2017 August 21 Monday
ആരോഗ്യമുള്ള ശരീരം ആത്മാവിന് അതിഥി മുറിയാണ്. അനാരോഗ്യമുള്ള ശരീരമോ, ജയിലും
ഫ്രാന്‍സിസ് ബേക്കണ്‍

കരയില്‍ വന്ന് കന്നിയംഗം: ചാമ്പ്യന്‍ഷിപ്പ് കിട്ടിയ പ്രതീതിയില്‍ ലക്ഷദ്വീപ്

കോഴിക്കോട്: ഇനി രണ്ടു ദിവസം കവരത്തിക്കാര്‍ക്ക് ഉറക്കമില്ലാത്ത ദിവസങ്ങളാണ്. ദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായി സന്തോഷ് ട്രോഫി കളിച്ച തങ്ങളുടെ പ്രിയതാരങ്ങള്‍ക്കുള്ള സ്വീകരണം ഒരുക്കുന്നതിന്റെ തിരക്കിലാണ് നാട്ടുകാരെല്ലാം. 13നാണ് ലക്ഷദ്വീപ് ടീം നാട്ടിലേക്ക് തിരിക്കുന്നത്. ടീമിനെ സ്വീകരിക്കാന്‍ കവരത്തിയില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. ഫുട്‌ബോള്‍ തെല്ലും വശമില്ലാത്ത ടീമായിട്ടായിരുന്നു ലക്ഷദ്വീപ് സന്തോഷ് ട്രോഫി കളിക്കാനെത്തിയത്. ഫുട്‌ബോള്‍ ആസ്വാദകരുടെ ഹൃദയവും കവര്‍ന്നിട്ടാണ് അവര്‍ തിരിച്ച് പോകുന്നത്. ലക്ഷദ്വീപ് കളിച്ച മത്സരത്തിലെല്ലാം കാണികള്‍ ലക്ഷദ്വീപിനു വേണ്ടി ആര്‍ത്തു വിളിച്ചു.

ആശങ്കയോടെ ഇറങ്ങിയ ആദ്യ മത്സരങ്ങളെല്ലാം തോറ്റു. പുറത്തായെങ്കിലും ഇന്ന് തെലങ്കാനയെ അവസാന അങ്കത്തില്‍ കീഴ്‌പ്പെടുത്തിയാണ് മടക്കം (1-0). കോഴിക്കോട്ടുകാരനായ ദീപകിനെ കോച്ചായി കിട്ടിയതോടെയാണ് ലക്ഷദ്വീപിന്റെ ഫുട്‌ബോള്‍ സങ്കല്‍പങ്ങള്‍ ആകെ മാറിയത്. വെറുതെ സന്തോഷ് ട്രോഫിയില്‍ പങ്കെടുത്ത് പോവുകയെന്ന ലക്ഷ്യവുമായിട്ടായിരുന്നു ടീം കോഴിക്കോട്ടെത്തിയത്. ടീമംഗങ്ങള്‍ പലരും തമ്മില്‍ കാണുന്നത് തന്നെ കോഴിക്കോട്ട് നിന്നാണ്. മൂന്ന് ദിവസം മാത്രമാണ് അവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുള്ളു. എന്നിട്ടും അവര്‍ ടോട്ടല്‍ ഫുട്‌ബോള്‍ പുറത്തെടുത്തു. ദ്വീപില്‍ ചുമ്മാ പന്തു തട്ടിക്കളിക്കുക എന്നല്ലാതെ ഫുട്‌ബോളിനെ ആരും കാര്യമായെടുത്തിട്ടില്ലെന്ന് ടീം ക്യാപ്റ്റന്‍ ഇസ്മയില്‍ പറയുന്നു. ഇത് വലിയ ഒരു തുടക്കമാണ്. ഞങ്ങള്‍ ഫുട്‌ബോള്‍ എന്താണെന്ന് പഠിക്കുന്നത് തന്നെ ഇവിടെ നിന്നുമാണ്. ഫുട്‌ബോള്‍ കളിക്കാന്‍ മതിയായ ഗ്രൗണ്ടോ സൗകര്യമോ ഇല്ലാത്ത ദീപില്‍ കവരത്തിയില്‍ മാത്രമാണ് ഫുട്‌ബോള്‍ നടക്കുന്നത്. അവിടെ കവരത്തി ലീഗ് എന്ന പേരില്‍ ഫുട്‌ബോളുണ്ട്.

ചെറിയ മണല്‍ ഗ്രൗണ്ടില്‍ ഒമ്പത് പേരുമായിട്ടായിരിക്കും ഈ മത്സരം നടക്കുകയെന്ന് ഇസ്മയില്‍ പറഞ്ഞു. പ്രഫഷണല്‍ ഫുട്‌ബോളിനോട് ഒരു ബന്ധവുമില്ലാത്ത ടീമായിട്ടും ലക്ഷദ്വീപ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തമിഴ്‌നാടിനോടും സര്‍വീസസിനോടും പൊരുതിതന്നെയാണ് ലക്ഷദ്വീപ് കീഴടങ്ങിയത്. കളി കാണാന്‍ ദ്വീപില്‍ നിന്നും നിരവധി പേര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് ഫുട്‌ബോളില്‍ ഭാവിയുണ്ടെന്ന് മനസിലാക്കിയ ലക്ഷദ്വീപ് ഫുട്‌ബോള്‍ അസോസിയേഷന്‍ നാട്ടില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇനി ഫുട്‌ബോളായിരിക്കും നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ഇനമെന്നും ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ലക്ഷദ്വീപ് ടീമിനെ കണ്ട് അമ്പരന്നു പോയെന്നാണ് ഇവരെ പരിശീലിപ്പിച്ച കോച്ച് ദീപകിന് പറയാനുള്ളത്. തന്റെ 25 വര്‍ഷത്തെ കരിയരില്‍ ആദ്യമായിട്ടാണ് ഇത്രയും അര്‍പ്പണ ബോധമുള്ള കളിക്കാരെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.