞ്ചേരി റൂട്ടിലേക്കുള്ള ബസില്‍ പോയാല്‍ പ്ലോട്ടിനു മുന്നിലിറങ്ങാം. ലോകത്തെ ഏറ്റവുമാദ്യത്തെ മനുഷ്യനിര്‍മിത തേക്കുതോട്ടമാണിത്. 1846ല്‍ മലബാര്‍ കലക്ടറായിരുന്ന എച്ച്.വി കനോലിയുടെ നിര്‍ദേശപ്രകാരം ചാത്തുമേനോന്‍ എന്ന വ്യക്തിയാണ് ഇത്രയധികം തേക്കുകള്‍ നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരത്ത് വച്ചുപിടിപ്പിച്ചതത്രേ. 25 രൂപയുടെ ടിക്കറ്റെടുത്ത് തേക്കുകള്‍ കുളിരും തണലും വര്‍ഷിക്കുന്ന ഒരു നീണ്ട നടപ്പാതയിലൂടെ കുറച്ചുദൂരം മുന്നോട്ടു നടക്കണം. പുഴക്കു കുറുകെ നിര്‍മിച്ച ഒരു നീണ്ട തൂക്കുപാലമുണ്ട്. പുഴയുടെ ഇരുവശങ്ങളിലും കുഞ്ഞോളങ്ങള്‍ തഴുകിയൊഴുകുന്ന കാഴ്ചയും ഒരുഭാഗത്ത് കുറുവന്‍പുഴ ചാലിയാറിനെ ചുംബിച്ചുചേരുന്നതും കണ്ടു തൂക്കുപാലത്തിലൂടെ നടന്നുനീങ്ങിയാല്‍ തേക്കുകളുടെ ആ വിശാലമായ സാമ്രാജ്യത്തിലെത്താം.
ഡിസംബറിലാണു യാത്രയെങ്കില്‍ തണുപ്പ് ശരീരത്തിലേക്ക് അരിച്ചുകയറുന്നത് അനുഭവിക്കാനാവും. വേനല്‍കാലത്തും ഈ തേക്കിന്‍കാട്ടില്‍ തണുപ്പിനും തണലിനും ഒരു കുറവുമില്ല. പ്ലോട്ടില്‍ ആകാശം മുട്ടെ തലയുയര്‍ത്തി പ്രൗഢിയോടെ നില്‍ക്കുന്ന തേക്കുമരങ്ങളാണു നമ്മെ സ്വാഗതം ചെയ്യുക. ഓരോന്നിനും ഓരോ തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഓരോ തേക്കുകളെക്കുറിച്ചുമുള്ള വിവരങ്ങളും അതിനോടുചേര്‍ന്ന് ഒരു ചെറിയ ബോര്‍ഡില്‍ എഴുതിവച്ചിട്ടുള്ളതു വിജ്ഞാനപ്രദമാണ്. കനോലി പ്ലോട്ടിന്റെ ഒരു ലഘുചരിത്രവും ഇത്തരത്തില്‍ വായിച്ചെടുക്കാനാവും. 49.2 മീറ്റര്‍ ഉയരവും 429 സെ.മീ വണ്ണവുമുള്ള 23-ാം നമ്പര്‍ തേക്കുമരമാണ് അതിലെ ഏറ്റവും ഭീമാകാരന്‍.
അഞ്ചരയേക്കറിലേറെ വ്യാപിച്ചുകിടക്കുന്ന ആ തേക്കിന്‍കാട്ടില്‍ 117 തേക്കുകളുണ്ട്. ഓരോ മരത്തിനുചുറ്റും ആളുകള്‍ വട്ടംചുറ്റി നിന്നു നോക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുന്നതു പതിവാണ്. വിശാലമായ കാട്ടിലൂടെ ചുറ്റിത്തിരിഞ്ഞു നടന്നാല്‍ സമയം പോവുന്നതറിയില്ല. ശുദ്ധവായു ശ്വസിച്ചും തേക്കുകളുടെ വിസ്മയകാഴ്ചകള്‍ കണ്ടും അവിടത്തെ കുളിര്‍പാതകളിലൂടെയങ്ങനെ നടന്നുനീങ്ങാം. ഇരുന്നു വിശ്രമിക്കാനായി ഇവിടെ ചെറിയ ചെറിയ കുടിലുകള്‍ പോലുള്ളവ നിര്‍മിച്ചിട്ടുണ്ട്. തൊട്ടപ്പുറത്ത് ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകിതിമിര്‍ക്കുകയാണു ചാലിയാര്‍പുഴ. അപകടസാധ്യതകള്‍ കണക്കിലെടുത്തു പുഴയിലേക്ക് സന്ദര്‍ശകരെ ഇറങ്ങാന്‍ അനുവദിക്കാതെ വേലികെട്ടി തിരിച്ചിട്ടുണ്ട്.
കനോലി പ്ലോട്ടും തേക്ക് മ്യൂസിയവും മാത്രമല്ല, നിലമ്പൂരില്‍നിന്ന് 15 കിലോമീറ്ററോളം അകലെ ആഢ്യന്‍പാറ വെള്ളച്ചാട്ടവും തേക്കുകളുടെ നാട്ടിലെ സുന്ദരക്കാഴ്ചകളിലൊന്നാണ്. ചാലിയാര്‍ പഞ്ചായത്തില്‍ കാഞ്ഞിരപ്പുഴയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കനോലി പ്ലോട്ടിലെയും തേക്ക് മ്യൂസിയത്തിലെയും കാഴ്ചകള്‍ കണ്ടു സമയം കിട്ടുമെങ്കില്‍ ആഢ്യന്‍പാറയിലേക്കും നീങ്ങാം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.