2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുവൈത്തിലെ സൂഫിവര്യന്‍

ഡോ. പി.എ.ഇബ്രാഹിം ഹാജി

 

ശനിയാഴ്ച രാവിലെ കോഴിക്കോട്ടെ വസതിയില്‍ എന്നെ സന്ദര്‍ശിച്ച കബീര്‍ ബാഖവിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മകന്‍ സല്‍മാന്‍ ആ ദുഃഖവാര്‍ത്ത അറിയിച്ചത്. ശെയ്ഖ് യൂസുഫ് ഹാഷിം അല്‍രിഫായി ഈ ലോകത്തോട് വിട പറഞ്ഞെന്ന്. വിശ്വപ്രശസ്തനായ സൂഫിവര്യന്‍ ആയിരുന്നു അദ്ദേഹം. നാലു വര്‍ഷം മുന്‍പാണ് നടുവേദന കാരണം ജര്‍മനിയില്‍ ഓപറേഷന് പോകുന്ന കാര്യം എന്നോടു പങ്കുവച്ചത്. ആയുര്‍വേദ ചികിത്സ ചെയ്തു നോക്കിക്കൂടെ എന്ന് ഞാന്‍ അന്വേഷിച്ചു. അന്ന് 84 വയസ്സായിരുന്ന അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത് ചലന, സംസാര ശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. അതിന് ശേഷം സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെങ്കിലും ആരോഗ്യസ്ഥിതിയില്‍ വലിയ മാറ്റമുണ്ടായില്ല. ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.’
വളരെ ചെറിയ പ്രായത്തില്‍ തന്നെ കുവൈത്തിന്റെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായി സേവനം ചെയ്തു. അന്നത്തെ അറബ് ലോകത്തിന്റെ ആവേശമായിരുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസറുമായി കൂടിയാലോചന നടത്തിയ കാര്യം പറയാറുണ്ടായിരുന്നു. ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ശെയ്ഖ് അഹമ്മദ് രിഫായി പാരമ്പര്യത്തിലെ ഈ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ പിന്തുടര്‍ച്ചക്കാരനാണ് അദ്ദേഹം. കുവൈത്തിലെ മന്‍സൂരിയയിലുള്ള വീട്ടില്‍ അറബ്‌ലോകം, ബംഗ്ലാദേശ്, ആഫ്രിക്ക മുതലായ രാജ്യങ്ങളിലെ മതപണ്ഡിതന്മാരും അനേകം നേതാക്കളും സന്ദര്‍ശകരായി എത്തുന്ന കാഴ്ച 18 വര്‍ഷമായി ഞങ്ങളുടെ ബന്ധത്തില്‍ കണ്ടതാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ് സാഹിബ്, പ്രഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുമായി അടുത്ത ബന്ധമായിരുന്നു. പല രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ദീനീ സദസ്സുകളില്‍ പങ്കെടുക്കുന്നതും പതിവായിരുന്നു. ഇന്ത്യയെയും കേരളീയരെയും അങ്ങേയറ്റം സ്‌നേഹിച്ച വ്യക്തിയുമായിരുന്നു അദ്ദേഹം. എന്റെ നാട്ടുകാരന്‍ അബ്ദുല്ല അദ്ദേഹത്തിന്റെ ദര്‍ബാറിലെ സേവകനായി ഇന്നും ഉണ്ട്.
ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ആരംഭിക്കുന്ന കാലഘട്ടത്തില്‍ പല നിബന്ധനകളും പറയുമായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളില്‍ ഇടകലര്‍ന്നിരിക്കരുതെന്നും നന്മയിലും സദാചാരബോധത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും ഉപദേശിച്ചു. ഞങ്ങളുടെ സ്‌കൂളിനെ തൊട്ട്‌കൊണ്ടു മഹ്അദില്‍ ഈമാന്‍ എന്ന് പേരുള്ള ദീനീ സ്ഥാപനവും പള്ളിയും അദ്ദേഹത്തിന്റെ വകയായുണ്ട്. ഒരു പ്രാവശ്യം പറഞ്ഞത്, നിങ്ങളുടെ സ്‌കൂളിലെ കുട്ടികള്‍ക്ക് എന്റെ സ്ഥാപനത്തിലെ വിദ്യാര്‍ഥികളേക്കാളും ഞാന്‍ മാര്‍ക്ക് നല്‍കുന്നു, അച്ചടക്കത്തിന്റെ കാര്യത്തില്‍.
കുവൈത്തികള്‍ അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു. രാജകുടുംബങ്ങളുമായി വളരേ അടുത്ത ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ദീനീവിഷയങ്ങളിലും രാജ്യത്തിന്റെയും അന്താരാഷ്ട്ര സംഭവവികാസങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം ആരായാന്‍ തദ്ദേശികളായ അറബികള്‍ വരുന്ന കാഴ്ച എല്ലായിപ്പോഴും കാണാമായിരുന്നു. ധര്‍മത്തിനും അറിവിനും അദ്ദേഹം നല്‍കിയ പ്രാധാന്യം കാരണം ജനങ്ങള്‍ അദ്ദേഹത്തിന്റെ ദീവാനിയില്‍ നിത്യ സന്ദര്‍ശകരായിരുന്നു. ഏതാനും വര്‍ഷം മുന്‍പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ മാലിക് ഇബ്‌നു ദീനാറിന്റെ മഖ്ബറയില്‍ പോയി പണ്ട് ആലേഖനം ചെയ്ത എഴുത്തുകളും തിയ്യതികളും ഒരു ചരിത്ര വിദ്യാര്‍ഥിയെ പോലെ നോക്കിക്കണ്ടതു കൗതുകത്തോടെ ഞാന്‍ വീക്ഷിച്ചിരുന്നു. കുടുംബത്തിലെ ഒരു കാരണവര്‍ നഷ്ടപ്പെട്ട അനുഭവമാണ് എനിക്കിന്ന്.
രാവിലെ 10മണി വരെ എന്നും വായനയില്‍ മുഴുകുക പതിവായിരുന്നു. ദീനീവിഷയത്തില്‍ വലിയ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും സലഫികളും മറ്റുള്ള പ്രസ്ഥാനങ്ങളുമായി നല്ല വ്യക്തി ബന്ധം പുലര്‍ത്തിയത് എടുത്തു പറയേണ്ട കാര്യമാണ്. കുവൈത്തില്‍ അറബികളുടെ പൊതുവായ രീതി, പ്രത്യേക ദിവസങ്ങളിലും പ്രത്യേക സമയത്തും ദീവാനി തുറന്നിടലാണ്. പക്ഷെ, സയ്യദ് യൂസുഫ് അല്‍രിഫായിയുടെ മജിലിസ് അദ്ദേഹം രാജ്യത്തുണ്ടാകുമ്പോള്‍ അര്‍ധരാത്രി വരെ തുറന്നുകിടക്കുമായിരുന്നു.
അനുശോചനത്തിനായി മൂന്ന് ദിവസം ദീവാനിയില്‍ ദുഃഖാര്‍ഥരായ മക്കള്‍ ആയിരങ്ങളെയാണ് സ്വീകരിച്ചത്. ഞാന്‍ ചെന്നപ്പോള്‍ അബൂദബിയിലെ ശൈഖിന്റെ ഉപദേശകന്‍ അലി അല്‍ ഹാഷിമി ദീര്‍ഘനേരം അവിടെ ചെലവഴിക്കുന്നുണ്ടായിരുന്നു. യു.എ.ഇയുടെ വിവിധ ഇമാറാത്തിലെ ശൈഖ് കുടുംബങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ പേരമകന്‍ ഉസാമ അല്‍ ഷാഹീന്‍ കുവൈത്ത് പാര്‍ലമെന്റ് മെമ്പറാണ്. വേറൊരാള്‍ കുവൈത്ത് അംബാസഡറും. മൂത്തമകന്‍ ഡോ. യാക്കൂബ് അല്‍ രിഫായി ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനും മുഹമ്മദ് രിഫായി സുപ്രീം കോടതി ജഡ്ജിയുമാണ്. അല്ലാഹു അദ്ദേഹത്തെ ആഖിറത്തില്‍ ഉയര്‍ന്ന പദവി നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.