2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ജസ്റ്റിസ് ലളിത് പിന്‍മാറി

 

യു.എം മുഖ്താര്‍#
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി സുപ്രിംകോടതി മുന്‍പാകെയുള്ള കേസ് ഈ മാസം 29ലേക്കു മാറ്റി. അഞ്ചംഗബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്‍മാറിയതിനെതുടര്‍ന്നാണ് കേസ് നീട്ടിവച്ചത്. ഇന്നലെ കേസിന്റെ വാദം കേള്‍ക്കവെ സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജസ്റ്റിസ് ലളിതിന്റെ പിന്‍മാറ്റം. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡേ, എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങിനു വേണ്ടി 1997ല്‍ ഹാജരായത് ജസ്റ്റിസ് യു.യു ലളിതായിരുന്നു. ബാബരി മസ്ജിദിന്റെ ഭൂമിയില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ ലംഘനവുമായി ബന്ധപ്പെട്ടാണ് കല്യാണ്‍ സിങ്ങിനെതിരായ കോടതിയലക്ഷ്യക്കേസ്.
ഈ സാഹചര്യത്തില്‍ അയോധ്യാ കേസ് പരിഗണിക്കുന്ന സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് യു.യു ലളിത് ഉള്‍പ്പെട്ടതില്‍ രാജീവ് ധവാന്‍ എതിര്‍പ്പറിയിക്കുകയായിരുന്നു. രാജീവ് ധവാന്‍ എതിര്‍പ്പ് ഉന്നയിച്ചതോടെ അഞ്ചുജഡ്ജിമാരും തമ്മില്‍ ഏതാനും സമയം കൂടിയാലോചന നടത്തിയതിനു പിന്നാലെയാണ് ബെഞ്ചില്‍ നിന്നു പിന്‍മാറുന്നതായി ജസ്റ്റിസ് യു.യു ലളിത് അറിയിച്ചത്. ഇതിനുശേഷമാണ് കേസ് പരിഗണിക്കുന്നത് നീട്ടിവച്ചതായി ചീഫ് ജസ്റ്റിസ് കോടതിയില്‍ അറിയിച്ചത്. ജസ്റ്റിസ് യു.യു ലളിതിനു പകരമായി പുതിയ ജഡ്ജിയെ ഉള്‍പ്പെടുത്തി ബെഞ്ച് പുനഃസംഘടിപ്പിച്ച ശേഷമാവും 29നു കേസ് പരിഗണിക്കുക.
അതിനുമുന്‍പ് കേസിലെ കക്ഷികള്‍ രേഖകളുടെ ഇംഗ്ലിഷ് വിവര്‍ത്തനം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ അറബി, സംസ്‌കൃതം, പേര്‍ഷ്യന്‍ ഭാഷകളിലാണുള്ളത്.
ഇവ വിവര്‍ത്തനം ചെയ്യാന്‍ ഔദ്യോഗിക വിവര്‍ത്തകരെ ചുമതലപ്പെടുത്തുമെന്നും കോടതി അറിയിച്ചു. ഇവ പരിഭാഷപ്പെടുത്താന്‍ എത്രസമയമെടുക്കുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യം 29ന് മുന്‍പ് അറിയിക്കാനും രജിസ്ട്രിക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. 13,886 പേജ് വരുന്ന 88 സാക്ഷികളുടെ മൊഴികള്‍, മറ്റു 250 ഓളം രേഖകള്‍, ഓഡിയോകള്‍, പ്രിന്റ് ചെയ്തതടക്കം 13,000 ഓളം പേജുകള്‍ ഉള്‍പ്പെടെ മൊത്തം 30,000 ലേറെ പേജുകള്‍ വരുന്ന തെളിവുകളും രേഖകളും കേസുമായി ബന്ധപ്പെട്ട് കോടതിക്ക് പരിശോധിക്കേണ്ടിവരും.
ബാബരി മസ്ജിദിന്റെ ഭൂമി മൂന്നായി വീതിച്ചുള്ള 2010ലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹരജികളാണ് സുപ്രിംകോടതിയുടെ മുന്നിലുള്ളത്. കേസില്‍ ഇന്നലെ വാദം കേള്‍ക്കില്ലെന്നും അന്തിമവാദം തുടങ്ങുന്നതിന്റെ തിയതി നിശ്ചയിക്കുക മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 29നു കേസ് പരിഗണനയ്ക്കുവരുമ്പോഴും അന്തിമവാദം കേള്‍ക്കുന്നതിന്റെ തിയതി പ്രഖ്യാപിക്കുകയാവും ഉണ്ടാവുക. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന പ്രത്യേക സാഹചര്യത്തിലാണ് കേസില്‍ അന്തിമവാദം നടക്കുന്നത്. കേസിലെ വിധി എന്തായാലും അത് വന്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.